2013, ജൂൺ 9, ഞായറാഴ്‌ച

നക്ബ: ദുരന്തക്കാഴ്ചക്ക് അറുതി പ്രതീക്ഷിക്കാമോ?

(2013 ജൂണ്‍ ലക്കം തെളിച്ചം മാസികയില്‍ പ്രസിദ്ധീകരിച്ചത്‌)

അന്നെനിക്ക് പതിനൊന്നു വയസ്സുമാത്രമാണ് പ്രായം. ജൂത പട്ടാളത്തിന്റെ ഭീഷണിയില്‍ ആയിരത്തിലേറെ വര്‍ഷങ്ങളായി ഞങ്ങളുടെ കുടുംബം താമസിച്ചിരുന്ന ഫലസ്തീനിലെ ലയ്ദ ടൌണിലെ ആ വീട് വിട്ടിറങ്ങേണ്ടിവന്ന അവസ്ഥ.  ഞങ്ങളുടെ തലക്ക് പിന്നിലേക്ക്‌ നീട്ടിയ തോക്കുകളുമായി അവര്‍ ഞങ്ങളുടെ പിന്നാലെ ഉണ്ടായിരുന്നു. സമീപത്തെ മലഞ്ചെരുവിലേക്കാണ് ഞങ്ങളെ അവര്‍ നയിച്ചത്‌. ജൂത തീവ്രവാദികള്‍ സമീപ പ്രദേശങ്ങളില്‍ നടത്തിയ കൂട്ടക്കശാപ്പിനെ കുറിച്ച് എന്റെ പിതാവ്‌ സംസാരിച്ചിരുന്നത് എന്റെ മനസ്സിനെ പേടിപ്പെടുത്തികൊണ്ടിരിന്നു. ഞങ്ങളുടെ അമ്മായിയുടെ രണ്ടു വയസ്സ് പ്രായമായ കുഞ്ഞിനു വേണ്ടി കരുതിയ പാലും പഞ്ചസാരയും മാത്രമാണ് എടുത്തിരുന്നത്.
ലയ്ദ പട്ടണത്തിന്റെ പുറത്തുള്ള ഒരു ചെറിയ ഗേറ്റിലൂടെ സിയോണിസ്റ്റ് പട്ടാളക്കാര്‍ ഞങ്ങളെ പുറത്തേക്കു നയിച്ചു. കന്നുകാലികൂട്ടങ്ങളെ പോലെ ആയിരക്കണക്കിന് ഫലസ്തീനികളെ ആ ചെറിയ വിടവിലൂടെ അവര്‍ നടത്തി. പേടിപ്പെടുത്താനായി ഞങ്ങളുടെ തലക്ക് മുകളിലൂടെ അവര്‍ വെടിവെച്ചുകൊണ്ടിരുന്നു. അതിനിടയില്‍ പട്ടാളക്കാരുടെ ഒരു കുതിരവണ്ടി ഗേറ്റിനടുത്തെക്ക് നീങ്ങി. ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടയില്‍ ഒരു സ്ത്രീ തന്റെ പിഞ്ചോമനയെ പിടിക്കാന്‍ പാടുപെടുന്നണ്ടായിരുന്നു. പെട്ടെന്ന് അവരുടെ കയ്യില്‍ നിന്ന് ആ കുഞ്ഞു താഴെ വീണു. അവര്‍ക്ക്‌ എടുക്കാന് സാധിക്കും മുമ്പ് ആ കുതിരവണ്ടിയുടെ ചക്രം ആ കുഞ്ഞിന്റെ കഴുത്തിലൂടെ കയറിയിറങ്ങി. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും ദയനീയ കാഴ്ചയായിരുന്നുവത്‌.
ഗേറ്റിനു പുറത്ത്‌ ഞങ്ങളെ തടഞ്ഞു നിറുത്തിയ സിയോണിസ്റ്റ് പട്ടാളം വിലയുള്ള എല്ലാ വസ്തുക്കളും അവിടെ വിരിച്ച ഒരു വിരിപ്പിലേക്ക് ഇടാന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞു ആറു ആഴ്ച്ചമാത്രം കഴിഞ്ഞ ഞങ്ങളുടെ കുടംബ സുഹൃത്തുക്കള്‍ കൂടിയായ ദമ്പതികള്‍ എന്റെ അടുത്ത് ഉണ്ടായിരുന്നു. തന്റെ കയ്യിലുള്ള പണം നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഉടനെ ഒരു സങ്കോചവും കൂടാതെ അവിടെയുണ്ടായിരുന്ന പട്ടാളക്കാരന്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. ആ നവവധു ആര്‍ത്തു കരഞ്ഞുകൊണ്ടിരിക്കെ, നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ ആ ജീവന്‍ അവസാനിക്കാന്‍.
അന്ന് രാത്രി ഞാന്‍ ഒരുപാട് കരഞ്ഞു. ആയിരങ്ങള്‍ക്കൊപ്പം ആ ഗ്രൗണ്ടില്‍ ഉറങ്ങാന്‍ ശ്രമിച്ചു. നേരം വെളുത്തപ്പോഴേക്കും വീണ്ടും വെടിയൊച്ചകള്‍. ഒരു വെടിയുണ്ട എന്റെ അടുത്തുകൂടി കടന്നു പോയി. ആളുകള്‍ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. എന്റെ കുടുംബത്തെ നഷ്ടമായി. രാത്രിയായപ്പോള്‍ പട്ടാളക്കാര്‍ ഞങ്ങള്‍ക്ക്‌ നടത്തം അവസാനിപ്പിക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ കുടംബത്തെതേടി ഞാന്‍ അലമുറയിട്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു. എന്റെ ഭാഗ്യമെന്നു പറയട്ടെ ഒരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതിയ പിതാവിനെ കണ്ടുമുട്ടി. .... പിറ്റേ ദിവസത്തെ കാഴ്ച അതിഭീകരമായിരുന്നു. മരിച്ചു കിടക്കുന്ന മാതാവിന്റെ മാറിടത്തില്‍ മുലകുടിക്കാന്‍ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിന്റെ കാഴ്ച അതിദയനീമായിരുന്നു. ഒട്ടേറെ ഗര്‍ഭിണികളുടെ ഗര്‍ഭം അലസി. പലരുടെയും കുഞ്ഞുങ്ങള്‍ മരിച്ചു. അസഹ്യമായ ചൂടില്‍ എന്റെ പിതാവിന്റെ ബന്ധുവിന്റെ ഭാര്യക്ക്‌ ദാഹിച്ചിട്ടു ഒരടി മുന്നോട്ടു നീങ്ങാനായില്ല. പെട്ടെന്നവര്‍ കുഴഞ്ഞുവീണു. ഉടനെ മരിക്കുകയും ചെയ്തു. അവരെ ചുമക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ഞങ്ങള്‍ അവരെ ഒരു തുണിയില്‍ പൊതിഞ്ഞു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതിനു ശേഷം അടുത്ത് കണ്ട ഒരു മരത്തിനടുത്ത് ഉപേക്ഷിച്ചു. പിന്നീട് ആ ശവശരീരത്തിനു എന്ത് പറ്റിയെന്ന് എനിക്കറിയില്ല.
റാമല്ലയില്‍ ക്രിസ്ത്യന്‍ അനാഥാലയം നടത്തുന്ന ഫാദര്‍ ഓദ റണ്തീസി  ഒരു ഫലസ്തീനി ക്രിസ്താനിയുടെ കഥ എന്ന ശീര്‍ഷകത്തില്‍ എഴുതിയ പുസ്തകത്തില്‍ നിന്നുള്ള വിവരണമാണ് ഇവിടെ ചേര്‍ത്തത്. 1948 ജൂലൈ മാസത്തിലെ കരാള രാത്രികളെക്കുറിച്ചുള്ള സ്മരണകളാണ് അവ.  
അനുഭവിച്ച അനീതകളെ കുറിച്ചുള്ള സ്മരണ നിലനിറുത്തുന്നത് നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ വളരെ പ്രധാനമാണ്; പ്രത്യേകിച്ചും ഇനിയും പരിഹരിക്കപ്പെടാത്ത മുറിവുകളായി തലമുറകളിലേക്ക്‌ അത് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍. അത്തരം ചരിത്രങ്ങളെ മാറ്റിനിറുത്താനും മറക്കാനുമാണ് ഫാഷിസ്റ്റ്‌ രീതി അവലംബിക്കുന്നവര്‍ എപ്പോഴും ശ്രമിക്കുക്ക; തലമുറകളായി തങ്ങള്‍ അനുഭവിക്കുന്ന ദുരന്തം അടുത്ത തലമുറയിലേക്ക്‌ കൈമാറാനും ലോകത്തെ ഓര്‍മപ്പെടുത്താനുമാണ് ഓരോ വര്‍ഷവും ഫലസ്തീനികള്‍ മെയ്‌ പതിനഞ്ചു നക്ബ ദിനമായി ആചരിക്കുന്നത്. 1948 മെയ്‌ 14 നാണ് ആഗോള സിയോണിസ്റ്റ് ഓര്‍ഗനൈസേഷന്റെ കാര്‍മികത്വത്തില്‍ ഇസ്രായേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്‌. അതിന്റെ മുമ്പും പിമ്പുമായി അരങ്ങേറിയ ചരിത്രത്തിലെ ഏറ്റവുംവലിയ അനീതിയുടെയും കൊടിയ ക്രൂരതകളുടെയും ഉണക്കാനാവാത്ത മുറിവുകളാണ് നക്ബ അടയാളപ്പെടുത്തുന്നത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി മുസ്‌ലിം ലോകവും അമേരിക്കന്‍-യൂറോപ്യന്‍ അച്ചുതണ്ടും തമ്മിലുള്ള ബന്ധം നിര്‍വചിക്കപ്പെടുന്നത് തന്നെ ഫലസ്തീന്‍ പ്രശ്നത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഇന്ന് ലോക സമാധാനത്തിന് തന്നെ ഭീഷണിയാകുന്ന രീതിയില്‍ മധ്യ പൗരസ്ത്യ ദേശത്തെ പ്രശ്നങ്ങള്‍ ആഗോള തലത്തില്‍ വളര്‍ന്നുകഴിഞ്ഞു. ബ്രിട്ടീഷ്‌ ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയന്ബി ഇക്കാര്യം കൃത്യമായി നിരീക്ഷിച്ചിരുന്നു. ഫലസ്തീനികളുടെ ദുരന്തം കേവലം പ്രാദേശികമല്ല; അതൊരു ആഗോള ദുരന്തമാണ്. കാരണം ലോക സമാധാനത്തിനു തന്നെ ഭീഷണിയാവുന്ന അനീതിയാണത്.
നക്ബ അറബി പദത്തിന്റെ അര്‍ഥം ദുരന്തമെന്നാണ്. ഫലസ്തീനികള്‍ക്ക് ഏല്‍ക്കേണ്ടിവന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ്. പതിട്ടാണ്ടുകളും നൂറ്റാണ്ടുകളുമായി തങ്ങളും തങ്ങളുടെ മുന്‍തലമുറകളും ജീവിച്ചിരുന്ന നാടും വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ചു അഭയാര്‍ത്ഥികളായി ഗാസ മുനമ്പിലും വെസ്റ്റ്‌ റാമല്ലയിലും സമീപ രാഷ്ട്രങ്ങളിലും മറ്റുമൊക്കെ അഭയംതേടേണ്ടിവന്നു. നാല്തിയെട്ടില്‍ മാത്രം ഏഴുലക്ഷത്തിലധികം ഫലസ്തീനികള്‍ക്ക് നാടും വീടും ഉപേക്ഷിച്ചു പോവേണ്ടി വന്നു. അന്ന് ഫലസ്തീന്‍ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന എണ്‍പത്‌ ശതമാനം അറബികളും പുറത്താക്കപ്പെടുകയോ ഒഴിഞ്ഞുപോവുകയോ ചെയ്തതായി ഫലസ്തീന്‍ എഴുത്തുകാരന്‍ നൂറുദ്ദീന്‍ മസാലഹ പറയുന്നു. ഓറഞ്ചും ഒലീവും സമൃദ്ധമായി വളര്‍ന്നിരുന്ന നൂറുകണക്കിന് ഫലസ്തീന്‍ ഗ്രാമങ്ങള്‍ തകര്‍ക്കപ്പെട്ടു. ആയിരങ്ങള്‍ കൊല്ലപ്പെട്ടു.
ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കാനായി ഐക്യരാഷ്ട്രസഭ സ്ഥാപിച്ച United Nations for Relief and Works Agency for Palestine Refugees in the Near East (UNRWA) കണക്കനുസരിച്ച് 1950-ല്‍ ഏഴര ലക്ഷം അഭയാര്‍ത്ഥികളാനുണ്ടായിരുന്നത്. ജൂണ്‍ 1946 നും മെയ്‌ 1948നും ഇടയില്‍ അറബ്-ഇസ്രായേലീ സംഘര്‍ഷത്തില്‍ വീടും ജീവിതമാര്‍ഗവും നഷ്ടപ്പെട്ടവരെയും അവരുടെ പിന്‍തലമുറയെയുമാണ് ഉണര്‍വ ഫലസ്തീന്‍ അഭയാര്‍ത്ഥികളായി കണക്കാക്കുന്നത്. ഇന്ന് അവരുടെ ഏണ്ണം അഞ്ചു ദശലക്ഷം കവിഞ്ഞതായി ഏജന്‍സി പറയുന്നു. ഇവരില്‍ ഏകദേശം ഒന്നര ദശലക്ഷം ജോര്‍ദാന്‍, ലെബനോന്‍, സിറിയ, ഗാസ, വെസ്റ്റ്‌ ബാങ്ക്, കിഴക്കന്‍ ജറൂസലം തുടങ്ങിയിടങ്ങളില്‍ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളിലായി കഴിയുന്നു. ഫലസ്തീന്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി കണക്കനുസരിച്ച് ഒന്നര ദശലക്ഷത്തിലധികം ഫലസ്തീനികള്‍ നിലവിലുള്ള ഇസ്രായേലി പ്രദേശങ്ങളില്‍ ചിതറിക്കഴിയുന്നു. ഇസ്രായേലി ജനസംഖ്യയുടെ ഇരുപത് ശതമാനം വരുന്ന ഇവര്‍ക്ക്‌ അവിടത്തെ ഭൂമിയിലെ രണ്ടു ശതമാനം മാത്രമാണ് കൈവശമുള്ളത്‌.
പതിനൊന്നു ദശലക്ഷത്തോളം വരുന്ന മൊത്തം ഫലസ്തീനികളില്‍ 36.6 ശതമാനം വെസ്റ്റ്‌ ബാങ്കിലും ഗാസയിലും കഴിയുമ്പോള്‍ 46.2 ശതമാനം സമീപ അറബ് രാഷ്ട്രങ്ങളിലാണ് ജീവിക്കുന്നത്. ഇസ്രായേലിലെ ജൂതന്മാരില്‍ ഫലസ്തീനി ജൂതര്‍ 24 ശതമാനം മാത്രമാണ്. നാല്‍പത്‌ ശതമാനം പടിഞ്ഞാറന്‍ നാടുകളില്‍നിന്നും മുപ്പത്തിയാറു ശതമാനം പൗരസ്ത്യ നാടുകളില്‍ നിന്നും ഫലസ്തീന്റെ ജൂതവല്‍ക്കരണത്തിറെ ഭാഗമായി കുടിയേറിയതാണ്.
എന്നെങ്കിലും ഒരിക്കല്‍ മടങ്ങിപ്പോകാനാകുമെന്ന പ്രതീക്ഷയില്‍ തങ്ങളുടെ വീടുകളുടെ താക്കോല്‍ പലരും ഇപ്പോഴും സൂക്ഷിക്കുന്നു. പ്രതീകാത്മകമായി താക്കോല്‍ മാതൃകകളുമായിട്ടാണ് നക്ബ ദിനങ്ങളില്‍ ഫലസ്തീനികള്‍ പ്രകടനം നടത്തുന്നത്.
യാഥാര്‍ത്ഥത്തില്‍ നക്ബയുടെ ചരിത്രം തുടങ്ങുന്നത് 48-ല്‍ നിന്നല്ല. രണ്ടു നൂറ്റാണ്ടിന്റെയെന്ന്കിലും പഴക്കം അതിനുണ്ടാവും. നെപ്പോളിയനോളം പഴക്കമുണ്ടതിനു. 1799-ല്‍, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വികാസം തടഞ്ഞു നിറുത്താന്‍, ഫലസ്തീനിലെക്ക് കടക്കാന്‍ ശ്രമിച്ച നെപ്പോളിയന്‍, തങ്ങളുടെ വാഗ്ദത്ത ഭൂമി വീണ്ടെടുക്കാന്‍ ഫ്രാന്‍സിനോപ്പം ചേരാന്‍ ജൂതരെ ക്ഷണിച്ചു. ആയിരത്തി എണ്ണൂറിന്റെ അവസാനമായപ്പോഴേക്കും ആസൂത്രിതമായി ഫലസ്തീന്‍ പ്രദേശങ്ങളില്‍ സിയോണിസ്റ്റ് കുടിയേറ്റം ആരംഭിച്ചിരുന്നു. ഉസ്മാനിയ (ഒട്ടോമന്‍) ഭരണാധികാരികളെ കബളിപ്പിച്ചും അവരുടെ മേല്‍ അന്തരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തിയും യൂറോപ്പില്‍ നിന്നും മറ്റുമായി ബിസിനസുകാരായും തീര്‍ഥാടകാരയും എത്തി ഫലസ്തീന്‍ ഭൂമി ജൂതര്‍ കൈക്കലാക്കി തുടങ്ങി. ജൂതകയ്യേറ്റം അവസാനിപ്പിക്കാന്‍ ശക്തമായ നിപാടുകള്‍ സ്വീകരിക്കാന്‍ ഉസ്മാനികള്‍ തീരുമാനിക്കുമ്പോഴേക്കും സമയം വൈകിയിരുന്നു. അതിനിടയില്‍ ഉസ്മാനികള്‍ക്കെതിരെ അറബ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന വിപ്ലവ ശ്രമങ്ങള്‍ ഖിലാഫതിനെ ദുര്‍ബലപ്പെടുത്തുകയും ഒന്നാം ലോക മഹായുദ്ധത്തോടെ ഫലസ്തീന്‍ ബ്രിട്ടന് കീഴ്പ്പെടുകയും ചെയ്തു. 

സിയോണിസ്റ്റ് എഴുത്തുകാരനായ തിയോഡര്‍ ഹെര്‍ല്സിന്റെ ദേര്‍ ജൂതെന്‍സ്താത്(ജൂത രാഷ്ട്രം) എന്ന ഗ്രന്ഥവും 1917-ലെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ബാല്ഫോറിന്റെ ബാല്ഫോര്‍ പ്രഖ്യാപനവുമെല്ലാം ഈ ദുരന്തവഴിയിലെ ചില പ്രധാന അടയാളങ്ങളാണ്.  ജര്‍മനിയിലും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ജൂതര്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥക്ക് ബലിയാടേകേണ്ടി വന്നത് പാവം ഫല്സ്തീനികളായിരുന്നു. ഇസ്രായേല്‍ രാഷ്ട്രപ്രഖ്യാപനത്തിനു മുമ്പുള്ള നാളുകളില്‍ ബ്രിട്ടീഷുകാര്‍ സിയോണിസ്റ്റ് മാഫിയകള്‍ക്ക്‌ വ്യപാകമായി ആയുധങ്ങള്‍ വിതരണം ചെയ്തിരുന്നു. ആയുധംകൊണ്ട് നടക്കുന്ന ഫലസ്തീനീ അറബികള്‍ക്ക്‌ വധശിക്ഷയായിരുന്നു വിധി. ഓരോ പ്രഭാതവും അവര്‍ എതിരേറ്റത് വധശിക്ഷക്ക് വിധേയമാക്കൌന്നവരുടെ നീണ്ട നിരകളുമായിട്ടാണ്. ആരാച്ചാര്‍മാരുടെ കൈകള്‍ കുഴഞ്ഞുവെങ്കിലും ഞങ്ങളുടെ പിരടികള്‍ നീണ്ടു തന്നെ നിന്നുവെന്നാണ് അതിനെക്കുറിച്ച് ഫലസ്തീനീ എഴുത്തുകാര്‍ പറയാറുള്ളത്‌. ഫലസ്തീന്‍ ജൂതനമാര്‍ക്ക്‌ സമ്മാനിക്കാനുള്ള ബ്രിട്ടീഷ്‌ നീക്കത്തിനെതിരെ മുന്നില്‍ നിന്ന് പോരാടിയവരാണ് മുഫ്തി അമീന്‍ അല്‍-ഹുസൈനി, അബ്ദുല്‍ ഖാദിര്‍ അല്‍-ഹുസൈനി, ശൈഖ് ഇസ്സുദ്ദീന്‍ അല്‍-ഖസ്സാം തുടങ്ങിയവര്‍. 

സഈദ് റമദാന്‍ ബൂത്വി ധൈഷണിക വസന്തമായിരുന്നു

(തെളിച്ചം മാസികയുടെ 2013 മെയ്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

പോയമാസം പശ്ചിമക്കാഴ്ചയുടെ ദൃഷ്ടിയില്‍ പതിഞ്ഞ പ്രധാന സംഭവം ഡമാസ്കസിലെ മസ്ജിദുല്‍ ഈമാനില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു. ഈ കാലഘട്ടത്തിലെ എണ്ണം പ്പറഞ്ഞ പണ്ഡിതന്‍മാരിലൊരാളായ ശൈഖ് ഡോ. മുഹമ്മദ്‌ സഈദ്‌ റമദാന്‍ അല്‍-ബൂത്വിയുടെ മരണവാര്‍ത്ത മുസ്‌ലിം ലോകം ഏറെ ഞെട്ടലോടെയും ദു:ഖത്തോടെയാണ് ശ്രവിച്ചത്. ടുണീഷ്യയെയും ഈജിപ്തിനെയും ലിബിയയെയും തല്ലിതലോടി കടന്നുപോയ അറബ് വസന്തത്തിന്റെ കാറ്റ്‌ കഴിഞ്ഞ രണ്ടു വര്‍ഷമായി സിറിയയില്‍ ആഞ്ഞുവീശിയപ്പോള്‍ സംഭവിച്ച ദുരന്തക്കാഴ്ചയിലെ മറ്റൊരു അധ്യായമാണ് ശൈഖ് അല്‍-ബൂത്വിയുടെ കൊലപാതകം.
അശ്അരി വിശ്വാസ സരണിയും ശാഫിഈ കര്‍മ്മശാസ്ത്ര വഴിയും സ്വീകരിച്ച പാരമ്പര്യ ഇസ്‌ലാമിക പണ്ഡിതനായിരുന്നു ബൂത്വി. ഇസ്‌ലാമിക ചിന്താമണ്ഡലത്തെ അക്ഷരവാദികളായ സലഫികളും രാഷ്ട്രീയവത്കൃത ഇസ്‌ലാമിന്റെ വക്താക്കളും റാഞ്ചിയെടുക്കാതിരിക്കാനും പാരമ്പര്യ ഇസ്‌ലാമിക ചിന്തകള്‍ ആധികാരികമായി അവതരിപ്പിക്കാനും അക്ഷീണം യത്നിച്ച ഒരു മഹാപണ്ഡിത പ്രതിഭയായിരുന്നു ഡോ. റമദാന്‍ അല്‍-ബൂത്വി. ഇസ്‌ലാം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ഇസ്‌ലാമിക പാഠങ്ങള്‍ തന്റെ ചിന്തകളിലൂടെയും രചനകളിലൂടെയും ലോകത്തിനു മുന്നില്‍ വെക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവന്നത് അവിതര്‍ക്കിതമാണ്.
വൈജ്ഞാനിക യാത്ര
നാലു വയസ്സ് പ്രായമുള്ളപ്പോള്‍ പിതാവ്‌ ശൈഖ് മുല്ലാ റമദാന്‍ ബൂത്വിയോടൊപ്പം തുര്‍ക്കിയില്‍ നിന്നും ദമാസ്കസിലേക്ക് കുടിയേറിയതാണ് ബൂത്വി. മൂന്ന് ഭാഗവും ടൈഗ്രീസ് നദിയാല്‍ ചുറ്റപ്പെട്ട തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി പ്രദേശമായ ഇബ്നു ഉമര്‍ ദ്വീപിലെ ജലീക ഗ്രാമത്തില്‍ നിന്നും കമാലിസ്റ്റ് മതനിരാസത്തിന്റെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെടാനായി സിറിയിലെത്തിയവരാണ് ബൂത്വിയുടെ കുടുംബം. പാരമ്പര്യ ഇസ്‌ലാമിക വൈജ്ഞാനീയങ്ങള്‍ പിതാവില്‍ നിന്ന് തന്നെ അഭ്യസിച്ച ബൂത്വി ചെറുപ്പത്തിലേ ഖുര്‍ആന്‍ പുറമേ അല്‍ഫിയ്യ ബിന്‍ മാലിക്‌ പോലുള്ള വ്യാകരണ ഗ്രന്ഥങ്ങളും മനപ്പാഠമാക്കിയിരുന്നു.
പ്രാഥമിക-സെക്കന്ററി വിദ്യാഭാസം ദമാസ്കസില്‍ തന്നെ പൂര്‍ത്തിയാക്കിയ ബൂത്വി ഉന്നത പഠനത്തിനു തെരഞ്ഞെടുത്തത്‌ ഈജ്ജിപ്തിലെ അല്‍-അസ്ഹര്‍ സര്‍വകലാശാലയായിരുന്നു. അവിടെ നിന്നും ഡിപ്ലോമയും ബിരുദവും പൂര്‍ത്തിയാക്കിയ അദ്ദേഹം 1965-ല്‍ അസ്ഹറില്‍ നിന്നു തന്നെ ഡോക്ടറേറ്റും നേടി.
ദമാസ്കസ് സര്‍വകലാശാലയിലെ ശരീഅത്ത്‌ ഫാക്കല്‍റ്റിയില്‍ അധ്യാപകനായി ഒദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് അതിന്റെ വൈസ്‌ ഡീനും ശേഷം ഡീനുമായി നിയമിക്കപ്പെട്ടു. ദമാസ്കസിലെ വിവിധ പള്ളികളില്‍ അദ്ദേഹം ദിനേനയെന്നോണം പ്രാഭാഷണങ്ങള്‍ നടത്തിയിരുന്നതായി യൂണിവേര്‍സിറ്റിയില്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഷാര്‍ജ യൂണിവേഴ്സിറ്റിയിലെ ലക്ചര്‍ ഡോ. മുഹമ്മദ്‌ ഫത്‌ഹീ റാശിദ് അല്‍-ഹരീരി ശൈഖ് ബൂത്വിയെക്കുറിച്ചുള്ള തന്റെ ഓര്‍മ്മക്കുറിപ്പില്‍ രേഖപ്പെടുത്തുന്നു. അക്കാദമിക രംഗങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന ഇക്കാലയളവില്‍, അദ്ദേഹത്തിന്റെ മരണത്തിന് സാക്ഷ്യംവഹിച്ച മസ്ജിദുല്‍ ഈമാനും അമവി ഭരണാധികാരിയായ വലീദ് ബിന്‍ അബ്ദുല്‍ മാലിക് നിര്‍മിച്ച സിറിയയിലെ ഏറ്റവും പ്രസിദ്ധമായ അമവി മസ്ജിദിലും ഉള്‍പ്പെടെ വിവിധ മസ്ജിദുകളില്‍ വൈജ്ഞാനിക സദസ്സുകള്‍ക്ക് അദ്ദേഹം നേത്രത്വം നല്‍കി.
അന്താരാഷ്ട്ര തലത്തില്‍ വിവിധ സമ്മേളനങ്ങളിലും സെമിനാറുകളിലും സ്ഥിര സാന്നിധ്യമായിരുന്ന അദ്ദേഹം പല കൂട്ടായ്മകള്‍ക്കും നേത്രത്വം നല്‍കി. ആല്‍ അല്‍-ബൈത്ത് ഫൌണ്ടേഷന്‍ ഫോര്‍ ഇസ്‌ലാമിക് തോട്ട് അമ്മാന്‍, ജോര്‍ദാന്‍, ത്വാബ ഫൗണ്ടേഷന്‍, അബുദാബി, ഓക്സ്ഫോര്‍ഡ് അക്കാദമിക് കൌണ്‍സില്‍ തുടങ്ങിയവയിലോക്കെയും പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അദ്ദേഹത്തിന് 2004-ല്‍ മികച്ച ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ ലഭിച്ചു. അറബിക്കു പുറമേ, തുര്‍ക്കി, കുര്‍ദു ഭാഷകളില്‍ അവഗാഹം ഉണ്ടായിരുന്ന അദ്ദേഹത്തിനും ഇംഗ്ലീഷും വശമുണ്ടായിരുന്നു.
രചനയും കാഴ്ചപ്പാടും
സൂഫി ചിന്താധാരയോടു ആഭിമുഖ്യം പുലര്‍ത്തിയ തന്റെ പിതാവിനെ പിന്‍പറ്റി അതേ വഴിയില്‍ തന്നെയാണ് ശൈഖ് റമദാനും സഞ്ചരിച്ചത്. 84 വയസ്സുവരെയുള്ള തന്റെ ജീവിതത്തിനിടയില്‍ അറുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തെ സമകാലികരില്‍ പലരും സാദൃശ്യപ്പെടുത്തുന്നത് ഇമാം ഗസാലിയോടാണ്. നിശ്ശബ്ദ വൈജ്ഞാനിക വിപ്ലവത്തിനാണ് ബൂത്വി മുന്‍ഗണന നല്‍കിയത്‌. ഒരേസമയം ഇസ്‌ലാമിനുള്ളിലെ അവാന്തര വിഭാഗങ്ങളെയും അതേപ്രകാരം ഇസ്‌ലാമിക വിരുദ്ധ ചിന്താഗതികളെയും അക്കാദമികമായി നേരിടുന്നതില്‍ അദ്ദേഹം ശ്രദ്ധ കാണിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാവും.
അസ്സലഫിയ്യ: മര്‍ഹല സമനിയ്യ മുബാറക, ലാ മദ്ഹബ് ഇസ്‌ലാമി (സലഫിസം: അനുഗ്രിഹീത കാലഘട്ടമാണ്; ഇസ്‌ലാമിക സരണിയല്ല),അല്ലാമദ്ഹബിയ്യ അഖ്തര്‍ ബിദ്അ തുഹദ്ദിദു അല്‍-ശരീഅ അല്‍-ഇസ്‌ലാമിയ്യ (മദ്ഹബ് നിരകാരണം: ഇസ്‌ലാമിക ശരീഅത്തിനെ അപായപ്പെടുത്തുന്ന ഏറ്റവുംവലിയ അനാചാരം) എന്നീ രണ്ടു ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക പൊതുധാരയില്‍ നിന്നും വ്യത്യസ്ത നിലപാട്‌ സ്വീകരിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയും സന്ദേശവുമാണ്. ആദ്യത്തെ ഗ്രന്ഥത്തില്‍ പ്രത്യേകമായ ഒരു രൂപവും ഭാവവും സൃഷ്ടിച്ചു ഇസ്‌ലാമിക മുഖ്യധാരയില്‍ നിന്ന് വേറിട്ട്‌ നില്‍ക്കാന്‍ ശ്രമിക്കുന്ന സലഫിസത്തിന്റെ നിലപാടുകളെ തെളിവുകളുടെ വെളിച്ചത്തില്‍ അദ്ദേഹം വിചാരണക്ക്‌ വിധേയമാക്കുന്നു.
ഇസ്‌ലാമിന്റെ ആധികാരിക ഉറവിടങ്ങളെ മനസ്സിലാക്കുന്നതിലും വിശദീകരിക്കുന്നതിലും ഹിജ്റയുടെ ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന സലഫുകളുടെ മാര്‍ഗമാണ് തങ്ങള്‍ പിന്തുടരന്നതെന്നും മറ്റുള്ളവര്‍ സല്ഫിന്റെ മാര്‍ഗത്തില്‍ നിന്ന് അകലെയാണെന്നുമുള്ള സലഫി കാഴ്ചപ്പാട് നിരാകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത് അടിസ്ഥാന തെളിവുകള്‍ മനസ്സില്ലാക്കുന്നതില്‍ സലഫുകള്‍ മാത്രമായി ഒരു പ്രത്യേക നിലപാട് കൈകൊണ്ടിട്ടില്ലെന്നും സലഫും ഖലഫും (ശേഷം വന്നവര്‍) ഇക്കാര്യത്തില്‍ ഓരോ നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഓരോ കാലഘട്ടത്തിലും സംഭവിച്ച മാറ്റങ്ങള്‍ക്കും ജീവിതപുരോഗതിക്കും അനുസൃതമായി സലഫിന്റെ കാലഘട്ടത്തില്‍ തന്നെയുണ്ടായ വീക്ഷണ വ്യതാസങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ശൈഖ് ബൂത്വി അവര്‍ ഒരിക്കലും അവരുടെ വാക്കുകളുടെ കേവല അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നവരായിരുന്നില്ല. മറിച്ചു, ഉസൂലുകളുടെ (അടിസ്ഥാന ശാസ്ത്രം) അടിസ്ഥാനത്തില്‍ നിയമങ്ങള്‍ കണ്ടെത്താനു അവര്‍ ശ്രമിച്ചത്‌. മുസ്‌ലിം ലോകം എല്ലാകാലത്തും പിന്തുടരുന്നതും അത് തന്നെയാണ്. ഇല്മുല്‍ കലാം (വിശ്വാസ ശാസ്ത്രം) സംബന്ധിച്ച ഇമാം ഗസാലിയുടെയും ഇബ്നു തീമിയ്യയുടെ നിലപാടുകളെയും കര്‍ശന വിചാരണക്ക് വിധേയമാക്കുന്നുണ്ട് അദ്ദേഹം. തസവ്വുഫ്‌, തവസ്സുല്‍ എല്ലാം ഈ ഒരു നിലപാട് നിന്നുകൊണ്ട് അദ്ദേഹം ചര്‍ച്ചക്ക്‌ വിധേയമാക്കുന്നു.
യുക്തിവാദം, കമ്മ്യൂണിസം, ഭൗതികവാദം തുടങ്ങിയവക്കെതിരെയും അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. ഹേഗലിന്റെയും മാര്‍കിസത്തിന്റെയും കൂട്ടുത്പന്നമായ വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദ (Dialectical Materialism)ത്തിന്റെ പൊള്ളത്തരങ്ങള്‍ വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ കൃതിയാണ് നഖ്‌ദു അവ്ഹാമി അല്‍-മാദിയ്യ അല്‍-ജദലിയ്യ. പാശ്ചാത്യന്‍ സംസ്കാരം, ഇസ്‌ലാമിന്റെ സ്ത്രീ വീക്ഷണം, പ്രവാചക ചരിത്രം, ആധുനിക പ്രശ്നങ്ങളുടെ കര്‍മശാസ്ത്ര മാനം, മറ്റു മതക്കാരുമായുള്ള സഹവര്‍ത്തിത്വം, ഖുര്‍ആനിക വിഷയങ്ങള്‍ തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലകള്‍ കുറവാണ്.
രാഷ്ട്രീയ നിലപാടുകള്‍
ശൈഖ് ബൂത്വി ഏറ്റവും അധിക വിമര്‍ശിക്കപ്പെട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ മൂലമാണ്. ഏറ്റവും അവസാനമായി കഴിഞ്ഞ രണ്ടു വര്‍ഷമായി സിറിയയില്‍ നടക്കുന്ന ആഭ്യന്തര കലാപത്തില്‍ ബശ്ശാര്‍ അല്‍-അസദിനോപ്പം നിലകൊണ്ടത് അദ്ദേഹത്തിന് ഏറെ ശത്രുക്കളെ സൃഷ്ടിക്കുകയും ജനകീയതക്ക് പോറലെല്‍പ്പിക്കുകയും ചെയ്തു. പക്ഷേ അത്തരം നിലപാടുകള്‍ക്ക് അദ്ദേഹത്തിന് ന്യായങ്ങളുണ്ടായിരുന്നു. വ്യക്തമായ അവിശ്വാസം കണ്ടാലല്ലാതെ നിങ്ങള്‍ ഭരണാധികാരികള്ക്കെതിരെ തിരിയരുത്‌ എന്ന പ്രവാചക അധ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യമായ അത്തരമൊരു നിലപാട് സ്വീകരിക്കുന്നത് വരെ ഭരണകൂടത്തിനെതിരെ തിരിയുന്നത് തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
തന്റെ സ്വകാര്യ സംഭാഷണങ്ങളില്‍ ബഅസികള്‍ക്കെതിരെ എപ്പോഴും സംസാരിക്കാറുന്ടായിരുന്നുവേന്നു ശിഷ്യന്‍ ലക്ചര്‍ ഡോ. മുഹമ്മദ്‌ ഫത്‌ഹീ റാശിദ് അല്‍-ഹരീരി ഓര്‍ക്കുന്നു. ആദ്യകാലത്ത്‌ അദ്ദേഹം അസദീ ഭരണകൂടത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നുവെന്നു ഡോ. അല്‍ -ഹരീരി പറയുന്നു. ഭരണാധികാരികള്‍ക്കെതിരെ അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് ശക്തമായി എതിര്‍ക്കുന്നുണ്ട് 1993-ല്‍ പുറത്തിറക്കിയ അല്‍-ജിഹാദ്‌ ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ ബൂത്വി. 1982-ല്‍ ബശ്ശാറിന്റെ പിതാവ്‌ ഹാഫിദുല്‍ അസദ്‌ ഹമാ പട്ടണത്തില്‍ നടത്തിയ ഇഖ്വാനുല്‍ മുസ്ലിമീന്‍ എതിരെ നടത്തിയ സായുധ പോരാട്ടത്തില്‍ ഒട്ടനവധി പേര്‍ കൊല്ലപ്പെട്ടപോഴും ബൂത്വി സ്വീകരിച്ച നിലപാടുകള്‍ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ സായുധപോരാട്ടവും ഭരണകൂടത്തിനെതിരെയുള്ള നിലപാടുകളും കൂടുതല്‍ വിനാശത്തിനും കാരണമാവുമെന്നതു കൊണ്ട് അതിനെതെരായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്‌.
ഭരണാധികാരികളോടും നേതാക്കനമാരോടും നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് തന്റെ താല്പര്യമെന്നും പറഞ്ഞിരുന്ന ബൂത്വി അവരോടു പറഞ്ഞ കാര്യങ്ങളെകുറിച്ച് ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. ഇതാണ ഞാന്‍ ചില രാഷ്ട്രത്തലവന്മാരോടും രാജക്കന്മാരോടും പറഞ്ഞത്‌ എന്ന തലക്കെട്ടിലുള്ള രചനയില്‍ ഇരു അസദുമാരോടും ജോര്‍ദാനിലെ ഹുസൈന്‍ രാജാവിനോടും മൊറോക്കോയിലെ ഹസന്‍ രാജാവിനോടും പറഞ്ഞ കാര്യങ്ങള്‍ അദ്ദഹം വിവരിക്കുന്നു.
സിറിയന്‍ പോരാളികളെ നികൃഷ്ടര്‍ എന്ന് വിളിച്ചതും ബാശ്ശാറിന്റെ ചിത്രത്തില്‍ സുജൂദ്‌ ചെയ്യാന്‍ അസദിന്റെ സൈനികര്‍ നിര്‍ബന്ധിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അത് ഒരു വിരിപ്പായി കരുതി അതില്‍ അല്ലാഹുവിനു സുജൂദ്‌ ചെയ്‌താല്‍ മതി തുടങ്ങിയ ഫതവകളും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു സിറിയയില്‍. അതേസമയം സൈനിക മേധാവികള്‍ നിര്‍ബന്ധിച്ചാല്‍ പോലും പ്രകടനക്കാരെ കൊല്ലാന്‍ പാടില്ലെന്ന് ഒരു സൈനികന്റെ ചോദ്യത്തിനുത്തരമായി അദ്ദഹം പറയുന്നു.


മരണമോ കൊലപാതകമോ
മസ്ജിദുല്‍ ഈമാനില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ അദ്ദേഹം മാര്‍ച്ച് 21 നു കൊല്ലപ്പെട്ടുവെന്നാണ് ഒദ്യോഗിക ഭാഷ്യം. ഭരണകൂടവും പോരാളികളും പരസ്പരം പഴിചാരുന്നുണ്ട്. ശക്തമായ സുരക്ഷയുള്ള ആ പള്ളിയിലേക്ക് അത്രവേഗം കടന്നു ചെല്ലാന്‍ കഴിയില്ലെന്നിരിക്കെ ഭരണകൂടത്തിന്റെ ഒത്താശയോടെ ചെയ്തതാണ് ഇതെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്. ഇത്മായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഭരണകൂടത്തിനനുകൂലമായി സഹതാപ തരംഗമുണ്ടാക്ക്കാനും ബൂത്വിയുടെ ശിഷ്യന്മാര്‍ ഉള്‍പ്പെടുന്ന പോരാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് ഈ കൃത്യം ചെയ്തതെന്നും വിലയിരുത്തപ്പെടുന്നു.
ശൈഖ് ബൂത്വിയുടെത് സ്വാഭാവിക മരണമാണെന്നും അത് തനിക്ക് അനുകൂലമാക്കാന്‍ ഇങ്ങനെ ഒരു സ്ഫോടനം സൃഷ്ടിച്ചതാണെന്നും ഒരു ഭാഷ്യമുണ്ട്. ബൂത്വിയുടെ സതീര്‍ത്ഥ്യനും സിറിയന്‍ വിപ്ലവത്തെ അനുകൂലിക്കുന്ന അശ്അരി പണ്ഡിതനുമായ ശൈഖ് അബുല്‍ ഹുദ അല്‍-യഅഖൂബി ശര്ഖുല്‍ അവ്സത്വ് ദിനപത്രത്തോട് പറഞ്ഞത്‌ അദ്ദേഹം ബൂത്വിയുടെ അടുത്ത വലയങ്ങളുമായി നിരന്തരം സമ്പര്‍ക്കതിലായിരുന്നുവെന്നും ബശ്ശാറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ അദ്ദഹവുമായി ബന്ധപ്പെട്ടിരുന്നുവെന്നും അത്തരമൊരു നിലപാടിലേക്ക്‌ മാറാന്‍ അദ്ദേഹം തയ്യാരായിരുന്നുവേന്നുമാണ്. മലേഷ്യയില്‍ നടക്കുന്ന ഒരു ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം സമ്മതം ചോദിച്ചെങ്കിലും അസദ്‌ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും കൂറുമാറുമെന്നഭയത്താല്‍ അദ്ദേഹത്തെ വകവരുത്തിയെന്നും യഅഖൂബി പറയുന്നു. ഡോ. മുഹമ്മദ്‌ റാഷിദ്‌ ഹരീരിയും അദ്ദേഹത്തെ വധിച്ചത്‌ അസദ്‌ ഭരണകൂടമാണെന്ന നിലപാടിലാണ്.

നല്ലവനെന്നോ മോശപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ, വിശ്വാസിയോടു ചെയ്യുന്നതു കാര്യമാക്കാതെ,  ഉടമ്പടി ചെയ്തവരോടുള്ള ഉടമ്പടി പാലിക്കാതെ തന്റെ സമുദായത്തിന്റെ മേല്‍ കൊലവിളിയുമായി ഇറങ്ങി പുറപ്പെടുന്നവന്‍ എന്നില്‍ പെട്ടവനോ ഞാന്‍ അവനില്‍ പെട്ടവനോ അല്ലെന്ന (ഇമാം മുസ്‌ലിം) പ്രവാചകവചനം ഇവിടെ ഓര്‍ക്കാതെ വയ്യ. നാഥന്‍ ആ പണ്ഡിത പ്രതിഭക്ക് പോറുത്ത്‌കൊടുക്കയും അവരോടൊപ്പം നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെയെന്നു പ്രാര്‍ഥിക്കാം. 

ഇറാഖ്‌: അധിനിവേശത്തിന്റെ പത്ത് വര്‍ഷങ്ങള്‍


(തെളിച്ചം മാസികയുടെ 2013 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

2003 മാര്‍ച്ച് 19, പത്ത്‌ വര്ഷം മുമ്പ്; അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് മകന്‍ ബുഷ്‌ ടെലിവഷനില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും ബോംബ്‌സ്‌ഫോടനങ്ങളുടെ അത്യുഗ്രന്‍ ശബ്ദങ്ങളോടെയാണ് ബാഗ്ദാദില്‍ നേരം വെളുtത്തിരുന്നു. അമേരിക്കകാരോട് അന്ന് ബുഷ്‌ പറഞ്ഞത്‌ നാം ആക്രമണം തുടങ്ങിയിരിക്കുന്നു. ഇറാഖിനെ നിരായുധീകരിക്കാന്‍, അവിടത്തെ ജനങ്ങളെ സ്വതന്ത്രരാക്കാന്‍, ലോകത്തെ ഗുരതര ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍, ഈ പഞ്ചാര വാക്കുകളുമായി ബുഷിന്റെ നേത്രത്വത്ത്തില്‍ അമേരിക്ക നടത്തിയ ഇറാഖി അധിനിവേശത്തിനു പത്താണ്ട് തികയുന്ന ഘട്ടത്തില്‍  ഈ യുദ്ധംകൊണ്ട് എന്തുനേടിയെന്നു ലോകം ചര്‍ച്ചചെയ്യുന്നു.
ഏറ്റവും പുതിയ സര്‍വേകള്‍ പ്രകാരം അമേരിക്കാരില്‍ പകുതിയിലധികവും ഇന്ന് വിശ്വസിക്കുന്നത് ഇറാഖ്‌ അധിനിവേശം ഒരു തെറ്റായിരുന്നുവെന്നാണ്. യുദ്ധത്തിനു കാരണമായി അമേരിക്കയും ബ്രിട്ടനും ലോകത്തിനു മുന്നില്‍ വെച്ച കാരണങ്ങള്‍ വെറും കള്ളത്തരങ്ങളായിരുന്നുവെന്നു പിന്നീട് ലോകം മനസ്സിലാക്കിയപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി ഈ ഒരു രാജ്യത്തെ തകര്‍ത്തു തരിപ്പണമാക്കി കയ്യില്‍ വെച്ച് കൊടുത്തിട്ട് പത്തുവര്‍ഷത്തിനിപ്പുറാം അതൊരു തെറ്റായിരുന്നുവെന്നു വിലപിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. പക്ഷെ യുദ്ധത്തിന്റെ പിന്നാമ്പുറങ്ങളിലേക്കുള്ള യാത്ര ഒരു ചരിത്ര വിദ്യാര്‍ത്ഥിയുടെ കൌതുകത്തിനപ്പുറം ഒരു പാട് പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.
പശ്ചാത്തല സംവിധാനം
ഇറാഖ്‌ അധിനിവേശം എന്ന് കേള്‍ക്കുമ്പോഴേക്കും എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്ന രണ്ടു പേരുകള്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ബുഷിന്റെതും ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണി ബ്ലയറുടെതുമാണ്. ഇറാഖ്‌ അധിനിവേശത്തിനു പ്രധാന കാരണമായി ഈ കൂട്ടുകെട്ട് നിരത്തിയത്‌ ഇറാഖില്‍ കൂട്ട സംഹാര ആയുധങ്ങളുടെ സാനിധ്യമുണ്ടെന്നതായിരുന്നു. രാസ-ജൈവ ആയുധങ്ങളുമായി സദ്ദാം ഹുസൈന്‍ ലോകത്തിനു ഭീഷണിയുയര്‍ത്തുന്നുവെന് വാദവുമായിട്ടാണ് ഇറാഖിനെ വെട്ടിപിടിക്കാന്‍ ഇവര്‍ ഇറങ്ങിത്തിരിച്ചത്.  അമേരിക്കന്‍ മാധ്യമങ്ങളുടെ നിര്‍ലോഭ പിന്തുണയും ഇവര്‍ക്ക്‌ കിട്ടി.
ഹാന്‍സ്‌ ബ്ലാന്കിന്റെ നേത്രത്വത്തില്‍ യു.എന്‍ നിരീക്ഷകര്‍ പലപ്പോഴായി ഇറാഖില്‍ അരിച്ചുപൊറുക്കിയിട്ടും മരുന്നിനു പോലും ഇവ കണ്ടെത്താനായില്ലയെന്നത് അവര്‍ക്ക് ഒരു പ്രശ്നമായിരുന്നില്ല. കാരണം ഇറാഖിനെ ആക്രമിക്കാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. അതിനു മറ്റുള്ളവരുടെ മുന്നില്‍ കേള്‍ക്കാന്‍ കൊള്ളാവുന്ന ചില കാരണങ്ങള്‍ അവതരിപ്പിച്ചുവെന്നു മാത്രം. ഇത്തരം ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് യുന്‍. സംഘം അന്ന് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അന്നത്തെ യു.എസ്. പ്രതിരോധ സെക്രട്ടറി റൊണാള്‍ഡ് റംസ്ഫീല്‍ഡ്‌ പറഞ്ഞത് തെളിവ് ഇല്ല എന്നതിന്റെ അര്‍ത്ഥം ഇല്ലാത്തതിന് തെളിവുണ്ടെന്നല്ല (The absence of evidence is not evidence of absence) അതായത്‌ പ്രതിയാക്കാന്‍ തെളിവില്ലെങ്കിലും പ്രതിയല്ലെന്നത്തിന്റെ തെളിവല്ലല്ലോയെന്നു. പത്താം വാര്‍ഷിക വേളയില്‍ സി.എന്‍.എന്നില്‍ എഴുതിയ ലേഖനത്തില്‍ ഹാന്‍സ്‌ ബ്ലാങ്ക് ഇത് വിശദീകരിക്കുന്നുണ്ട്.
2001 സെപ്റ്റംബര്‍ 11 സംഭവങ്ങള്‍ക്കുടനെ തന്നെ അഫ്ഗാനൊപ്പം ഇറാഖ്‌ കടന്നു കയറ്റത്തിനും യുദ്ധത്തിന്റെ എന്‍ജിനീയര്‍മാര്‍ പ്ലാന്‍ വരച്ചിരിന്നുവെന്നതാണ് സത്യം. ഫ്രാന്‍സിലെ സി.ഐ.എ തലവനായിരുന്ന ബില്‍ മുറായ് അന്നത്തെ ഇറാഖ്‌ വിദേശകാര്യമന്ത്രി നാജി സബ്റിയെ ഉദ്ധരിച്ചു നല്‍കിയ ഇന്റെലിജന്‍സ്‌ റിപ്പോര്‍ട്ട് പോലും യുദ്ധത്തിനു അനുകൂലമായി മാറ്റിയെഴുതപ്പെട്ടതായി പിന്നീട് വെളിപ്പെടുകയുണ്ടായി. അന്നത്തെ ഇറാഖ്‌ നേത്രത്വം തന്നെ മുന്‍കൈയെടുത്തു പല സമാധാന ശ്രമങ്ങള്‍ക്ക്‌ ഇടപെട്ടെവേന്കിലും അതും ഫലം കണ്ടില്ല. പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന പോള്‍ വോള്‍ഫോവിസ്റ്റും അന്നത്തെ വൈസ്‌ പ്രസിഡന്‍റ് ഡിക് ചെനിയുമാണ് അമേരിക്കയുടെ യുദ്ധഭ്രാന്തിന്റെ യഥാര്‍ത്ഥ പിന്നണി പ്രവര്ത്തകരെന്നാണ് ലോകം വിലയിരുത്തുന്നത്. ഇസ്രയേലിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടിരുന്ന ഇവര്‍ സെപ്റ്റംബര്‍ പതിനൊന്നു ആക്രമണങ്ങള്‍ക്ക് ഉടനെ തന്നെ ഇറാഖിനെതിരെ വാളോങ്ങി തുടങ്ങിയിരുന്നു. അല്‍-ഖാഇദയും സദ്ദാമും തമ്മില്‍ ചങ്ങാത്തത്തിലാണെന്നും വിവിധ സ്ഥലങ്ങളില്‍ വെച്ച് ഇറാഖി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി അന്നത്തെ ആക്രമണത്തില്‍ പങ്കെടുത്തവര്‍ സന്ധിച്ചുവെന്നും തങ്ങള്‍ക്കു ഓശാന പാടുന്ന മാധ്യമങ്ങളിലൂടെ ഇവര്‍ വാര്‍ത്തയാക്കികൊണ്ടിരുന്നു. കൂട്ട സംഹാരായുധങ്ങളെക്കുറിച്ച് പറഞ്ഞത് പോലെ മറ്റൊരു പച്ച നുണയായിരുന്നു ഇത്. 
ഇറാന്‍-ഇറാഖ്‌ യുദ്ധകാലത്ത് തങ്ങളുടെ സുഹൃത്തായിരുന്നു സദ്ദാമിനെ അറിയാത്തത് കൊണ്ടല്ല മറിച്ചു അച്ഛന്‍ ബുഷിന്റെ കാലത്ത്‌ പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നു അജണ്ട നടപ്പാക്കാന്‍ വേണ്ടി മാത്രം. അറബ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായ ബഅഥ് പാര്‍ട്ടിയുടെ  തലവനായ സദ്ദാമിന് ഇസ്‌ലാമിനോട് കാര്യമായ താത്പര്യമുണ്ടായിരുന്നൈല്ലയെന്നത് എല്ലാവര്‍ക്കുമറിയാമല്ലോ. ആവശ്യാനുസരണം അതിനെ ഉപയോഗ്പ്പെടുത്തിയിരുന്നുവേന്കിലും; കേണല്‍ ഗദ്ദാഫിയെപ്പോലെ.
അധിനിവേശത്തിന്റെ വില
ഇറാഖിലെ ജനങ്ങള്‍ക്ക്‌ ഭൂമിയിലെ സ്വര്‍ഗം വാഗ്ദാനം ചെയ്തു ഇറാഖിലേക്ക് കടന്നു കയറിയപ്പോള്‍ ഇത്രയും നീണ്ട ഒരു യുദ്ധത്തിലേക്കാണ് എടുത്തുചാടുന്നതെന്ന് അമേരിക്ക നിനച്ചിരിക്കില്ല. ആദ്യത്തെ ഗള്‍ഫ്‌ യുദ്ധം കഴിഞ്ഞപ്പോള്‍ ബുഷ്‌ ഒന്നാമന്റെ കമന്റ് നമ്മള്‍ വിയറ്റ്നാം സിന്‍ഡ്രം അതിജീവിച്ചുവേന്നായിരുന്നു. വിയറ്റ്നാമിലെ കയ്പേറിയ അനുഭവങ്ങള്‍ അത്രയ്ക്ക് അവരെ വേട്ടയാടിയിരുന്നു. എന്നാല്‍ അതിലും വലിയ സിന്‍ഡ്രോമാണ് രണ്ടാം ഗള്‍ഫ്‌ യുദ്ധം അമേരിക്കക്ക്‌ സമ്മാനിച്ചതെന്നതതില്‍ അമേരിക്കക്കാര്‍ക്ക് രണ്ടു പക്ഷമുണ്ടാവാന്‍ തരമില്ല.
നൂറിലധികം മാസം നീണ്ടു നിന്ന ഈ യുദ്ധത്തിന്റെ കണക്കെടുത്താല്‍ നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റാണ് മുന്നില്‍ വരിക. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ കണക്കനുസരിച്ച് തന്നെ 4488 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 32,000 ലധികം സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു ഇക്കാലയളവിനു ഇടയില്‍. 
ഇറാഖികളുടെ കാര്യം പറയാതിരിക്കുകയാവും ഭേദം. ബ്രൌണ്‍ യൂണിവേഴ്സിറ്റിയിലെ വാട്സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് യുദ്ധത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ പഠനമനുസരിച്ചു ഒരു ലക്ഷത്തി മുപ്പതിനാലായിരം ഇറാഖി സിവിലിയന്‍മാര്‍ ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാഖികളുടെ മരണ സംഖ്യ ഇതിന്റെ നാലിരട്ടിവരെ ആകാന്‍ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. രോഗവും പട്ടിണിയും പകര്‍ച്ചവ്യാധിയും മാറ്റും മൂലം മരിച്ചവരുടെയും മരിച്ചു ജീവിക്കുന്നവരുടെയും എണ്ണം അതിനപ്പുറമായിരിക്കും. ആദ്യ ഗള്‍ഫ്‌ യുദ്ധത്തിനു ശേഷം പത്ത്‌ വര്ഷം നീണ്ട ഉപരോധത്തിന്റെ ഫലം അനുഭവിക്കേണ്ടിവന്ന ഇറാഖ്‌ ജനതയുടെ കൂടി എണ്ണം കൂട്ടിയാല്‍  കണക്കുകള്‍ മില്യന്‍ കവിയുമെന്ന് തീര്‍ച്ച.
1.7 ട്രില്യന്‍ (1,700,000,000,000) അമേരിക്കന്‍ ഡോളര്‍ ഇതുവരെ യുദ്ധത്തിനായി ചെലവഴിച്ചുകഴിഞ്ഞുവെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 50- 60 ബില്യന്‍ ചെലവ്‌ കണക്കാക്കിയാണ് ബുഷും കൂട്ടരും യുദ്ധതിനിരങ്ങിയിരുന്നത്. എന്നാല്‍ കണക്കുകള്‍ വീണ്ടും ഉയരാനാണ് സാധ്യതയെന്നും മൂന്നോ നാലോ ട്രില്യന്‍ അമേരിക്കന്‍ ഡോളറാകുമെന്നും കണക്കാക്കപ്പെടുന്നു. ഇത്രയൊക്കെ ചെലവഴിച്ചു അമേരിക്ക എന്തു നേടിയെന്നു ഇന്ന് അവിടത്തെ മാധ്യമങ്ങളും വിവിധ മേഖലയിലുല്ലാവരും ചര്‍ച്ചചെയ്യുന്നു. പക്ഷെ അതുകൊണ്ട് എന്തുകാര്യം. തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഒരു രാജ്യത്തെ കുട്ടിച്ചോറാക്കി എന്നതാവും ഒറ്റവാക്കില്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ ബാക്കിപത്രം. 1991-ല്‍ ജനീവയില്‍ നടന്ന ഒരു യോഗത്തില്‍ അന്നത്തെ ഇറാഖ്‌ വിദേശകാര്യ മന്ത്രി താരിഖ്‌ അസീസിനോട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജയിംസ് ബക്കര്‍ പറഞ്ഞിരുന്നുവത്രേ ഇറാഖിനെ ഞങ്ങള്‍ നശിപ്പിക്കുകയും ശിലായുഗത്തിലേക്ക്‌ അതിനെ തിരിച്ചുകൊണ്ട് പോവുകയും ചെയ്യുമെന്നു. പത്ത് വര്‍ഷത്തിനു ശേഷം മറ്റൊരു പത്തുവര്ഷം നീണ്ട കടന്നു കയറ്റത്തിലൂടെ അമേരിക്ക അത് സാധിച്ചുടെത്തുവെന്നു പറയുന്നതാകും ശരി.
പുതിയ ഇറാഖ്‌
മധ്യ പൗരസ്ത്യ ദേശത്ത് ജനാധിപത്യത്തിന്റെ പുതിയ സൂര്യോദയം വാഗ്ദാനം ചെയ്തു അന്നത്തെ ബുഷ്‌ ഭരണകൂടം ഇറങ്ങിത്തിരിച്ചപ്പോള്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ ഒന്നും പോലും നെടാനയില്ലന്നതാണ് സത്യം. ഒരു പെരുന്നാള്‍ ദിനത്തില്‍ സദ്ദാമിനു തൂക്കു കയര്‍ സമ്മാനിച്ചുവന്നത് മാത്രമാണ് ആകെ അമേരിക്കക്ക് എടുത്തു പറയാവുന്ന നേട്ടം. മറ്റു പല അറബ് ഭരണാധികാരികളെയും പോലെ സദ്ദാമും ഒരു ഏകാധിപതിയായിരുന്നു. പക്ഷെ സാധാരണക്കാരന് ജീവിക്കാനുള്ള സൌകര്യമുണ്ടായിരുന്നു, സുരക്ഷയും നിയമ സംവിധാനവും നിലനിന്നിരുന്നു.
ഇന്നത്തെ ഇറാഖിന്റെ ചിത്രം ഏറെ ദയനീയമാണ്. എവിടെ എപ്പോഴാണ് സ്ഫോടനങ്ങള്‍ നടക്കുകയെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥ. സുന്നി-ഷിയാ സംഘട്ടനങ്ങള്‍, തൊഴിലില്ലായ്മ, തീവ്രവാദ ആക്രമണങ്ങള്‍, നൂരി മാലികിയുടെ രഹസ്യപ്പോലിസിന്റെ പീഡനങ്ങള്‍, പട്ടിണി, വിദ്യാഭാസ ആരോഗ്യ രംഗങ്ങളിലെ ശോചനീയാവസ്ഥ അങ്ങനെ നീണ്ടു പോകുന്നു പട്ടിക.
അമേരിക്കയുടെ ആശീര്‍വാദത്തോടെ ഭരണത്തിലെത്തിയ ഇറാഖ്‌ പ്രധാനമന്ത്രി നൂരി മാലികിയുടെ ഏകാധിപത്യഭരണമാണ് ഇന്ന് അവിടെ നടക്കുന്നത്. പ്രമുഖ അറബി പത്രമായ ശരഖുല്‍ അവ്സ്ഥ് അയാളെ വിളിച്ചത് സദ്ദാം ശിയഈ (ശിയ്ക്കാരനായ സദ്ദാം) എന്നാണ്. ജാനാധിപത്യം ഇറക്കുമതിചെയ്യാന്‍ ഇറാഖിലെത്തിയ അമേരിക്കക്ക് അതില്‍ പോലും വിജയിക്കാനായില്ലെന്നര്‍ത്ഥം.  സുന്നി-കുര്‍ദ് നേതാക്കളെ വെച്ചുപൊറുപ്പിക്കില്ലെന്നു വാശിയിലാണ് മാലികി. ഇറാഖ്‌ വൈസ്‌ പ്രസിഡന്റും കുര്‍ദു നേതാവുമായ താരിഖ്‌ ഹാശിമിക്കെതിരെ മാലികിയുടെ താത്പര്യത്തില്‍ കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നാടുവിട്ടു. മാലികിയുടെ സര്‍ക്കാരിലെ തന്നെ ധനമന്ത്രിയായിരുന്ന സുന്നി നേതാവ്‌ റാഫി ഈസാവിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും മാലികി നീക്കങ്ങള്‍ നടത്തുകയും അദ്ദേഹത്തിന്റെ വസതി റൈഡ് ചെയ്യുകയും ചെയ്തു. അവസാനം സുന്നി പ്രക്ഷോഭകാരികള്‍ക്ക് പിന്തുന്ന പ്രഖ്യാപിച്ചു മാര്‍ച്ച് ആദ്യം അദ്ദേഹം രാജിവെക്കുകയും ചെയ്തു.
ഇറാഖ്‌ ഇന്ന് യാഥാര്‍തത്ത്വില്‍ മൂന്നായി വിഭാജിക്കപ്പെട്ടിരിക്കായാണ്. കുര്‍ദ് സ്വയം ഭരണ മേഖല, ഷിയാ ഭൂരിപക്ഷ മേഖല, സുന്നി ഭൂരിപക്ഷ മേഖല. എപ്പോള്‍ വേണമെങ്കിലും വിഘടിച്ചു പോകാവുന്ന രീതിയില്‍ സ്വയം നിലനില്പ്പിന്നുള്ള ശ്രമത്തിലാണ് കുര്‍ദു മേഖല. ഷിയാ ഭൂരിപക്ഷ മേഖലകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്. പക്ഷെ സുന്നി ഭൂരിപക്ഷ മേഖലകളുടെ കാര്യം നേരെ തിരിച്ചാണ്. നൂരി മാലികിയുടെ തലതിരിഞ്ഞ നയങ്ങള്‍ ഇറാഖിനെ ഒരു വലിയ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് പലരും ഭയപ്പെടുന്നു.
വസന്തം ബാഗ്ദാദിലേക്ക്
ഫല്ലുജ, റമാദി, അന്‍ബാര്‍, മൌസില്‍ പോലുള്ള സുന്നി ഭൂരിപക്ഷ പ്രദേശങ്ങളില്‍ മാലികിയുടെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കൊടുമ്പിരികൊള്ളുന്നു. അറബ് വസന്തത്തിന്റെ മാതൃകയില്‍ ബാഗ്ദാദില്‍ ഒരു വസന്തം പ്രതീക്ഷിക്കുന്നു ഇറാഖിലെ സുന്നി ജനത. പക്ഷേ അത് ചെന്നെത്തുക വസന്തതിലെക്കാണോ ഗ്രീഷ്മത്തിലെക്കാണോയെന്നു കണ്ടറിയെണ്ടിവരും. അധിനിവേശത്തിന്റെ പത്ത് വര്‍ഷത്തിനു ഇടയില്‍ മേഖലയില്‍ സംഭവിച്ച മാറ്റങ്ങള്‍ സ്വഭാവികമായും ഇറാഖിനെയും ബാധിക്കും.

അറബ് വസന്തത്തെ തുടര്‍ന്നു നീണ്ടകാലം തങ്ങളുടെ രാജ്യങ്ങള്‍ അടക്കിവാണിരുന്ന ബിന്‍ അലി-മുബാറക്‌-ഖദ്ദാഫിമാര്‍ നിലംപതിച്ചതില്‍ നിന്ന് വ്യത്യസ്തമാണ് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇവിടത്തെ അവസ്ഥ. മറ്റു രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭത്തെ അനുകൂലിച്ച ഇറാന്‍ സിറിയയുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് മേഖലയെ സുന്നി-ശിയ സംഘട്ടനത്തിലേക്ക് നയിക്കുകയാണ്. ശിയാ വിഭാഗത്തില്‍പ്പെട്ട അലവി വിഭാഗക്കാരാനാണ് സിറിയന്‍ ഭരാണിധികാരി ബശാര്‍ അല്‍-അസദ്യെന്ന കാരണത്താല്‍ സിറിയന്‍ ഭരണകൂടത്തോടോപ്പമാണ് ഇറാന്‍. നൂരി മാലികിയുടെ നേത്രത്വത്തിലുള്ള ഇറാഖിലെ ശിയാ ഭരണകൂടുവും അസദിനോപ്പമാണ് കൂടെ ലബനാനിലെ ഹിസ്ബുല്ലയുമുണ്ട്. സഊടിയും ഈജിപ്തും ഖത്തറുമെല്ലാം സിറിയന്‍ പ്രതിപക്ഷത്തിനോപ്പവും. സഊദിയിലെയും ബഹ്റൈനിലെയും ശിയാ വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ മറ്റൊരു ഭാഗത്തും. ഇരു ഭാഗത്തും നിന്നും സൂക്ഷമതയോടെ കൈകാര്യം ചെയ്യപ്പെട്ടിലെങ്കില്‍ സുന്നി-ശിയാ സംഘട്ടനത്തിലേക്ക് മേഖലെ ആകെ വഴുതി വീഴുമോയെന്നു ഭയക്കണം.