പിടി വിട്ടാല്‍ മുല്ലപ്പൂവും വിപ്ലവം ചുരത്തും എന്ന് പുതുമൊഴിക്ക് വഴിയേകി ടുണീഷ്യന്‍ ജനത പുറത്തെടുത്ത വിപ്ലവ വീര്യം പലര്‍ക്കും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിരിക്കുന്നുവെന്നതില്‍ സംശയമില്ല. ഈ വിപ്ലവ വീര്യം ഉത്തരാഫ്രിക്കയിലും അറേബ്യന്‍ രാജ്യങ്ങളിലും പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാതാണ് യാഥാര്‍ത്ഥ്യം. ഇതോടെ ദശകങ്ങളായി ഏകാധിപത്യ ഭരണത്തിലൂടെ തങ്ങളുടെ സ്വന്തം ജനതയെ അടിച്ചൊതുക്കുന്ന ഒരു പാട് അറബ് ഭരണാധികാരികള്‍ക്ക് കണ്ണ് തുറക്കേണ്ടി വരുമെന്നാണ് ഈജിപ്ത്, അല്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളിലെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
ടുണീഷ്യയുടെ ദേശീയ പുഷ്പമാണ് മുല്ലപ്പൂ. അതുകൊണ്ടാണ് ഈ ജനകീയ വിപ്ലവത്തെ മുല്ലപ്പൂ വിപ്ലവമെന്നു മാധ്യമലോകംവിളിക്കുന്നത്. ടുണീഷ്യയുടെ ഗതകാലം മുല്ലപ്പൂവിനെയും വെല്ലുന്ന രീതിയില്‍ ഇസ്ലാമിക സംസ്കാരത്തിന്‍റെ സുഗന്ധം പ്രസരിപ്പിച്ചിരിന്നു. ഉസ്മാന്‍ (റ) വിന്‍റെ ഭരണകാലത്താണ് മൊറോക്കൊ, അള്‍ജീരിയ, ടുണീഷ്യ, മൌറിത്താനിയ തുടങ്ങിയ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളും പഴയ ഇസ്‌ലാമിക സ്പെയിനിന്‍റെ ഭാഗങ്ങളും അടങ്ങിയ ഇസ്ലാമിക് മഗരിബ് എന്നറിയപ്പെടുന്ന പ്രദേശങ്ങളിലേക്ക് ഇസ്‌ലാം എത്തുന്നത്. അവിടന്നങ്ങോട്ട് ഒരു പാടു പിന്‍ സമൂഹത്തിനു ബാക്കിയാക്കിയാണ് ഇസ്ലാമിക സാംസ്കാരാവും നാഗരികതയും മുന്നോട്ട് പോയത്.
ഉഖ്‌ബത് ബിന്‍ നാഫിഅ് എന്നറിയപ്പെടുന്ന മഹാനായ സഹാബിയ്യാണ് ഈ നാടുകളുടെ യഥാര്‍ത്ഥ വിമോചകനായി ഗണിക്കപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ഖബര്‍ സ്ഥിതി ചെയ്യുന്ന അള്‍ജീരിയയിലെ സ്ഥലം ഇന്നും അറിയപ്പെടുന്നതും 'സീദീ ഉഖ്‌ബ' എന്നാണു. ഹിജ്റ 50-ല്‍ അദ്ദേഹം നിര്‍മിച്ച ടുണീഷ്യയിലെ പട്ടണമാണ് ഖൈറവാന്‍. തന്ത്രപ്രധാനമായ ഈ പട്ടണം നൂറ്റാണ്ടുകളോളം ആഫ്രിക്കയിലേക്കും മുസ്‌ലിം സ്പയിനിലേക്കുമുള്ള മുസ്‌ലിം സൈനിക നീക്കങ്ങളുടെ കേന്ദ്രവും അതേസമയം ഇസ്ലാമിക വൈജ്ഞാനിക പുരോഗതിയുടെ വിളനിലവുമായിരുന്നു. അല്‍-അസ്ഹര്‍ യൂണിവേഴ്സിറ്റി നിര്‍മിക്കുന്നതിനു 300- വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിക്കപ്പെട്ട ജാമിഅ് ഉഖ്ബത് ബിന്‍ നാഫിഅ് കേന്ദ്രീകരിച്ച് ഒട്ടേറെ ഇസ്‌ലാമിക പാഠശാലകളും ഗ്രന്ഥാലയങ്ങളും ഖൈരവാന്‍ പട്ടണത്തില്‍ ഉണ്ടായിരുന്നു. അബ്ബാസിയ്യ ഭരണ തലസ്ഥാനമായിരുന്ന ബാഗ്ദാദിലെ വൈജ്ഞാനിക കേന്ദ്രങ്ങളുമായി നിരന്തര സമ്പര്‍ക്കം വഴി ആ രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ ഗ്രന്ഥങ്ങള്‍ അങ്ങോട്ടെത്തിക്കാനും ഖൈറവാന്‍ സാധിച്ചുവെന്നു ചരിത്രം പറയുന്നു.സൈത്തൂന യൂണിവേഴ്സിറ്റിയും ഇബ്നു ഖലദൂനും ഇമാം സഹ്നൂനും ഇന്നലെകളിലെ ടുണീഷ്യയുടെ ചരിത്രം പറയുന്നു.
അതൊക്കെ പഴയ ചരിത്രം. 1950 ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ടുണീഷ്യയ്ക്ക് പറയാനുള്ളത് മറ്റൊരു ചരിത്രമാണ്. പ്രസിഡന്‍റായി സ്ഥാനമേറ്റ ഹബീബ് ബൂര്‍ഗിബ ഏക പാര്‍ട്ടി സംവിധാനത്തിലൂടെ സ്വേച്ഛാധിപത്യ ഭരണം നടത്തിയപ്പോള്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയും സ്വതന്ത്ര രാഷ്ട്രീയ, മത പ്രവര്‍ത്തനങ്ങള്‍ക് ക്കൂച്ചുവിലങ്ങ് വീഴുകയും ചെയ്തു. ടുണീഷ്യയുടെ 'മുസ്തഫ കമാല്‍' എന്നു ചിലര്‍ അദ്ദേഹത്തെ വിളിക്കുന്നത് മത നിരാസത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണ്ടിട്ടാണ്. പാശ്ചാത്യരുടെ പൊന്നോമനയായിരുന്ന ബൂര്‍ഗിബ മത ചിന്ഹങ്ങളെ വലിയ അസഹിഷ്ണുതയോടെയാണ് കണ്ടത്. ]താടിയും തലപ്പാവും ശിരോവസ്ത്രവും പൊതു സമൂഹത്തില്‍ അലര്‍ജിയായി മാറ്റപ്പെട്ടു. ബാങ്ക് വിളിക്കു പോലും നിയന്ത്രണങ്ങള്‍ വന്നു.
രോഗബാധിതനായ ബൂര്‍ഗിബയെ പുറത്താക്കി 1987-ല്‍ ടുണീഷ്യന്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലി പുതിയ സൂര്യോദയം വാഗ്ദാനം ചെയ്തെങ്കിലും അത് സ്വജനപക്ഷപാതത്തിന്‍റെയും അധികാര ദുര്‍വിനിയോഗത്തിന്‍റെയും രാഷ്ട്രീയ അടിച്ചമര്‍ത്തലുകളുടെയും കരാളരാത്രികളാണെന്നു ടുണീഷ്യന്‍ ജനത മനസ്സിലാക്കാന്‍ അധികം വൈകേണ്ടിവന്നില്ല. 1999-ല്‍ ഉത്തരാഫ്രിക്കയിലെ മറ്റുപല ഏകാധിപതികളെയും പോലെ തെരഞ്ഞെടുപ്പ് നാടകം നടത്തി 90% അധികം ഭൂരിപക്ഷത്തോടെ താന്‍ തന്നെ അധികാരത്തിലെത്തുന്ന മാന്ത്രിക പ്രകടനത്തിനും ബിന്‍ അലി തുടക്കമിട്ടു.
1992 ല്‍ ഒരു പച്ചക്കറി കച്ചവടക്കാരന്‍റെ മകളും ഹെയര്‍ ഡ്രെസ്സരുമായ ലൈല തറാബല്‍സിയെ തന്‍റെ ഭാര്യയായി സ്വീകരിച്ചതോടെ ബിന്‍ അലി തകര്‍ച്ച ആരംഭിക്കുകയായിരുന്നു. രണ്ടു പേര്‍ക്കും അത് രണ്ടാം വിവാഹമായിരുന്നു. അതോടെ അധികാരത്തിന്‍റെ സിരാകേന്ദ്രമായി മാറിയ ലൈലയും കുടുംബാഗങ്ങളും പൊതുമുതല്‍ കൊള്ളയടിച്ചു തടിച്ചുകൊഴുക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഇസ്ലാമിക പ്രതിപക്ഷ പാര്‍ട്ടിയായ അന്നഹ്ദ തലവന്‍ റാഷിദ് അല്‍-ഗനൂശി അടക്കമുള്ള പല രാഷ്ട്രീയ നേതാക്കള്‍ക്കും നാട് വിടേണ്ടി വന്നു.
തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവര്‍ക്കെതിരെ ജനാധിപത്യത്തിന്‍റെ വാളോങ്ങുന്ന പാശ്ചാത്യന്‍ യജമാനന്മാര്‍ക്ക് പക്ഷേ ടുണീഷ്യ പുരോഗമനത്തിന്‍റെയും ആധുനികവത്കരണത്തിന്‍റെയും അടയാളമായിരുന്നു. കാറ്റും വെളിച്ചവും കടക്കാത്ത ടുണീഷ്യന്‍ മാഫിയ ഭരണക്കൂടം (ടുണീഷ്യന്‍ ജനത അങ്ങനെയാണ് അതിനെ വിളിച്ചത്) അവര്‍ക്കൊരു പ്രശ്നമേ ആയില്ല. തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവര്‍ അധികാരത്തിലെത്താതിരിക്കാന്‍ ഇത് തന്നെയാണ് നല്ലതെന്നു അവര്‍ക്കു തോന്നി. മാധ്യമ സ്വാതന്ത്യ്രം എന്തെന്നറിയാത്ത, ഇന്റര്‍നെറ്റിന്‍റെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒന്നായി അറിയപ്പെടുന്ന ടുണീഷ്യ പിന്നെ അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്‍റെയും കൂത്തരങ്ങായി മാറുകയായിരുന്നു.
വിവര കൈമാറ്റത്തിന്‍റെ വിവിധ സാധ്യതകളെ പരമാവധി കൂച്ചുവിലങ്ങിടട്ടിട്ടും ചരിത്രം കരുതി വെച്ച ആ ദിനത്തെ തടുത്തുനിര്‍ത്താന്‍ ഒരു ശക്തിക്കും സാധിച്ചില്ല. ചൂളം വിളിക്കാരന്‍ (whistle blower) അസാന്‍ജിന്‍റെ വികിലീക്സും സാമൂഹ്യ മാധ്യമ (Social Media) മെന്ന നിലയില്‍ അത്ഭുതം സൃഷ്ടിച്ച മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്‍റെ ഫേസ്ബുക്കും ജനകീയ വിപ്ലവത്തിന് പിന്താങ്ങായിയെന്നതു യാഥാര്‍ത്ഥ്യമാണ്. ബിന്‍ അലി ഭരണകൂടത്തിന്‍റെയും ലൈലയുടെയും പിന്നാമ്പുറ കഥകളെക്കുറിച്ച് ടുണീഷ്യയില്‍ നിന്നും അമേരിക്കയിലേക്കു പോയ രേഖകള്‍ വികിലീക്സിലൂടെ പുറത്തുവന്നപ്പോള്‍ പ്രതിഷേധക്കാര്‍ക്ക് ഏകോപനത്തിനു സഹായകമായത് ഫേസ്ബുക്കാണ്.
വിദ്യാസമ്പന്നനായിട്ടും ഉപജീവനത്തിനു ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തേണ്ടി വന്ന മുഹമ്മദ് ബൂഅസീസിയെന്ന യുവാവിനെ മുനിസിപാലിറ്റി അധികൃതര്‍ അപമാനിക്കിന്നിടത്തു നിന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ ആരംഭം. ബൂഅസീസി സ്വയം തീകൊളുത്തിയാതോടെ ആളിപ്പടര്‍ന്ന അഗ്നി ബിന്‍ അലി രാജ്യം വിട്ടോടുന്നതില്‍ കൊണ്ടെത്തിച്ചു കാര്യങ്ങള്‍. ഈ പ്രതിഷേധാഗ്നി ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കൊ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കത്തിപടരുമെന്ന അവസ്ഥയിലാണ്. ഏതൊക്കെ രാഷ്ട്രീയ ശക്തികളുടെ പിന്‍ബലമുണ്ടെങ്കിലും സ്വന്തം ജനതയുടെ ഹിതം മനസ്സിലാക്കാത്ത എല്ലാ അക്രമികളായ ഭരണാധികാരികള്‍ക്കുമുള്ള മുന്നറിയിപ്പാണ് ടുണീഷ്യ.
ബൂഅസീസിയുടെ ഉന്തുവണ്ടി ഇരുപതിനായിരം അമേരിക്കന്‍ ഡോളറിനു വാങ്ങാന്‍ തയ്യാറായി ഒരു ഗള്‍ഫ് ബിസിനസ്സുകാരന്‍ തങ്ങളെ സമീപിച്ചെന്ന ബൂഅസീസിയുടെ സഹോദരന്‍റെ വെളിപ്പെടുത്തല്‍(അല്‍-ഖുദ്സ് ദിനപത്രം, ലണ്ടന്‍) ടുണീഷ്യന്‍ വിജയത്തെ അറബ് ജനത എത്രമാത്രം നെഞ്ചിലേറ്റുന്നുവെന്നതിന്‍റെ മതിയായ തെളിവാണ്. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ഈജിപ്തുകാരോട് സംസാരിച്ചാല്‍ മനസ്സിലാവും അവരും ഇത്തരമൊന്നിനു കാത്തിരിക്കുകയാണെന്നും.
ജനുവരി 14-നു ബിന്‍ അലിയും സംഘവും നാടുവിട്ടോടിയതിനെ തുടര്‍ന്ന് ജനുവരി 15-നു ഫോറിന്‍ പോളിസി ജേര്‍ണലലില്‍ പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവര്‍ത്തക യുവാന്‍ റഡ് ലി എഴുതി "Tonight we are all Tunisians". കഴിഞ്ഞ ദിവസം അല്‍-ജസീറ ചനാല്‍ നെറ്റ് വര്‍ക്കിലെ ടുണീഷ്യക്കാരനായ ഒരു ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍ ഞാനും പറഞ്ഞു :"കുല്ലുനാ തൂനിസ്"
വിദേശ വര്ത്തമാനങ്ങളെ അറിയിക്കുന്നതില്‍ അഭിനന്ദങ്ങള്‍ അറിയിക്കുന്നു. ഒപ്പം തുടര്‍ച്ചയും പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂആശംസകള്