2013, ജൂൺ 9, ഞായറാഴ്‌ച

സഈദ് റമദാന്‍ ബൂത്വി ധൈഷണിക വസന്തമായിരുന്നു

(തെളിച്ചം മാസികയുടെ 2013 മെയ്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

പോയമാസം പശ്ചിമക്കാഴ്ചയുടെ ദൃഷ്ടിയില്‍ പതിഞ്ഞ പ്രധാന സംഭവം ഡമാസ്കസിലെ മസ്ജിദുല്‍ ഈമാനില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു. ഈ കാലഘട്ടത്തിലെ എണ്ണം പ്പറഞ്ഞ പണ്ഡിതന്‍മാരിലൊരാളായ ശൈഖ് ഡോ. മുഹമ്മദ്‌ സഈദ്‌ റമദാന്‍ അല്‍-ബൂത്വിയുടെ മരണവാര്‍ത്ത മുസ്‌ലിം ലോകം ഏറെ ഞെട്ടലോടെയും ദു:ഖത്തോടെയാണ് ശ്രവിച്ചത്. ടുണീഷ്യയെയും ഈജിപ്തിനെയും ലിബിയയെയും തല്ലിതലോടി കടന്നുപോയ അറബ് വസന്തത്തിന്റെ കാറ്റ്‌ കഴിഞ്ഞ രണ്ടു വര്‍ഷമായി സിറിയയില്‍ ആഞ്ഞുവീശിയപ്പോള്‍ സംഭവിച്ച ദുരന്തക്കാഴ്ചയിലെ മറ്റൊരു അധ്യായമാണ് ശൈഖ് അല്‍-ബൂത്വിയുടെ കൊലപാതകം.
അശ്അരി വിശ്വാസ സരണിയും ശാഫിഈ കര്‍മ്മശാസ്ത്ര വഴിയും സ്വീകരിച്ച പാരമ്പര്യ ഇസ്‌ലാമിക പണ്ഡിതനായിരുന്നു ബൂത്വി. ഇസ്‌ലാമിക ചിന്താമണ്ഡലത്തെ അക്ഷരവാദികളായ സലഫികളും രാഷ്ട്രീയവത്കൃത ഇസ്‌ലാമിന്റെ വക്താക്കളും റാഞ്ചിയെടുക്കാതിരിക്കാനും പാരമ്പര്യ ഇസ്‌ലാമിക ചിന്തകള്‍ ആധികാരികമായി അവതരിപ്പിക്കാനും അക്ഷീണം യത്നിച്ച ഒരു മഹാപണ്ഡിത പ്രതിഭയായിരുന്നു ഡോ. റമദാന്‍ അല്‍-ബൂത്വി. ഇസ്‌ലാം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ഇസ്‌ലാമിക പാഠങ്ങള്‍ തന്റെ ചിന്തകളിലൂടെയും രചനകളിലൂടെയും ലോകത്തിനു മുന്നില്‍ വെക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവന്നത് അവിതര്‍ക്കിതമാണ്.
വൈജ്ഞാനിക യാത്ര
നാലു വയസ്സ് പ്രായമുള്ളപ്പോള്‍ പിതാവ്‌ ശൈഖ് മുല്ലാ റമദാന്‍ ബൂത്വിയോടൊപ്പം തുര്‍ക്കിയില്‍ നിന്നും ദമാസ്കസിലേക്ക് കുടിയേറിയതാണ് ബൂത്വി. മൂന്ന് ഭാഗവും ടൈഗ്രീസ് നദിയാല്‍ ചുറ്റപ്പെട്ട തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി പ്രദേശമായ ഇബ്നു ഉമര്‍ ദ്വീപിലെ ജലീക ഗ്രാമത്തില്‍ നിന്നും കമാലിസ്റ്റ് മതനിരാസത്തിന്റെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെടാനായി സിറിയിലെത്തിയവരാണ് ബൂത്വിയുടെ കുടുംബം. പാരമ്പര്യ ഇസ്‌ലാമിക വൈജ്ഞാനീയങ്ങള്‍ പിതാവില്‍ നിന്ന് തന്നെ അഭ്യസിച്ച ബൂത്വി ചെറുപ്പത്തിലേ ഖുര്‍ആന്‍ പുറമേ അല്‍ഫിയ്യ ബിന്‍ മാലിക്‌ പോലുള്ള വ്യാകരണ ഗ്രന്ഥങ്ങളും മനപ്പാഠമാക്കിയിരുന്നു.
പ്രാഥമിക-സെക്കന്ററി വിദ്യാഭാസം ദമാസ്കസില്‍ തന്നെ പൂര്‍ത്തിയാക്കിയ ബൂത്വി ഉന്നത പഠനത്തിനു തെരഞ്ഞെടുത്തത്‌ ഈജ്ജിപ്തിലെ അല്‍-അസ്ഹര്‍ സര്‍വകലാശാലയായിരുന്നു. അവിടെ നിന്നും ഡിപ്ലോമയും ബിരുദവും പൂര്‍ത്തിയാക്കിയ അദ്ദേഹം 1965-ല്‍ അസ്ഹറില്‍ നിന്നു തന്നെ ഡോക്ടറേറ്റും നേടി.
ദമാസ്കസ് സര്‍വകലാശാലയിലെ ശരീഅത്ത്‌ ഫാക്കല്‍റ്റിയില്‍ അധ്യാപകനായി ഒദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് അതിന്റെ വൈസ്‌ ഡീനും ശേഷം ഡീനുമായി നിയമിക്കപ്പെട്ടു. ദമാസ്കസിലെ വിവിധ പള്ളികളില്‍ അദ്ദേഹം ദിനേനയെന്നോണം പ്രാഭാഷണങ്ങള്‍ നടത്തിയിരുന്നതായി യൂണിവേര്‍സിറ്റിയില്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഷാര്‍ജ യൂണിവേഴ്സിറ്റിയിലെ ലക്ചര്‍ ഡോ. മുഹമ്മദ്‌ ഫത്‌ഹീ റാശിദ് അല്‍-ഹരീരി ശൈഖ് ബൂത്വിയെക്കുറിച്ചുള്ള തന്റെ ഓര്‍മ്മക്കുറിപ്പില്‍ രേഖപ്പെടുത്തുന്നു. അക്കാദമിക രംഗങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന ഇക്കാലയളവില്‍, അദ്ദേഹത്തിന്റെ മരണത്തിന് സാക്ഷ്യംവഹിച്ച മസ്ജിദുല്‍ ഈമാനും അമവി ഭരണാധികാരിയായ വലീദ് ബിന്‍ അബ്ദുല്‍ മാലിക് നിര്‍മിച്ച സിറിയയിലെ ഏറ്റവും പ്രസിദ്ധമായ അമവി മസ്ജിദിലും ഉള്‍പ്പെടെ വിവിധ മസ്ജിദുകളില്‍ വൈജ്ഞാനിക സദസ്സുകള്‍ക്ക് അദ്ദേഹം നേത്രത്വം നല്‍കി.
അന്താരാഷ്ട്ര തലത്തില്‍ വിവിധ സമ്മേളനങ്ങളിലും സെമിനാറുകളിലും സ്ഥിര സാന്നിധ്യമായിരുന്ന അദ്ദേഹം പല കൂട്ടായ്മകള്‍ക്കും നേത്രത്വം നല്‍കി. ആല്‍ അല്‍-ബൈത്ത് ഫൌണ്ടേഷന്‍ ഫോര്‍ ഇസ്‌ലാമിക് തോട്ട് അമ്മാന്‍, ജോര്‍ദാന്‍, ത്വാബ ഫൗണ്ടേഷന്‍, അബുദാബി, ഓക്സ്ഫോര്‍ഡ് അക്കാദമിക് കൌണ്‍സില്‍ തുടങ്ങിയവയിലോക്കെയും പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അദ്ദേഹത്തിന് 2004-ല്‍ മികച്ച ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ ലഭിച്ചു. അറബിക്കു പുറമേ, തുര്‍ക്കി, കുര്‍ദു ഭാഷകളില്‍ അവഗാഹം ഉണ്ടായിരുന്ന അദ്ദേഹത്തിനും ഇംഗ്ലീഷും വശമുണ്ടായിരുന്നു.
രചനയും കാഴ്ചപ്പാടും
സൂഫി ചിന്താധാരയോടു ആഭിമുഖ്യം പുലര്‍ത്തിയ തന്റെ പിതാവിനെ പിന്‍പറ്റി അതേ വഴിയില്‍ തന്നെയാണ് ശൈഖ് റമദാനും സഞ്ചരിച്ചത്. 84 വയസ്സുവരെയുള്ള തന്റെ ജീവിതത്തിനിടയില്‍ അറുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തെ സമകാലികരില്‍ പലരും സാദൃശ്യപ്പെടുത്തുന്നത് ഇമാം ഗസാലിയോടാണ്. നിശ്ശബ്ദ വൈജ്ഞാനിക വിപ്ലവത്തിനാണ് ബൂത്വി മുന്‍ഗണന നല്‍കിയത്‌. ഒരേസമയം ഇസ്‌ലാമിനുള്ളിലെ അവാന്തര വിഭാഗങ്ങളെയും അതേപ്രകാരം ഇസ്‌ലാമിക വിരുദ്ധ ചിന്താഗതികളെയും അക്കാദമികമായി നേരിടുന്നതില്‍ അദ്ദേഹം ശ്രദ്ധ കാണിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാവും.
അസ്സലഫിയ്യ: മര്‍ഹല സമനിയ്യ മുബാറക, ലാ മദ്ഹബ് ഇസ്‌ലാമി (സലഫിസം: അനുഗ്രിഹീത കാലഘട്ടമാണ്; ഇസ്‌ലാമിക സരണിയല്ല),അല്ലാമദ്ഹബിയ്യ അഖ്തര്‍ ബിദ്അ തുഹദ്ദിദു അല്‍-ശരീഅ അല്‍-ഇസ്‌ലാമിയ്യ (മദ്ഹബ് നിരകാരണം: ഇസ്‌ലാമിക ശരീഅത്തിനെ അപായപ്പെടുത്തുന്ന ഏറ്റവുംവലിയ അനാചാരം) എന്നീ രണ്ടു ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക പൊതുധാരയില്‍ നിന്നും വ്യത്യസ്ത നിലപാട്‌ സ്വീകരിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയും സന്ദേശവുമാണ്. ആദ്യത്തെ ഗ്രന്ഥത്തില്‍ പ്രത്യേകമായ ഒരു രൂപവും ഭാവവും സൃഷ്ടിച്ചു ഇസ്‌ലാമിക മുഖ്യധാരയില്‍ നിന്ന് വേറിട്ട്‌ നില്‍ക്കാന്‍ ശ്രമിക്കുന്ന സലഫിസത്തിന്റെ നിലപാടുകളെ തെളിവുകളുടെ വെളിച്ചത്തില്‍ അദ്ദേഹം വിചാരണക്ക്‌ വിധേയമാക്കുന്നു.
ഇസ്‌ലാമിന്റെ ആധികാരിക ഉറവിടങ്ങളെ മനസ്സിലാക്കുന്നതിലും വിശദീകരിക്കുന്നതിലും ഹിജ്റയുടെ ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന സലഫുകളുടെ മാര്‍ഗമാണ് തങ്ങള്‍ പിന്തുടരന്നതെന്നും മറ്റുള്ളവര്‍ സല്ഫിന്റെ മാര്‍ഗത്തില്‍ നിന്ന് അകലെയാണെന്നുമുള്ള സലഫി കാഴ്ചപ്പാട് നിരാകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത് അടിസ്ഥാന തെളിവുകള്‍ മനസ്സില്ലാക്കുന്നതില്‍ സലഫുകള്‍ മാത്രമായി ഒരു പ്രത്യേക നിലപാട് കൈകൊണ്ടിട്ടില്ലെന്നും സലഫും ഖലഫും (ശേഷം വന്നവര്‍) ഇക്കാര്യത്തില്‍ ഓരോ നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഓരോ കാലഘട്ടത്തിലും സംഭവിച്ച മാറ്റങ്ങള്‍ക്കും ജീവിതപുരോഗതിക്കും അനുസൃതമായി സലഫിന്റെ കാലഘട്ടത്തില്‍ തന്നെയുണ്ടായ വീക്ഷണ വ്യതാസങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ശൈഖ് ബൂത്വി അവര്‍ ഒരിക്കലും അവരുടെ വാക്കുകളുടെ കേവല അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നവരായിരുന്നില്ല. മറിച്ചു, ഉസൂലുകളുടെ (അടിസ്ഥാന ശാസ്ത്രം) അടിസ്ഥാനത്തില്‍ നിയമങ്ങള്‍ കണ്ടെത്താനു അവര്‍ ശ്രമിച്ചത്‌. മുസ്‌ലിം ലോകം എല്ലാകാലത്തും പിന്തുടരുന്നതും അത് തന്നെയാണ്. ഇല്മുല്‍ കലാം (വിശ്വാസ ശാസ്ത്രം) സംബന്ധിച്ച ഇമാം ഗസാലിയുടെയും ഇബ്നു തീമിയ്യയുടെ നിലപാടുകളെയും കര്‍ശന വിചാരണക്ക് വിധേയമാക്കുന്നുണ്ട് അദ്ദേഹം. തസവ്വുഫ്‌, തവസ്സുല്‍ എല്ലാം ഈ ഒരു നിലപാട് നിന്നുകൊണ്ട് അദ്ദേഹം ചര്‍ച്ചക്ക്‌ വിധേയമാക്കുന്നു.
യുക്തിവാദം, കമ്മ്യൂണിസം, ഭൗതികവാദം തുടങ്ങിയവക്കെതിരെയും അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. ഹേഗലിന്റെയും മാര്‍കിസത്തിന്റെയും കൂട്ടുത്പന്നമായ വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദ (Dialectical Materialism)ത്തിന്റെ പൊള്ളത്തരങ്ങള്‍ വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ കൃതിയാണ് നഖ്‌ദു അവ്ഹാമി അല്‍-മാദിയ്യ അല്‍-ജദലിയ്യ. പാശ്ചാത്യന്‍ സംസ്കാരം, ഇസ്‌ലാമിന്റെ സ്ത്രീ വീക്ഷണം, പ്രവാചക ചരിത്രം, ആധുനിക പ്രശ്നങ്ങളുടെ കര്‍മശാസ്ത്ര മാനം, മറ്റു മതക്കാരുമായുള്ള സഹവര്‍ത്തിത്വം, ഖുര്‍ആനിക വിഷയങ്ങള്‍ തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലകള്‍ കുറവാണ്.
രാഷ്ട്രീയ നിലപാടുകള്‍
ശൈഖ് ബൂത്വി ഏറ്റവും അധിക വിമര്‍ശിക്കപ്പെട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ മൂലമാണ്. ഏറ്റവും അവസാനമായി കഴിഞ്ഞ രണ്ടു വര്‍ഷമായി സിറിയയില്‍ നടക്കുന്ന ആഭ്യന്തര കലാപത്തില്‍ ബശ്ശാര്‍ അല്‍-അസദിനോപ്പം നിലകൊണ്ടത് അദ്ദേഹത്തിന് ഏറെ ശത്രുക്കളെ സൃഷ്ടിക്കുകയും ജനകീയതക്ക് പോറലെല്‍പ്പിക്കുകയും ചെയ്തു. പക്ഷേ അത്തരം നിലപാടുകള്‍ക്ക് അദ്ദേഹത്തിന് ന്യായങ്ങളുണ്ടായിരുന്നു. വ്യക്തമായ അവിശ്വാസം കണ്ടാലല്ലാതെ നിങ്ങള്‍ ഭരണാധികാരികള്ക്കെതിരെ തിരിയരുത്‌ എന്ന പ്രവാചക അധ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യമായ അത്തരമൊരു നിലപാട് സ്വീകരിക്കുന്നത് വരെ ഭരണകൂടത്തിനെതിരെ തിരിയുന്നത് തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
തന്റെ സ്വകാര്യ സംഭാഷണങ്ങളില്‍ ബഅസികള്‍ക്കെതിരെ എപ്പോഴും സംസാരിക്കാറുന്ടായിരുന്നുവേന്നു ശിഷ്യന്‍ ലക്ചര്‍ ഡോ. മുഹമ്മദ്‌ ഫത്‌ഹീ റാശിദ് അല്‍-ഹരീരി ഓര്‍ക്കുന്നു. ആദ്യകാലത്ത്‌ അദ്ദേഹം അസദീ ഭരണകൂടത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നുവെന്നു ഡോ. അല്‍ -ഹരീരി പറയുന്നു. ഭരണാധികാരികള്‍ക്കെതിരെ അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് ശക്തമായി എതിര്‍ക്കുന്നുണ്ട് 1993-ല്‍ പുറത്തിറക്കിയ അല്‍-ജിഹാദ്‌ ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ ബൂത്വി. 1982-ല്‍ ബശ്ശാറിന്റെ പിതാവ്‌ ഹാഫിദുല്‍ അസദ്‌ ഹമാ പട്ടണത്തില്‍ നടത്തിയ ഇഖ്വാനുല്‍ മുസ്ലിമീന്‍ എതിരെ നടത്തിയ സായുധ പോരാട്ടത്തില്‍ ഒട്ടനവധി പേര്‍ കൊല്ലപ്പെട്ടപോഴും ബൂത്വി സ്വീകരിച്ച നിലപാടുകള്‍ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ സായുധപോരാട്ടവും ഭരണകൂടത്തിനെതിരെയുള്ള നിലപാടുകളും കൂടുതല്‍ വിനാശത്തിനും കാരണമാവുമെന്നതു കൊണ്ട് അതിനെതെരായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്‌.
ഭരണാധികാരികളോടും നേതാക്കനമാരോടും നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് തന്റെ താല്പര്യമെന്നും പറഞ്ഞിരുന്ന ബൂത്വി അവരോടു പറഞ്ഞ കാര്യങ്ങളെകുറിച്ച് ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. ഇതാണ ഞാന്‍ ചില രാഷ്ട്രത്തലവന്മാരോടും രാജക്കന്മാരോടും പറഞ്ഞത്‌ എന്ന തലക്കെട്ടിലുള്ള രചനയില്‍ ഇരു അസദുമാരോടും ജോര്‍ദാനിലെ ഹുസൈന്‍ രാജാവിനോടും മൊറോക്കോയിലെ ഹസന്‍ രാജാവിനോടും പറഞ്ഞ കാര്യങ്ങള്‍ അദ്ദഹം വിവരിക്കുന്നു.
സിറിയന്‍ പോരാളികളെ നികൃഷ്ടര്‍ എന്ന് വിളിച്ചതും ബാശ്ശാറിന്റെ ചിത്രത്തില്‍ സുജൂദ്‌ ചെയ്യാന്‍ അസദിന്റെ സൈനികര്‍ നിര്‍ബന്ധിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അത് ഒരു വിരിപ്പായി കരുതി അതില്‍ അല്ലാഹുവിനു സുജൂദ്‌ ചെയ്‌താല്‍ മതി തുടങ്ങിയ ഫതവകളും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു സിറിയയില്‍. അതേസമയം സൈനിക മേധാവികള്‍ നിര്‍ബന്ധിച്ചാല്‍ പോലും പ്രകടനക്കാരെ കൊല്ലാന്‍ പാടില്ലെന്ന് ഒരു സൈനികന്റെ ചോദ്യത്തിനുത്തരമായി അദ്ദഹം പറയുന്നു.


മരണമോ കൊലപാതകമോ
മസ്ജിദുല്‍ ഈമാനില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ അദ്ദേഹം മാര്‍ച്ച് 21 നു കൊല്ലപ്പെട്ടുവെന്നാണ് ഒദ്യോഗിക ഭാഷ്യം. ഭരണകൂടവും പോരാളികളും പരസ്പരം പഴിചാരുന്നുണ്ട്. ശക്തമായ സുരക്ഷയുള്ള ആ പള്ളിയിലേക്ക് അത്രവേഗം കടന്നു ചെല്ലാന്‍ കഴിയില്ലെന്നിരിക്കെ ഭരണകൂടത്തിന്റെ ഒത്താശയോടെ ചെയ്തതാണ് ഇതെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്. ഇത്മായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഭരണകൂടത്തിനനുകൂലമായി സഹതാപ തരംഗമുണ്ടാക്ക്കാനും ബൂത്വിയുടെ ശിഷ്യന്മാര്‍ ഉള്‍പ്പെടുന്ന പോരാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് ഈ കൃത്യം ചെയ്തതെന്നും വിലയിരുത്തപ്പെടുന്നു.
ശൈഖ് ബൂത്വിയുടെത് സ്വാഭാവിക മരണമാണെന്നും അത് തനിക്ക് അനുകൂലമാക്കാന്‍ ഇങ്ങനെ ഒരു സ്ഫോടനം സൃഷ്ടിച്ചതാണെന്നും ഒരു ഭാഷ്യമുണ്ട്. ബൂത്വിയുടെ സതീര്‍ത്ഥ്യനും സിറിയന്‍ വിപ്ലവത്തെ അനുകൂലിക്കുന്ന അശ്അരി പണ്ഡിതനുമായ ശൈഖ് അബുല്‍ ഹുദ അല്‍-യഅഖൂബി ശര്ഖുല്‍ അവ്സത്വ് ദിനപത്രത്തോട് പറഞ്ഞത്‌ അദ്ദേഹം ബൂത്വിയുടെ അടുത്ത വലയങ്ങളുമായി നിരന്തരം സമ്പര്‍ക്കതിലായിരുന്നുവെന്നും ബശ്ശാറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ അദ്ദഹവുമായി ബന്ധപ്പെട്ടിരുന്നുവെന്നും അത്തരമൊരു നിലപാടിലേക്ക്‌ മാറാന്‍ അദ്ദേഹം തയ്യാരായിരുന്നുവേന്നുമാണ്. മലേഷ്യയില്‍ നടക്കുന്ന ഒരു ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം സമ്മതം ചോദിച്ചെങ്കിലും അസദ്‌ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും കൂറുമാറുമെന്നഭയത്താല്‍ അദ്ദേഹത്തെ വകവരുത്തിയെന്നും യഅഖൂബി പറയുന്നു. ഡോ. മുഹമ്മദ്‌ റാഷിദ്‌ ഹരീരിയും അദ്ദേഹത്തെ വധിച്ചത്‌ അസദ്‌ ഭരണകൂടമാണെന്ന നിലപാടിലാണ്.

നല്ലവനെന്നോ മോശപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ, വിശ്വാസിയോടു ചെയ്യുന്നതു കാര്യമാക്കാതെ,  ഉടമ്പടി ചെയ്തവരോടുള്ള ഉടമ്പടി പാലിക്കാതെ തന്റെ സമുദായത്തിന്റെ മേല്‍ കൊലവിളിയുമായി ഇറങ്ങി പുറപ്പെടുന്നവന്‍ എന്നില്‍ പെട്ടവനോ ഞാന്‍ അവനില്‍ പെട്ടവനോ അല്ലെന്ന (ഇമാം മുസ്‌ലിം) പ്രവാചകവചനം ഇവിടെ ഓര്‍ക്കാതെ വയ്യ. നാഥന്‍ ആ പണ്ഡിത പ്രതിഭക്ക് പോറുത്ത്‌കൊടുക്കയും അവരോടൊപ്പം നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെയെന്നു പ്രാര്‍ഥിക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ