2011, മാർച്ച് 29, ചൊവ്വാഴ്ച

അര്‍ബകാന്‍റെ രാഷ്ട്രീയം വഴികാട്ടുന്നു

"ങ്ങള്‍ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കും; ഗുരുവായും നായകനായും", തുര്‍ക്കിയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരുവിനു നേതൃത്വം നല്‍കിയ നജ്മുദ്ദീന്‍ അര്‍ബകാനെന്ന മെക്കാനിക്കല്‍ എഞ്ചിനീയരെക്കുരിക്കുറിച്ച് ഒരു കാലത്ത്‌ അദ്ദേഹത്തിന്‍റെ അടുത്ത അനുയായിരുന്ന ഇപ്പോഴത്തെ തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. ഫെബ്രുവരി 27 നു വിട പറഞ്ഞ അര്‍ബകാന്‍റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കുകൊള്ളാന്‍, പ്രധാനമന്ത്രിയായി ഒരു വര്‍ഷം തികഞ്ഞപ്പോഴേക്കും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ജയിലിലടച്ച അതേ സൈന്യത്തിന്‍റെ ജനറല്‍മാര്‍ തന്നെ കൂട്ടത്തോടെ എത്തിയതു കമാലിസ്റ്റ് ഫാഷിസത്തില്‍നിന്നും തുര്‍ക്കിയുടെ മാറ്റം അടയാളപ്പെടുത്തുന്നു. ഒപ്പം ആ മാറ്റത്തിന്‍റെ ശക്തനായ വക്താവെന്ന നിലയില്‍ അദ്ദേഹത്തോടുള്ള കാലത്തിന്‍റെ കാവ്യനീതിയും.

അര്‍ബകാന്‍റെ രാഷ്ട്രീയം കമാലിസ്റ്റ് മതവിരുദ്ധതയും വിശ്വാസ-അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ജനാധിപത്യഴിയും തമ്മിലുള്ള നിരന്തര സമരങ്ങളുടെയും അതിനിടയിലുള്ള സമരസപ്പെടലുകളുടെയും കുഴഞ്ഞുമറിഞ്ഞ ചരിത്രമാണ്. 1969 അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ 'മില്ലി ഗുരോസ്‌' - ദേശീയ വീക്ഷണം അദ്ദേഹത്തിന്‍റെ നിലപാടുകളുടെ പ്രഖ്യാപനമാണ്. ധാര്‍മികതയിലും ഇസ്‌ലാമിക വിദ്യഭ്യാസതിലും ഊന്നുന്നതോടൊപ്പം സാമ്പത്തിക സ്വാതന്ത്യ്രം, വ്യവസായവത്കരണം തുടങ്ങിയവലൂടെയുള്ള രാജ്യപുരോഗതിയായിരുന്നു അദ്ദേഹത്തിന്‍റെ മാനിഫെസ്റ്റോ വിഭാവനം ചെയ്തത്. അര ഡസനോളം രാഷ്ട്രീയ പാര്‍ട്ടികള്‍, രണ്ട്‌ പട്ടാള അട്ടിമറികള്‍,, ജയില്‍ വാസം, അവസാനം കൂടെയുള്ളവരില്‍ നല്ലൊരു വിഭാഗമായി നിലപാട് വ്യതസങ്ങളുടെ കാരണമായി വഴിപിരിയല്‍ തുടങ്ങി പലതിനും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം സാക്ഷിയായി.

ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്നു തുര്‍ക്കി ഖിലാഫത്തിന്‍റെ പരാജായവും തുര്‍ക്കി സ്വാതന്ത്ര്യ സമരങ്ങളും മുസ്തഫ കമാല്‍പാഷയുടെ ഉദയത്തിലേക്കും ഖിലാഫത്തിന്‍റെ അസ്തമനത്തിനും വഴിവെച്ചു. 1920 കളില്‍ കമാലിസത്തിന്‍റെ പിടിയില്‍ മതവും മത ചിഹ്നങ്ങളും നെരിഞ്ഞമര്‍ന്നപ്പോള്‍ തുര്‍ക്കിയുടെ മതകീയ പ്രസ്ഥാനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആത്മീയ മാര്‍ഗങ്ങള്‍ (ത്വരീഖത്തുകള്‍) വരെ നിരോധിക്കപ്പെട്ടു.. കമാലിസത്തിന്‍റെ ക്രൂരതകള്‍ക്കെതിരെ ആദ്യം എതിര്‍പ്പിന്‍റെ സ്വരം ഉയര്‍ത്തിയതും സൂഫികള്‍ തന്നെയായിരുന്നു.

തുര്‍ക്കിയില്‍ ഏറ്റവും വേരോട്ടമുള്ള സൂഫി മാര്‍ഗമാണ് നഖ്ഷബന്ദി ത്വരീഖത്ത്. വിവിധ കൈവഴികളിലൂടെയുള്ള നഖ്ഷബന്ദി ശാഖകള്‍ തുര്‍ക്കി രാഷ്ട്രീയത്തിലെ ഇസ്‌ലാമിക മുന്നേറ്റങ്ങളെ സ്വാധീനിച്ചതായി കാണാം. അതുകൊണ്ട് തന്നെയാവണം മറ്റു പലയിടങ്ങളിലുമുണ്ടായ ഇസ്‌ലാമിക രാഷ്ട്രീയ നീക്കങ്ങളില്‍ നിന്ന് വ്യതസ്തമായി തുര്‍ക്കിയിലെ മുന്നേറ്റങ്ങള്‍ കൂടുതല്‍ സമാധാനപരവും നിര.ന്തരവുമായ ഒരു പ്രക്രിയ ആയത്. അതും വീണ്ടും മുന്നോട്ടും നീങ്ങികൊണ്ടിരിക്കുന്നു..

ഇത്രയും പറഞ്ഞത് അര്‍ബകാനെ രാഷ്ട്രീയത്തെ സ്വാധീനിച്ച ആത്മീയ സരണികളെ ക്കുറിച്ച് സൂചിപ്പിക്കാനാണ്. ഉസ്മാനിയ ഖിലാഫത്തിന്‍റെ അവസാന ഘട്ടങ്ങളില്‍ ജീവിച്ചിരുന്ന നഖ്ഷബന്ദി ശൈഖും പണ്ഡിതനുമായിരുന്ന ഹസ്രത്ത് അഹമദ് സിയാഉദ്ധീന്‍ ഖുംശ്ഖാനവി (1813- 1893)യുടെ കൈവഴിയിലൂടെയുള്ള ശൈഖ്‌ മുഹമ്മദ്‌ സാഹിദ്‌ കൊട്കോ (1897 – 1980) അര്‍ബകാന്‍റെ ആത്മീയ ഗുരുവും അദ്ദേഹത്തിന്‍റെ ചിന്തകളെ സ്വാധീനിച്ച വ്യക്തിതവുമായിരുന്നു. ഒരു സായുധ വിപ്ലവത്തിലൂടെയോ അല്ലെങ്കില്‍ പോരാട്ടങ്ങളിലൂടെയോ ഒരു സുപ്രഭാതത്തില്‍ ദൈവിക രാജ്യം സ്ഥാപിക്കണമെന്ന താത്പര്യം തുര്‍ക്കിയിലെ ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല അത്തരം തീവ്ര സ്വഭാവങ്ങള്‍ കാണിച്ച ഗ്രൂപ്പുകള്‍ തുര്‍ക്കി രാഷ്ട്രീയത്തില്‍ നിന്നും അകാലം ചരമം പ്രാപിക്കുന്നതാണ് ചരിത്രം പറയുന്നത്. സൈനിക ഇടപെടലുകളും ജയില്‍ ശിക്ഷയും രാഷ്ട്രീയ നിരോധനവുമൊക്കെ ഏല്‍ക്കേണ്ടിവന്നപ്പോഴും സായുധ പോരാട്ടങ്ങളുടെയോ അക്രമത്തിന്‍റെയോ മാര്‍ഗം അര്‍ബകാന്‍ തെരഞ്ഞെടുത്തില്ല.

ഇസ്ലാമിക നവജാഗരണത്തിന്‍റെ വക്താക്കളായി രംഗത്തിറങ്ങിയ പല പ്രസ്ഥാനങ്ങളും ലോകത്തിന്‍റെ വിവിധ കോണുകളില്‍ ദൈവിക രാജ്യത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുകയും ജനാധിപത്യയില്‍ പങ്കാളികളാവുന്നത് തൌഹീദിനെതിരാണെന്നു ഫതവ ഇറക്കുകയും ചെയ്തുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രീയത്തെ റാഞ്ചാന്‍ ശ്രമിച്ചപ്പോള്‍ ഇസ്ലാമിക രാഷ്ട്രീയത്തിനു തികച്ചും വ്യത്യസ്തമായ മാനം നല്‍കാന്‍ കഴിഞ്ഞുവെന്നാതാണ് അര്‍ബകാന്‍റെ പ്രസക്തി.. ഇസ്‌ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സിവില്‍ സമൂഹത്തിന്‍റെ സൃഷ്ടിപ്പായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചത്. ഇസ്‌ലാമും ജാനാധിപത്യവും വിരുദ്ധ ധ്രുവങ്ങളിലാണെന്നു വരുത്താന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ ഒരു ഭാഗത്തും ഇസ്ലാമിന്‍റെ രക്ഷക്ക് വേണ്ടി ഇറങ്ങിത്തിരിച്ചവര്‍ മറുഭാഗത്തും മുറവിളി കൂട്ടുന്നതിടയില്‍ ഇസ്‌ലാമും ജനാധിപത്യവും സമരസ്സപ്പെടുന്ന വഴി കാണിച്ചതില്‍ അര്‍ബകാന്‍ കാണിച്ച മാതൃക ചരിത്രം അടയാളപ്പെടുത്തുമെന്നു തീര്‍ച്ച.

മധ്യേഷയിലും ഉത്തരാഫ്രിക്കയിലും സമീപകലാത്ത് അരങ്ങേരികൊണ്ടിരിക്കുന്ന ജനകീയ വിപ്ലവങ്ങളും അതിനെ തുടര്‍ന്ന് രൂപപ്പെട്ടുവരുന്ന സിവില്‍ സമൂഹങ്ങളും ആകാംഷയോടെ നോക്കുന്നത് അര്‍ബകാന്‍ തുടങ്ങിവെച്ചതും ഉര്‍ദുഗാന്‍ പ്രായോഗികമായി വികസിപ്പിച്ചെടുത്തതുമായ ഈ രാഷ്ട്രീയ മോഡലിലേക്കാണ്. ആത്മീയതയും ഇസ്‌ലാമിക മൂല്യങ്ങളും ജനാധിപത്യവും ആധുനികതയും സമ്മേളിപ്പിച്ച ഈ രാഷ്ട്രീയ രൂപമായിക്കും വഹ്ഹാബി ഒട്ടോക്രസിയെക്കാളും ഇറാന്‍ തിയോക്രസിയെക്കളും അറബ്-മുസ്‌ലിം ജനത സ്വാഗതം ചെയ്യുകയെന്നാണ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. അര്‍ബകാന്‍ ഉയര്‍ത്തിയ രാഷ്ട്രീയത്തിന്‍റെ സ്വീകാര്യതയാണ് ഇതു വ്യക്തമാക്കുന്നത്.
ടുണീഷ്യയിലെയും ഈജിപ്തിലെയും ഈ പുതിയ പരീക്ഷണത്തിന്‍റെ അണിയറയിലാണ് ഇസ്‌ലാമിക ആഭിമുഖ്യമുള്ള സംഘടനകള്‍. ശാദുലി ഹസാഫി ത്വരീഖത്ത് അംഗമായിരുന്ന ഇമാം ഹസനുല്‍ ബന്ന രൂപം നല്‍കിയ ഈജിപ്തിലെ ഇഖവാനുല്‍ മുസ്‌ലിമീന്‍ അത്തരത്തിലൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നല്‍കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ജോര്‍ദാന്‍ അതിന്‍റെ അര്‍ബകാനെ കാത്തിരിക്കുന്നുവെന്നു ജോര്‍ദാനിയന്‍ ബ്ലോഗ്ഗര്‍മാര്‍ എഴുതിയത് വായിക്കാനിടയായി.. ഏതായാലും അര്‍ബകാന്‍റെ രാഷ്ട്രീയം ഇസ്‌ലാമിക രാഷ്ട്രീയ മീമാംസയില്‍ താല്പര്യമുള്ളവര്‍ക്ക് നല്ലൊരു ഗവേഷണം വിഷയമാണ്.

ആഗോളവത്കരണവും യുറോപ്യന്‍ യൂണിയനും സയണിസ്റ്റ് നീക്കങ്ങളായി കണ്ട അര്‍ബകാന്‍ അതിനെതിരെ താന്‍ അധികാരത്തിലിരുന്ന ഹ്രസ്വകാലയളവില്‍ എം.-8 എന്നപേരില്‍ ഇറാന്‍, പാകിസ്ഥാന്‍, മലേഷ്യ തുടങ്ങിയ എട്ടു മുന്‍ നിര മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മക്ക് രൂപം നല്‍കുകയും തുര്‍ക്കിയെ ഉസ്മാനിയ കാലത്തെ പ്രതാപത്തിലെക്കും മുസ്‌ലിം രാഷ്ട്രങ്ങളുടെ നായകസ്ഥാനത്തേക്കും തിരിച്ചുകൊണ്ടുവരാനും ശ്രമം നടത്തി. രാജ്യത്തെ ഇടത്തരം കച്ചവടക്കാരെയും സംഘടിപ്പിച്ചു രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അര്‍ബകാന്‍ രാജ്യത്ത് മതസ്വാതന്ത്ര്യത്തിന്‍റെ വാതിലുകള്‍ തുറന്നിടാനും മതചിഹ്നങ്ങള്‍ അനുവദിക്കാനും തുടങ്ങിയപ്പോള്‍ സൈനിക ഇടപെടലിന്‍റെ ഫലമായി 97-ല്‍ അധികാരം നഷ്ടപ്പെടുകയും രാഷ്ട്രീയത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തപ്പെടുകയും ചെയ്തു.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ വൈദഗ്ധ്യം തെളിയിച്ച അര്‍ബകാന് പക്ഷേ പിന്നീട് പൊളിറ്റിക്കല്‍ എഞ്ചിനീയറിങ്ങില്‍ വേണ്ടത്ര മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. അര്‍ബകാന് കീഴില്‍ ഇസ്താംബൂള്‍ മേയറായിരുന്ന (രാണ്ടാം ഇസ്താംബുള്‍ വിജയം എന്നാണ് അതിനു അര്‍ബകാന്‍ വിളിച്ചത്) ത്വയ്യിബ് ഉര്‍ദുഗാനും അബ്ദുല്ല ഗുല്ലും ചേര്‍ന്ന് ജസ്റ്റിസ് ആന്‍ഡ്‌ ഡെവലപ്മെന്റ് പാര്‍ട്ടി രൂപീകരിച്ചു വിദേശ – സാമ്പത്തിക നയങ്ങളില്‍ കൂടുതല്‍ പ്രായോഗികമായ നയം സ്വീകരിച്ചപ്പോള്‍ തുര്‍ക്കിയിലെ ഇസ്‌ലാമിക രാഷ്ട്രീയത്തിനു പുതിയ അവകാശികള്‍ക്കുവേണ്ടി വഴിമാരേണ്ടി വന്നു.

തുര്‍ക്കിയുടെ രാഷ്ട്രീയ സാമൂഹിക മതകീയ പരിസങ്ങളുടെ ഉള്ളറിഞ്ഞ് പ്രായോഗിക മാറ്റങ്ങള്‍ക്ക്‌ ഉര്‍ദുഗാന്‍ തുനിഞ്ഞപ്പോള്‍ കഴിഞ്ഞ ഒരു ദശകത്തോളമായി തുര്‍ക്കിയുടെ മാറ്റത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. പക്ഷേ അപ്പോഴും അതിന്‍റെ ഗുരുവായും തുടക്കകാരനായും അര്‍ബകാന്‍ സ്മരിക്കപ്പെട്ടുകൊണ്ടേയിരിന്നു.

6 അഭിപ്രായങ്ങൾ:

  1. very informative article, let manalthitta shape into a huge mount, like uhud.
    the reason behind the islamic upheaval of current europe also credited to the sufism there as observed by an arab journalist in germany. thanks for good illustration.
    abdul gafoor rahmani.

    മറുപടിഇല്ലാതാക്കൂ
  2. Nicely written. Insightful political analysis.
    It seems that democracy is in its most important phase of redefinition.

    മറുപടിഇല്ലാതാക്കൂ
  3. നവജാഗരണത്തിന്റെ വഴിയില്‍ നിയമ രഹിത സായുധ പോരാട്ടങ്ങള്‍ക്കും അതിതീവ്ര രാഷ്ട്രീയവത്കരണത്തിനും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം പുതിയ സംഭവവികാസങ്ങള്‍ പറഞ്ഞുതരുന്നു. സാംസ്കാരിക ഉയിര്‍ത്തെഴുന്നേല്‍പ്പിന് മുന്‍തൂക്കം നല്‍കുന്ന യൂറോപ്യന്‍ അനുഭവങ്ങളും സമകാലിക മധ്യേഷ്യന്‍ സിവിലിയന്‍ നീക്കങ്ങളും ഇന്ത്യപോലുള്ള രാഷ്ട്രങ്ങളിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന് കൂടുതല്‍ ആദര്‍ശപരമായ അടിത്തറ
    നല്‍കും

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2011, മാർച്ച് 31 12:14 PM

    ജനാധിപത്യം,അതിന്റെ മാനസികമായ വികാസമെങ്കിലും സംഭവിക്കുന്നതു വരേ ഇസ്ലാമിന് പ്രധാനറോളിൽ വരാനാവില്ല നമ്മുടെ രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും,
    തുർക്കി കുഫ്റിന്റെ മെത്തേഡുകൾ ഉപയോഗിച്ച് അതിനെതിരെ പൊരുതിയതിനാലാണ് ഈ മാറ്റം എന്നു പറയുന്ന ഒരു സുഹൃത്തുണ്ടെനിക്ക്.

    മറുപടിഇല്ലാതാക്കൂ
  5. മാനസിക വികാസം സംഭാവിപ്പിക്കുന്നതില്‍ ഇസ്ലാമിന് റോള്‍ വഹിച്ച്ചുകൂടെ? തന്‍റെ വ്യാഖ്യാനതത്തിനു വഴങ്ങാത്തതെല്ലാം കുഫ്രാനെന്നു ആ സുഹൃത്ത് പറയുന്നത് ആ മാനസിക വികാസത്തിന്‍റെ കുറവാകുമോ റഫീഖ്‌?
    മെത്തേഡ്‌ വികസിപ്പിക്കുന്നതില്‍ നമുക്ക് വീഴ്ചപറ്റിപ്പോള്‍ കടം വാങ്ങേണ്ടി വന്നതാണെന്നു പറയാല്ലോ. അതിന്‍റെ അടിസ്ഥാന ഘടനകള്‍ നമ്മുടെ അടുത്തുള്ളപ്പോള്‍ പ്രത്യേകിച്ചും

    മറുപടിഇല്ലാതാക്കൂ
  6. Your article is a fitting tribute to Necmettin Erbecan, the ideological catalyst for the great social and democratic transition in Turkey. The transformation ushered in by AKP in Turkey has really helped the country break away from the cocoon of military Kemalism. Turkey has proved to be a pioneer in effectively synthesising Islamic and democratic ideals thereby shattering the myth that Islam and democracy are two worlds apart. That is why we are thrilled to watch the spectacle of corrupt Mubaraks tumbling down at the behest of some idealists inspired by the same lofty ideals of synthesis.

    മറുപടിഇല്ലാതാക്കൂ