2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

കേരള ലീക്സ്‌ ചര്‍ച്ചയാകുമ്പോള്‍

9/11 നു ന്യൂയോര്‍ക്കിലെ ട്രേഡ് സെന്‍റര്‍ തകര്‍ന്നു വീണപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ ഞെട്ടലാണ് കഴിഞ്ഞ നവംബര്‍ മുതല്‍ ആസ്ട്രേലിയക്കാരന്‍ ജൂലിയസ് അസാന്ജിന്‍റെ വിക്കിലീക്സ് വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തങ്ങളുടെ നാട്ടിലേക്കയച്ച നയതന്ത്ര സന്ദേശങ്ങള്‍ പുറത്ത്‌ വിടാന്‍ തുടങ്ങിയതോടെ ഉണ്ടായത്‌. പുറത്തു ചാടിയ കുടത്തിലെ ഭൂതം അന്താരാഷ്ട്ര രംഗത്ത്‌ നിറഞ്ഞു നില്‍ക്കുന്ന നേതാക്കനെമാരെ മാത്രമേ ബാധിക്കൂ എന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. നയതന്ത്രത്തിനു പിന്നില്‍ ചാരപ്പണി നടത്തുന്ന അമരിക്കന്‍ എംബസികളും കോണ്‍സുലേറ്റുകളും ഓരോ രാജ്യത്തിന്‍റെയും മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള്‍ വരെ ഇത്രയും വിശ്വസ്തതയോടെ തങ്ങളുടെ ഏമാന്‍മാര്‍ക്ക്‌ അയച്ചു കൊടുക്കന്നു വെന്നു പലര്‍ക്കും സങ്കല്പിക്കാന്‍ പോലും കഴിയാത്തവയാണ്. ഇങ്ങു കൊച്ചു കേരളത്തിലെ സുന്നി- മുജാഹിദ്‌ ഗ്രൂപ്പുകള്‍ വരെ അവരുടെ ശ്രദ്ധയിലുണ്ട്.
ഏതായാലും പുതിയ കേബിളുകള്‍ പുറത്ത് വന്നപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ അത് അനക്കം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പല മുഖം മൂടികളും ഇവിടെ അഴിക്കപ്പെടുന്നു. സാമ്രാജ്യത്വ വിരുദ്ധതയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്ന മാര്‍കിസ്റ്റ് നേതാക്കള്‍ സായിപ്പിന്‍റെ മുന്നില്‍ മുട്ടുമടക്കുന്നതും ആകാശം ഇടിഞ്ഞു വീണാല്‍ പോലും തകരാത്ത കരുത്തിന്‍റെ ഉടമയെന്നു പൊന്നാനി തെരഞ്ഞെടുപ്പ് മാമാങ്കത്തിനിടയില്‍ മഅദനി വിശേഷിപ്പിച്ച പിണറായി സഖാവ് അമേരിക്കക്കാരുടെ നിക്ഷേപത്തിന് വേണ്ടി കൊക്കകോള വിരുദ്ധ സമരത്തെ വെറും ഒരു പ്രാദേശിക സമരമായി വിശേഷിപ്പിക്കാന്‍ തയ്യാറായതും പുണ്യവാളനായി ചമയുന്ന അച്യുതാനന്ദന്‍ സഖാവു പോലും അവരുമായി ചര്‍ച്ച നടത്തിയതും ജനം അറിയുന്നത് വിക്കിലീകസ് വിക്കി വിക്കി കാര്യങ്ങള്‍ ലീക്ക്‌ ചെയ്തപ്പോളാണ്. പറഞ്ഞത്‌ വിക്കി വിക്കിയാണെങ്കിലും പറയുന്നത് കാര്യമായതിനാല്‍ അത് സമ്മതിക്കാതിരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് നമ്മുടെ രാഷ്ട്രീയ നേത്രത്വം.
അതിനിടയിലാണ് മറ്റൊരു കേബിള്‍കൂടി പുറത്തു ചാടിയത്‌. വിഷയം കേരളത്തിലെ ഇസ്‌ലാമിക പരിസരം. സ്വാഭാവികമായും വേണ്ടത്ര മാധ്യമ ശ്രദ്ധയും അതിനു കിട്ടി. 2006 ഡിസംബര്‍ ആറിന് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അയച്ച നയതന്ത്ര കേബിളിന്‍റെ വിഷയം തന്നെ കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയം: കടുംപിടുത്തക്കാരുടെ കടന്നുവരവ്‌ ഉത്കണ്ഠക്ക് കാരണം എന്നാതായിരുന്നു. സദ്ദാം ഹുസൈനെതിരെ അമേരിക്കന്‍ പാവകോടതിയുടെ വിധി വന്നതിനോടനുബന്ധിച്ചു ആയതിനാല്‍ അതിനോടുള്ള കേരളീയരുടെ പ്രതികരണത്തില്‍ നിന്നാണ് സന്ദേശം തുടങ്ങുന്നത്. തന്‍റെ പഴയ കാലം മാറ്റിവെച്ചു സദ്ദാമിന് പുതിയ രാഷ്ട്രീയം തുടങ്ങാന്‍ ഏറ്റവും പറ്റിയ സ്ഥലം കേരളമാണെന് സന്ദേശത്തിലെ പരമാര്‍ശം കേരളത്തിലെ ജനങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ മനോഭാവത്തെ പരിഹാസ രൂപത്തിലാണെങ്കിലും വളരെ സുന്ദരമായി വിശദീകരിക്കുന്നു. സ്വതവേ മൃദുഭാഷിയായ ശിഹാബ്‌ തങ്ങള്‍ പോലെ സദ്ദാം വിധിക്കെതിരെ രോഷാമായി സംസാരിച്ചുവെന്നു പറഞ്ഞ സന്ദേശം കേരള മുസ്‌ലിംകളിലെ ഇരു വിഭാഗം സുന്നികളെയും ഇരു വിഭാഗം മുജാഹിടുകളെയും ജമാഅത്തെ ഇസ്ലാമിയെയും കുറിച്ച് പറഞ്ഞതിന് ശേഷം എന്‍,ഡി.എഫ്, സിമി എന്നിവയെക്കുറിച്ചും സംസാരിക്കുന്നു.
അതിനിടയിലാണ് കേരളത്തിലെ മുസ്‌ലിം മത-രാഷ്ട്രീയ നേത്രത്വത്തില്‍ അമേരിക്കക്ക്‌ വിടുപണി ചെയ്യുന്ന പലരുമുണ്ടെന്ന് സൂചന നല്‍കി അവരുടെ വാക്കുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ ഇത്തരം കേബിളുകള്‍ പ്രസിദ്ധീകരികുമ്പോള്‍ വിവരദാതാക്കളുടെ പേര് വെളിപ്പെടുതാതെയാണ് വിക്കിലീക്സ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ അവസാനാമായി പ്രസിദ്ധീകരിച്ച കാല്‍ ലക്ഷം ലീക്കുകളില്‍ പേരുകള്‍ ഒഴിവാക്കിയിട്ടില്ല. അതുകാരണം അന്തര്‍ദേശീയതലത്തില്‍ വിക്കിലീക്സ് വിമര്‍ശിക്കപ്പെടുകയും ചെയ്തു. കേരളീയരുടെ ഭാഗ്യത്തിന് അമേരിക്കയുടെ വിവര ദാതാക്കളെ മനസ്സിലാക്കാനുള്ള ഒരവസരമായി ഇത്. മലപ്പുറത്തു നിന്നുള്ള ഒരു പത്ര പ്രവര്ത്തകനും ഒരു പോലീസ് കമ്മിഷണറും ഒരു മന്ത്രിയും ഒരു മുജാഹിദ്‌ നേതാവുമാണ് പട്ടികയിലുള്ളത്. ഇവരുടെയൊക്കെ പേരിനു ശേഷം (protect) എന്ന് ചേര്‍ത്തിരിക്കുന്നതിന്‍റെ അര്‍ത്ഥം വായിക്കുന്നവര്‍ക്ക്‌ വിട്ടു തരുന്നു. സര്‍വസ്വതന്ത്രനായ പത്രപ്രവര്‍ത്തകനൊഴികെ എല്ലാവരും ഉത്തരവാദിത്തമുള്ളവരാണ്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോടു സംസാരിക്കാന്‍ പോലീസ്‌ കമ്മീഷണര്‍ക്ക്‌ തന്‍റെ മേലുദ്യോഗസ്ഥരുടെ സമ്മതമുണ്ടായിരുന്നോ എന്ന് വ്യക്തമാക്കപ്പെടണം. യുവമന്ത്രിക്കും മുജാഹിദ്‌ നേതാവിനും തങ്ങളുടെ സംഘടന ഇവരുമായി സംസാരിക്കാന്‍ അനുവദിച്ചോ എന്നു പറയണം. വ്യക്തിപരമായ ആവശ്യമായി ബന്ധപ്പെട്ടല്ല ഈ സംസാരങ്ങളെന്നതിനാല്‍ ഇത് വ്യക്തമാക്കപ്പെടെണ്ടാതാണ്. അതോ പാട്ടും പാടി അഭിനയിച്ചു നടക്കാനുമുള്ള അനുവാദം തന്നെ ഇതിനു ധാരാളമാണോ?
മുജാഹിദ്‌ നേതാവ്‌ അമരിക്കന്‍ കോണ്‍സുലേറ്റിന്‍റെ ഇഫ്താര്‍ സംഘടിപ്പിക്കുക വഴി മുമ്പേ അമേരിക്കന്‍ പക്ഷപാതിയായി അറിയപ്പെടുന്നു. അതിനാല്‍ അദ്ദേഹത്തിന്‍റെ ഈ അമേരിക്കന്‍ ബന്ധം വീണ്ടും സംശയങ്ങള്‍ക്ക് വഴി വെക്കുന്നു. പക്ഷേ അതിനു വേണ്ടി പണയം വെച്ചത് എന്താന്നറിഞ്ഞാല്‍ കൊള്ളാം.
വിവാദത്തിലെ പ്രധാന കക്ഷിയായ സുമുഖനായ മന്ത്രി തന്‍റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരെ എന്തിന്റെ പേരിലായാലും ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് അമേരിക്കകാര്യന്റെ മുമ്പില്‍ തന്നെ വേണ്ടിയിരുന്നോ എന്നാണു പലരും ചോദിക്കുന്നത്? ഫാഷിസത്തിന്‍റെ ഗുഡ്‌ ബുക്കില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞ കുറെ നാളുകളായി വിഷം വമിക്കുന്ന പ്രസിദ്ധീകരണങ്ങളിലെയും മാധ്യമങ്ങളിലെയും സ്ഥിരം അതിഥിയായ ഈ മാന്യദേഹം, സമുദായത്തിന്റെ പണംകൊണ്ട് സമുദായത്തിന് വേണ്ടി ഉണ്ടാക്കിയ വിഷന്‍ നഷ്ടപെട്ട ചാനലും  ഫാഷിസ്റ്റ്‌ കുഴലൂത്ത്കാര്‍ക്ക് വേണ്ടി മാറ്റിവെച്ചത് സമുദായം മറന്നു വരുന്നതേയുള്ളൂ. എഡിറ്റോറിയല്‍ സ്വാതന്ത്ര്യ വിപ്ലവത്തിലൂടെ ഫാഷിസ്റ്റ്‌ നേതാക്കള്‍ ചാനലിലൂടെ തിമിര്‍ത്തു ആടിയപ്പോഴും ലവ് ജിഹാദിലൂടെ ഫാഷിസം ഫണം വിടര്‍ത്തിയപ്പോഴും പാവം ചാനല്‍ മുതലാളി ഒന്നും അറിഞ്ഞില്ല. മന്ത്രിക്കുപ്പായം ഇടാന്‍ മുതലാളിക്കുപ്പായം അഴിച്ചുവെച്ചതായി പ്രഖ്യാപിച്ചെങ്കിലും അതിപ്പോള്‍ എവിടെയാണ്ന്നു ഒരു വെളിപാടും കിട്ടുന്നില്ല. ഫാഷിസത്തിന്‍റെ മാത്രമല്ല സാമ്രാജ്യത്വത്തിന്റെയും നല്ലലിസ്റ്റില്‍ തന്‍റെ പേര് വരണമെന്ന പിടിവാശികൊണ്ടാകണം മന്ത്രിക്ക് അമേരിക്കന്‍ കോണ്‍സുലേറ്റില്‍ സുഹൃത്തുക്കള്‍ ഉണ്ടായത്?
സഖാക്കളും കോണ്ഗ്രസ് നേതാക്കളും അടക്കം എല്ലാവരും തങ്ങളെക്കുറിച്ചുള്ള വിക്കിലീക്സ് വെളിപ്പെടുത്തലുകളെ ശരിവെക്കുമ്പോള്‍ ഒരു നിഷേധം കൊണ്ട് മാത്രം അത് കഴുകിക്കളയാന്‍ മന്ത്രിക്കാകുമോ? അല്ലെങ്കിലും അങ്ങനെ ഒരു കളവു അമേരിക്കയിലേക്ക് എഴുതിവിട്ടിട്ടു അവര്‍ക്ക്‌ എന്ത് നേടാന്‍? വോട്ടു നല്‍കുന്ന ജനവും കൊണ്ടുനടക്കുന്ന സമുദായവും വളര്‍ത്തിയ പാര്ട്ടിയുമല്ല മറിച്ചു, ആടിപ്പാടാനുള്ള വേദികളും ഹീറോ പരിവേഷം നല്‍കുന്ന മാധ്യമങ്ങളും  അതിനപ്പുറം ഫാഷിസ്റ്റ്‌-സാമ്രാജ്യത്വ ഇടങ്ങളുമാണെങ്കില്‍ അതിനു പുതിയ ലേബലുകള്‍ തേടുന്നതല്ലേ നല്ലത്. കോണ്‍ഗ്രസ് നേത്രത്വതിനെതിരെ പണ്ട് മുരളീധരന്‍ പറഞ്ഞത്‌ ഇവിടെ ആവര്‍ത്തിക്കാതെ വയ്യ. അച്ഛന്‍ ആനപ്പുറത്ത്‌ കയറിയെന്നു കരുതി മകനുമുണ്ടാകുമോ ആ തഴമ്പ്?
വിശ്വാസ്യത അടിയറവെച്ച ഇത്തരം നേതാക്കളെ സമുദായം ഇനിയും എത്ര നാള്‍ പേറേണ്ടി വരുമെന്നു ഒരു നിശ്ചയവുമില്ല. സൈഡ് ബെഞ്ചിലിരുത്തേണ്ടവരെ അവിടെയിരുത്താന്‍ നേത്രത്വം ത്രാണി പ്രകടിപ്പിക്കാത്ത പക്ഷം അതു കൊണ്ട് നടക്കുന്നവരെ നാറ്റിക്കുമെന്ന കാര്യം തീര്‍ച്ച.

ചര്‍ച്ചിക്കപ്പെടുന്ന കേബിള്‍ സന്ദേശം വായിക്കാന്‍ ഇവിടെ ക്ലിക്കുക്ക.

2011, ജൂലൈ 1, വെള്ളിയാഴ്‌ച

സനദിന്റെ തിരുവഴികള്‍

കല്ട്ടുകള്‍ രൂപപ്പെടുമ്പോള്‍

വിവിധ കാലങ്ങളില്‍  ഇസ്ലാമിനുള്ളില്‍ വിവിധ ചിന്താധാരകള്‍ രൂപപ്പെടുകയും വളര്‍ത്തിയെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിലെ അടിസ്ഥാന നിയമങ്ങള്‍ക്ക് പുറത്തായ പലതും വാദിച്ചവരും പ്രവാചകത്വം വാദിച്ചവരും ഇസ്ലാമില്‍ നിന്ന് തന്നെ പുറന്തള്ളപ്പെട്ടിട്ടുമുണ്ട്. പ്രവാചകന്‍റെ കാലത്ത് തന്നെ പ്രവാചകത്വം വാദിച്ചുവന്ന മുസൈലിമയും അസ് വദ അല്‍-അന്‍സിയും അക്കുട്ടത്ത്തില്‍ പെടും. പില്‍ക്കാലത്ത്‌ അത്തരമൊരു വാദവുമായി വന്നയാളാണ് മിര്‍സ ഗുലാം അഹ്മെദ് ഖാദിയാനി (1835-1908). ഗുലാം അഹ്മദിന്‍റെ ആശയങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ കരങ്ങളുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ബഹായിസം ഉള്‍പ്പെടെയുള്ള പലതും പല കാലഘട്ടങ്ങളിലായി രൂപപെട്ടിടുണ്ട്.

ഇതിനു പുറമേ വ്യാജ ആത്മീയ സരണികള്‍ കൂണുകള്‍ പൊലെ ലോകത്തിന്റെ പലഭാഗത്തും രൂപപെട്ടിട്ടുണ്ട്. ഇവരില്‍ പലതും  ഒരു കള്‍ട്ട് സ്വഭാവത്തോടെയാണ് നില നിന്നിട്ടുള്ളത്. ഇത്തരം കല്ട്ടുകള്‍ രൂപപ്പെടുത്തുന്നതിന് തന്റെ അനുയായികളിലൂടെ വ്യജ കഥകളും സ്വപ്ന ദര്‍ശന കഥകളും പ്രചരിപ്പിക്കുന്നത് ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ നേത്രത്വം നല്‍കുന്നവരില്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇത്തരത്തില്‍ ഏറെ സ്വപ്‌നങ്ങള്‍ കാണുകയും കാണിക്കുകയും ചെയ്തയാളാണ് അഹ്മദ്‌ ഖാദിയാനി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കേരളത്തില്‍ വിവാദമാവുകയും കേരളീയ മുസ്‌ലിം സമൂഹം ഒന്നിച്ചു എതിര്‍ത്ത് തോല്പിക്കുകയും ചെയ്ത ആലുവ തരീഖ്‌ത്തും സ്വപ്ന കഥകളില്‍ വമ്പന്മാരാണ്. 

ഇസ്ലാം ഏറ്റവും കൂടുതല്‍ സംഘടനവത്കരിക്കപ്പെടുകയും സമ്മേളനവത്കരിക്കപ്പെടുകയും ചെയ്ത ഒരു പ്രദേശമാണ് കേരളം. മാര്‍ഗമായ സംഘടന ലക്ഷ്യമായി മാറിയപ്പോള്‍ ഇസ്ല്മാനെക്കാളും വലുത് സംഘടനയായി മാറി. ഒരേ ആശയം കൊണ്ടുനടക്കുന്നവര്‍ തന്നെ വ്യത്യസ്ത സംഘടനകളുടെ ഭാഗമായാതോടെ മത നിലപാടുകളില്‍ എതിരാളിക്കെതിരെ നില്‍ക്കുക്കയെന്ന രീതി സ്വീകരിക്കപ്പെട്ടു. ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപെട്ട, പരമ്പരാഗത ഇസ്‌ലാമിക വിശ്വാസ നിലപാടുകളെ അംഗീകരിക്കുന്ന ഒരു പ്രസ്ഥാനമായിട്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപപ്പെട്ടത്‌. എണ്‍പതുകളുടെ അവസാനത്തില്‍ സമസ്തയില്‍ രൂപപെട്ട ഭിന്നതകളുടെ ഫലമായി സമസ്ത മുശാവറയില്‍നിന്ന് തഴയപ്പെട്ട ആറു പേരുടെ നേത്രത്വത്തില്‍ രൂപം കൊണ്ട സംഘടന തുടക്കം മുതലേ വ്യക്തി കേന്ദ്രീക്രതമായിരുന്നു.

ഒരു ഭാഗത്ത്‌ ഭൌതിക സൌകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും മറുഭാഗത്ത്‌ ആത്മീയ അവകാശവാദങ്ങള്‍ ഉയര്ത്തിയും തനിക്കും ചുറ്റും ഒരു മാസ്മരിക വലയം സൃഷ്ടിക്കാന്‍ കാന്തപുരം എന്നും ശ്രമിച്ചുപോന്നിട്ടുണ്ട്. കൃത്യമായ ലകഷ്യങ്ങളോടെ പ്ലാന്‍ ചെയ്യപ്പെട്ട പൊതു സമ്പര്‍ക്ക സംവിധാനങ്ങളിലൂടെ കേരളീയ പൊതു സമൂഹത്തില്‍ പ്രത്യക്ഷപ്പെടാനും അതു വഴി തന്‍റെ ഇടം ഉറപ്പിക്കാനുമായിരുന്നു ആദ്യ ശ്രമം. തുടര്‍ന്നങ്ങോട്ട് പ്രബോധന പ്രസ്ഥാനം എന്നതില്‍ നിന്ന് വ്യക്തി കേന്ദ്രീകൃത കള്‍ട്ട് രൂപത്തിലേക്ക് മാറുന്നതാണ് നാം കാണുന്നത്. അതിനു നേരത്തെ സൂചിപ്പിച്ചത് പോലെ സ്വപ്ന കഥകളുടെ അകമ്പടിയായി. നബി (സ) തങ്ങളെ കാണാന്‍ ടിക്കറ്റ് വിതരണം ചെയ്യുന്ന ആളായും ഔലിയാക്കളുടെ മുശാവറ മെമ്പറായും നബി (സ) തങ്ങളുടെ അടുത്ത ആളായും ചിത്രീകരിക്കപ്പെട്ടു. തന്‍റെ പ്രവര്‍ത്തനങ്ങള്‍ 23 വര്‍ഷത്തെ പ്രവാചകന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമാണെന്ന് വരെ തന്‍റെ അനുയായികള്‍ എഴുതിവിട്ടപ്പോള്‍ അതു തടയുന്നതിന് പകരം ആസ്വദിക്കുകയായിരുന്നു മാന്യദേഹം. അതും കഴിഞ്ഞു 'ഉസ്താദ്‌' അറിയാതെ അല്ലാഹു ഒന്നും ചെയ്യുമെന്നും എനിക്ക് തോന്നുന്നില്ല എന്ന് അദ്ദേഹത്തിന്റെ ഒരു അനുയായി പ്രഖ്യാപിച്ചപ്പോള്‍ ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെ അണികള്‍ തക്ബീര്‍ വിളിച്ചതാണ് നാം കേള്‍ക്കുന്നത്.

പ്രവാചകന്‍ (സ) തങ്ങള്‍ സ്വപ്നത്തില്‍ നിര്‍ദേശിച്ച പ്രകാരം കാന്തപുരത്തിന് കൈമാറുന്നുയെന്നു പറഞ്ഞു അബുദാബിയിലെ അഹ്മദ്‌ ഖസ്രജി ഒരു കേശം കൈമാറിയപ്പോള്‍ അവിടെ രൂപപ്പെടിത്തിയ അന്തരീക്ഷവും അനന്തരാവകാശി(?)യുടെയും കാന്തപുരത്തിന്റെ തന്നെയും പ്രസംഗവുമെല്ലാം കള്‍ട്ട് നിര്‍മാണത്തിലെ അവസാന സംഭവ വികാസങ്ങളാണ്. അതിലും ദയനീയമാണ് അതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ അദ്ദേഹവും കൂടെയുള്ളവരും സ്വീകരിച്ച രീതി.   മാസ്സ്‌ ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെ പ്രതികരിക്കുന്ന അണികള്‍ കള്ട്ടുകളുടെ ഒരു പൊതു സ്വഭാവമാണ്. ഇത് നിലവില്‍ മുസ്ലിം കേരളത്തെ പിടിച്ചുലച്ച കേശ വിവാദത്തില്‍ വളരെ വ്യക്തമാണ്. മുടിയുടെ വ്യക്തമായ കൈമാറ്റ പരമ്പര ആവശ്യപെട്ടപ്പോള്‍ അദ്ദേഹവും കൂടെയുള്ളവരും സ്വീകരിച്ച നിലപാട് തീരത്തും അസിഹ്ഷ്ണുതപരമായിരുന്നു. ഭീഷണി, അസഭ്യം, വ്യക്തിഹത്യ തുടങ്ങിയ വഴികളിലൂടെ അതിനെ നേരിടാനാണ് അവര്‍ ശ്രമിച്ചത്. എന്തോ ഒരു തരം പകയോടെയും വിദ്വെഷതോടെയും മതിഭ്രമം സംഭവിച്ചവരെപ്പോലെ ലക്കും ലഗാനുമില്ലാതെ ഇവര്‍ നടത്തിയ പ്രതികരണങ്ങള്‍ ഇസ്‌ലാമിന്റെ അടിത്തറകളെ ചോദ്യം ചെയ്യുന്ന രീതിയിലാണ് കൊണ്ടെത്തിച്ചത്.

ഒരു ഇസ്‌ലാമിക സംഘം ഒരു കല്ട്ടായി രൂപപെട്ടാല്‍ മതത്തിന്‍റെ നിയമങ്ങല്‍ക്കപ്പുറം വ്യക്തിയിലധിഷ്ടിതമാവുന്നു പിന്നെ അവരുടെ നിലപാടുകള്‍. അതിന്‍റെ നായകരെന്നു വിശ്വസിക്കപ്പെടുന്നവരുടെ ഏതു തരം കൊള്ളരുതായ്മയും തിരുഭാണ്ടാങ്ങളായി സ്വീകരിക്കുന്നതില്‍ ചെന്നെത്തുകയും ചെയ്യുന്നു.  

സനദിന്‍റെ തിരുവഴികള്‍

ഇസ്‌ലാമിലെ അടിസ്ഥാന തെളിവുകള്‍ സ്വീകരിക്കപെടാനും ജ്ഞാന ശേഖരണത്തിന്‍റെയും ആത്മീയ സരണികളുടെയും സംശുദ്ധി തെളിയിക്കപ്പെടാനും അംഗീകരിക്കപ്പെട്ട സംവിധാനാമാണ് സനദ്‌ അല്ലെങ്കില്‍ കൈമാറ്റ പരമ്പര. ഈ പരമ്പരയിലെ കണ്ണികള്‍ തമ്മിലുള്ള ബന്ധം തുടര്ച്ചയുള്ളതും ആ കണ്ണികള്‍ സംശുദ്ധരുമാനെന്കില്‍ മാത്രമേ ആ പരമ്പര സ്വീകരിക്കപ്പെടുകയുള്ളൂ. ഇത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങളില്‍പെട്ടതാണെന്ന് ഇസ്‌ലാമിനെക്കുറിച്ച് കേവലജ്ഞാനമുള്ളവര്‍ക്കെല്ലാം അറിയാം. കേശകൈമാറ്റ ചടങ്ങില്‍ കാന്തപുരം മുസ്ലിയാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്.ആര്‍ക്കും എന്തും തോന്നിയത് പോലെ പറയാനുള്ള അവസരം ഉണ്ടാകാതിര്‍ക്കാനാണ് അത്തരത്തിലുള്ള ഒരു സമീപനം ഇസ്‌ലാം സ്വീകരിച്ചത്‌. മതത്തിന്‍റെയും മതാനുബന്ധ വിഷയങ്ങളിലുമുള്ള ഈ കൈമാറ്റ രീതി ഇസ്‌ലാമിക സമൂഹത്തിന്‍റെ പ്രത്യേകതയും രേഖകളുടെ ആധികാരികതയില്‍ ഇസ്‌ലാം പുലര്‍ത്തുന്ന നിഷ്കര്‍ഷതയുമാണ് വ്യക്തമാക്കുന്നത്.

താബിഉകളില്‍ പ്രമുഖനും പണ്ഡിതനുമായ അബുല്ലാഹ് ബിന്‍ മുബാറക്‌ വാക്കുകള്‍ ഈ വിഷയത്തില്‍ ഏറെ പ്രചുര പ്രചാരം നേടിയതാണ്. " ഇസ്നാദ്‌ (കൈമാറ്റ പരമ്പര) മതത്തിന്‍റെ ഭാഗമാണ്. അതില്ലായുരുന്നുവെങ്കില്‍ ആര്‍ക്കും എന്തും പറയാമായിരുന്നു" ദീനുള്ളില്‍ പിന്‍ബലമില്ലാതെ അവകാശവാദങ്ങള്‍ ഉയര്‍ന്നു വരുന്നത് നിയ്ന്ത്രികുന്നതിനുള്ള ഇസ്‌ലാമിക ഉപകരണമാണ് സനദ്‌. മറ്റു പലവിഷയങ്ങളിലെന്ന പോലെ ഇതും പൂര്‍ണമായും രൂപപ്പെട്ടുവന്നത് ഇസ്ലാമിലെ ആദ്യ കാലഘട്ടത്തിന് ശേഷമാണ്. ആദ്യ രണ്ടു ഖലീഫമാരുടെ കാലഘട്ടത്തില്‍ പില്‍ക്കാലത്ത് ഉള്ളത് പോലെ നിര്‍ബ്ബന്ധം ഈ കാര്യത്തില്‍ പുലര്‍ത്തേണ്ടി വന്നിരുന്നില്ല. ഉസ്മാന്‍ (റ), അലി (റ) എന്നിവരുടെ കാലഘട്ടങ്ങളില്‍ ഇസ്‌ലാമിക സമൂഹത്തില്‍ രൂപപ്പെട്ട പ്രശ്നങ്ങളുടെ ഫലമായി വിവിധ ചേരികള്‍ രൂപപ്പെടുകയും തങ്ങള്‍ക്കനുസരിച്ചു തെളിവുകള്‍ വളച്ചൊടിക്കപ്പെടുകയും ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് സനദ്‌ കര്‍ക്കശമാക്കുന്ന രീതി പണ്ഡിതന്മാര്‍ സ്വീകരിച്ചതെന്ന് ഹദീസ്‌ നിദാനശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം.  

അത് സംബന്ധമായി പ്രമുഖ സ്വപ്ന വ്യാഖ്യാതാവും താബിഈ പണ്ഡിതനുമായിരുന്ന മുഹമ്മദ്‌ ബിന്‍ സീരിന്‍റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. " (ആദ്യകാലങ്ങില്‍) സനദുകള്‍ അത്ര (വ്യാപകമായി) ചോദിക്കപ്പെട്ടിരുന്നില്ല. പക്ഷേ ഫിത്ന ആരംഭിച്ചപ്പോള്‍ കൈമാറിയ ആളുകളെ കുറിച്ച് ചോദിയ്ക്കാന്‍ തുടങ്ങി. അവര്‍ യോഗ്യരെങ്കില്‍ സ്വീകരിക്കും, അല്ലെങ്കില്‍ നിരാകരിക്കപ്പെടും". ഹിജ്റ 110- മരണമടഞ്ഞ ഇബ്നു സീരീന്‍ അക്കാലത്ത് ഇങ്ങനെ പറഞ്ഞെങ്കില്‍ ആയിരതിമുന്നൂരിലധികം വര്‍ഷങ്ങള്‍ക്കു ശേഷം ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്ന് ഏറെ ചിന്തിക്കേണ്ടതില്ല.




2011, മാർച്ച് 29, ചൊവ്വാഴ്ച

അര്‍ബകാന്‍റെ രാഷ്ട്രീയം വഴികാട്ടുന്നു

"ങ്ങള്‍ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കും; ഗുരുവായും നായകനായും", തുര്‍ക്കിയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരുവിനു നേതൃത്വം നല്‍കിയ നജ്മുദ്ദീന്‍ അര്‍ബകാനെന്ന മെക്കാനിക്കല്‍ എഞ്ചിനീയരെക്കുരിക്കുറിച്ച് ഒരു കാലത്ത്‌ അദ്ദേഹത്തിന്‍റെ അടുത്ത അനുയായിരുന്ന ഇപ്പോഴത്തെ തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. ഫെബ്രുവരി 27 നു വിട പറഞ്ഞ അര്‍ബകാന്‍റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കുകൊള്ളാന്‍, പ്രധാനമന്ത്രിയായി ഒരു വര്‍ഷം തികഞ്ഞപ്പോഴേക്കും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ജയിലിലടച്ച അതേ സൈന്യത്തിന്‍റെ ജനറല്‍മാര്‍ തന്നെ കൂട്ടത്തോടെ എത്തിയതു കമാലിസ്റ്റ് ഫാഷിസത്തില്‍നിന്നും തുര്‍ക്കിയുടെ മാറ്റം അടയാളപ്പെടുത്തുന്നു. ഒപ്പം ആ മാറ്റത്തിന്‍റെ ശക്തനായ വക്താവെന്ന നിലയില്‍ അദ്ദേഹത്തോടുള്ള കാലത്തിന്‍റെ കാവ്യനീതിയും.

അര്‍ബകാന്‍റെ രാഷ്ട്രീയം കമാലിസ്റ്റ് മതവിരുദ്ധതയും വിശ്വാസ-അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ജനാധിപത്യഴിയും തമ്മിലുള്ള നിരന്തര സമരങ്ങളുടെയും അതിനിടയിലുള്ള സമരസപ്പെടലുകളുടെയും കുഴഞ്ഞുമറിഞ്ഞ ചരിത്രമാണ്. 1969 അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ 'മില്ലി ഗുരോസ്‌' - ദേശീയ വീക്ഷണം അദ്ദേഹത്തിന്‍റെ നിലപാടുകളുടെ പ്രഖ്യാപനമാണ്. ധാര്‍മികതയിലും ഇസ്‌ലാമിക വിദ്യഭ്യാസതിലും ഊന്നുന്നതോടൊപ്പം സാമ്പത്തിക സ്വാതന്ത്യ്രം, വ്യവസായവത്കരണം തുടങ്ങിയവലൂടെയുള്ള രാജ്യപുരോഗതിയായിരുന്നു അദ്ദേഹത്തിന്‍റെ മാനിഫെസ്റ്റോ വിഭാവനം ചെയ്തത്. അര ഡസനോളം രാഷ്ട്രീയ പാര്‍ട്ടികള്‍, രണ്ട്‌ പട്ടാള അട്ടിമറികള്‍,, ജയില്‍ വാസം, അവസാനം കൂടെയുള്ളവരില്‍ നല്ലൊരു വിഭാഗമായി നിലപാട് വ്യതസങ്ങളുടെ കാരണമായി വഴിപിരിയല്‍ തുടങ്ങി പലതിനും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം സാക്ഷിയായി.

ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്നു തുര്‍ക്കി ഖിലാഫത്തിന്‍റെ പരാജായവും തുര്‍ക്കി സ്വാതന്ത്ര്യ സമരങ്ങളും മുസ്തഫ കമാല്‍പാഷയുടെ ഉദയത്തിലേക്കും ഖിലാഫത്തിന്‍റെ അസ്തമനത്തിനും വഴിവെച്ചു. 1920 കളില്‍ കമാലിസത്തിന്‍റെ പിടിയില്‍ മതവും മത ചിഹ്നങ്ങളും നെരിഞ്ഞമര്‍ന്നപ്പോള്‍ തുര്‍ക്കിയുടെ മതകീയ പ്രസ്ഥാനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആത്മീയ മാര്‍ഗങ്ങള്‍ (ത്വരീഖത്തുകള്‍) വരെ നിരോധിക്കപ്പെട്ടു.. കമാലിസത്തിന്‍റെ ക്രൂരതകള്‍ക്കെതിരെ ആദ്യം എതിര്‍പ്പിന്‍റെ സ്വരം ഉയര്‍ത്തിയതും സൂഫികള്‍ തന്നെയായിരുന്നു.

തുര്‍ക്കിയില്‍ ഏറ്റവും വേരോട്ടമുള്ള സൂഫി മാര്‍ഗമാണ് നഖ്ഷബന്ദി ത്വരീഖത്ത്. വിവിധ കൈവഴികളിലൂടെയുള്ള നഖ്ഷബന്ദി ശാഖകള്‍ തുര്‍ക്കി രാഷ്ട്രീയത്തിലെ ഇസ്‌ലാമിക മുന്നേറ്റങ്ങളെ സ്വാധീനിച്ചതായി കാണാം. അതുകൊണ്ട് തന്നെയാവണം മറ്റു പലയിടങ്ങളിലുമുണ്ടായ ഇസ്‌ലാമിക രാഷ്ട്രീയ നീക്കങ്ങളില്‍ നിന്ന് വ്യതസ്തമായി തുര്‍ക്കിയിലെ മുന്നേറ്റങ്ങള്‍ കൂടുതല്‍ സമാധാനപരവും നിര.ന്തരവുമായ ഒരു പ്രക്രിയ ആയത്. അതും വീണ്ടും മുന്നോട്ടും നീങ്ങികൊണ്ടിരിക്കുന്നു..

ഇത്രയും പറഞ്ഞത് അര്‍ബകാനെ രാഷ്ട്രീയത്തെ സ്വാധീനിച്ച ആത്മീയ സരണികളെ ക്കുറിച്ച് സൂചിപ്പിക്കാനാണ്. ഉസ്മാനിയ ഖിലാഫത്തിന്‍റെ അവസാന ഘട്ടങ്ങളില്‍ ജീവിച്ചിരുന്ന നഖ്ഷബന്ദി ശൈഖും പണ്ഡിതനുമായിരുന്ന ഹസ്രത്ത് അഹമദ് സിയാഉദ്ധീന്‍ ഖുംശ്ഖാനവി (1813- 1893)യുടെ കൈവഴിയിലൂടെയുള്ള ശൈഖ്‌ മുഹമ്മദ്‌ സാഹിദ്‌ കൊട്കോ (1897 – 1980) അര്‍ബകാന്‍റെ ആത്മീയ ഗുരുവും അദ്ദേഹത്തിന്‍റെ ചിന്തകളെ സ്വാധീനിച്ച വ്യക്തിതവുമായിരുന്നു. ഒരു സായുധ വിപ്ലവത്തിലൂടെയോ അല്ലെങ്കില്‍ പോരാട്ടങ്ങളിലൂടെയോ ഒരു സുപ്രഭാതത്തില്‍ ദൈവിക രാജ്യം സ്ഥാപിക്കണമെന്ന താത്പര്യം തുര്‍ക്കിയിലെ ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല അത്തരം തീവ്ര സ്വഭാവങ്ങള്‍ കാണിച്ച ഗ്രൂപ്പുകള്‍ തുര്‍ക്കി രാഷ്ട്രീയത്തില്‍ നിന്നും അകാലം ചരമം പ്രാപിക്കുന്നതാണ് ചരിത്രം പറയുന്നത്. സൈനിക ഇടപെടലുകളും ജയില്‍ ശിക്ഷയും രാഷ്ട്രീയ നിരോധനവുമൊക്കെ ഏല്‍ക്കേണ്ടിവന്നപ്പോഴും സായുധ പോരാട്ടങ്ങളുടെയോ അക്രമത്തിന്‍റെയോ മാര്‍ഗം അര്‍ബകാന്‍ തെരഞ്ഞെടുത്തില്ല.

ഇസ്ലാമിക നവജാഗരണത്തിന്‍റെ വക്താക്കളായി രംഗത്തിറങ്ങിയ പല പ്രസ്ഥാനങ്ങളും ലോകത്തിന്‍റെ വിവിധ കോണുകളില്‍ ദൈവിക രാജ്യത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുകയും ജനാധിപത്യയില്‍ പങ്കാളികളാവുന്നത് തൌഹീദിനെതിരാണെന്നു ഫതവ ഇറക്കുകയും ചെയ്തുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രീയത്തെ റാഞ്ചാന്‍ ശ്രമിച്ചപ്പോള്‍ ഇസ്ലാമിക രാഷ്ട്രീയത്തിനു തികച്ചും വ്യത്യസ്തമായ മാനം നല്‍കാന്‍ കഴിഞ്ഞുവെന്നാതാണ് അര്‍ബകാന്‍റെ പ്രസക്തി.. ഇസ്‌ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സിവില്‍ സമൂഹത്തിന്‍റെ സൃഷ്ടിപ്പായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചത്. ഇസ്‌ലാമും ജാനാധിപത്യവും വിരുദ്ധ ധ്രുവങ്ങളിലാണെന്നു വരുത്താന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ ഒരു ഭാഗത്തും ഇസ്ലാമിന്‍റെ രക്ഷക്ക് വേണ്ടി ഇറങ്ങിത്തിരിച്ചവര്‍ മറുഭാഗത്തും മുറവിളി കൂട്ടുന്നതിടയില്‍ ഇസ്‌ലാമും ജനാധിപത്യവും സമരസ്സപ്പെടുന്ന വഴി കാണിച്ചതില്‍ അര്‍ബകാന്‍ കാണിച്ച മാതൃക ചരിത്രം അടയാളപ്പെടുത്തുമെന്നു തീര്‍ച്ച.

മധ്യേഷയിലും ഉത്തരാഫ്രിക്കയിലും സമീപകലാത്ത് അരങ്ങേരികൊണ്ടിരിക്കുന്ന ജനകീയ വിപ്ലവങ്ങളും അതിനെ തുടര്‍ന്ന് രൂപപ്പെട്ടുവരുന്ന സിവില്‍ സമൂഹങ്ങളും ആകാംഷയോടെ നോക്കുന്നത് അര്‍ബകാന്‍ തുടങ്ങിവെച്ചതും ഉര്‍ദുഗാന്‍ പ്രായോഗികമായി വികസിപ്പിച്ചെടുത്തതുമായ ഈ രാഷ്ട്രീയ മോഡലിലേക്കാണ്. ആത്മീയതയും ഇസ്‌ലാമിക മൂല്യങ്ങളും ജനാധിപത്യവും ആധുനികതയും സമ്മേളിപ്പിച്ച ഈ രാഷ്ട്രീയ രൂപമായിക്കും വഹ്ഹാബി ഒട്ടോക്രസിയെക്കാളും ഇറാന്‍ തിയോക്രസിയെക്കളും അറബ്-മുസ്‌ലിം ജനത സ്വാഗതം ചെയ്യുകയെന്നാണ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. അര്‍ബകാന്‍ ഉയര്‍ത്തിയ രാഷ്ട്രീയത്തിന്‍റെ സ്വീകാര്യതയാണ് ഇതു വ്യക്തമാക്കുന്നത്.
ടുണീഷ്യയിലെയും ഈജിപ്തിലെയും ഈ പുതിയ പരീക്ഷണത്തിന്‍റെ അണിയറയിലാണ് ഇസ്‌ലാമിക ആഭിമുഖ്യമുള്ള സംഘടനകള്‍. ശാദുലി ഹസാഫി ത്വരീഖത്ത് അംഗമായിരുന്ന ഇമാം ഹസനുല്‍ ബന്ന രൂപം നല്‍കിയ ഈജിപ്തിലെ ഇഖവാനുല്‍ മുസ്‌ലിമീന്‍ അത്തരത്തിലൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നല്‍കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ജോര്‍ദാന്‍ അതിന്‍റെ അര്‍ബകാനെ കാത്തിരിക്കുന്നുവെന്നു ജോര്‍ദാനിയന്‍ ബ്ലോഗ്ഗര്‍മാര്‍ എഴുതിയത് വായിക്കാനിടയായി.. ഏതായാലും അര്‍ബകാന്‍റെ രാഷ്ട്രീയം ഇസ്‌ലാമിക രാഷ്ട്രീയ മീമാംസയില്‍ താല്പര്യമുള്ളവര്‍ക്ക് നല്ലൊരു ഗവേഷണം വിഷയമാണ്.

ആഗോളവത്കരണവും യുറോപ്യന്‍ യൂണിയനും സയണിസ്റ്റ് നീക്കങ്ങളായി കണ്ട അര്‍ബകാന്‍ അതിനെതിരെ താന്‍ അധികാരത്തിലിരുന്ന ഹ്രസ്വകാലയളവില്‍ എം.-8 എന്നപേരില്‍ ഇറാന്‍, പാകിസ്ഥാന്‍, മലേഷ്യ തുടങ്ങിയ എട്ടു മുന്‍ നിര മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മക്ക് രൂപം നല്‍കുകയും തുര്‍ക്കിയെ ഉസ്മാനിയ കാലത്തെ പ്രതാപത്തിലെക്കും മുസ്‌ലിം രാഷ്ട്രങ്ങളുടെ നായകസ്ഥാനത്തേക്കും തിരിച്ചുകൊണ്ടുവരാനും ശ്രമം നടത്തി. രാജ്യത്തെ ഇടത്തരം കച്ചവടക്കാരെയും സംഘടിപ്പിച്ചു രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അര്‍ബകാന്‍ രാജ്യത്ത് മതസ്വാതന്ത്ര്യത്തിന്‍റെ വാതിലുകള്‍ തുറന്നിടാനും മതചിഹ്നങ്ങള്‍ അനുവദിക്കാനും തുടങ്ങിയപ്പോള്‍ സൈനിക ഇടപെടലിന്‍റെ ഫലമായി 97-ല്‍ അധികാരം നഷ്ടപ്പെടുകയും രാഷ്ട്രീയത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തപ്പെടുകയും ചെയ്തു.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ വൈദഗ്ധ്യം തെളിയിച്ച അര്‍ബകാന് പക്ഷേ പിന്നീട് പൊളിറ്റിക്കല്‍ എഞ്ചിനീയറിങ്ങില്‍ വേണ്ടത്ര മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. അര്‍ബകാന് കീഴില്‍ ഇസ്താംബൂള്‍ മേയറായിരുന്ന (രാണ്ടാം ഇസ്താംബുള്‍ വിജയം എന്നാണ് അതിനു അര്‍ബകാന്‍ വിളിച്ചത്) ത്വയ്യിബ് ഉര്‍ദുഗാനും അബ്ദുല്ല ഗുല്ലും ചേര്‍ന്ന് ജസ്റ്റിസ് ആന്‍ഡ്‌ ഡെവലപ്മെന്റ് പാര്‍ട്ടി രൂപീകരിച്ചു വിദേശ – സാമ്പത്തിക നയങ്ങളില്‍ കൂടുതല്‍ പ്രായോഗികമായ നയം സ്വീകരിച്ചപ്പോള്‍ തുര്‍ക്കിയിലെ ഇസ്‌ലാമിക രാഷ്ട്രീയത്തിനു പുതിയ അവകാശികള്‍ക്കുവേണ്ടി വഴിമാരേണ്ടി വന്നു.

തുര്‍ക്കിയുടെ രാഷ്ട്രീയ സാമൂഹിക മതകീയ പരിസങ്ങളുടെ ഉള്ളറിഞ്ഞ് പ്രായോഗിക മാറ്റങ്ങള്‍ക്ക്‌ ഉര്‍ദുഗാന്‍ തുനിഞ്ഞപ്പോള്‍ കഴിഞ്ഞ ഒരു ദശകത്തോളമായി തുര്‍ക്കിയുടെ മാറ്റത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. പക്ഷേ അപ്പോഴും അതിന്‍റെ ഗുരുവായും തുടക്കകാരനായും അര്‍ബകാന്‍ സ്മരിക്കപ്പെട്ടുകൊണ്ടേയിരിന്നു.

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

ഈജിപ്ത്: ഒരു വന്‍മതിലിന്‍റെ തകര്‍ച്ച


നൈലിന്‍റെ ദാനമെന്നു  എല്ലാവരും പറയുന്ന  ഈജിപ്ത്  സംസ്കൃതിയുടെ കളിതൊട്ടിലും നാഗരികതയുടെ ഉറവിടവുമാണ്. ലോകത്തെ ഏറ്റവും പഴക്കമേറിയ രാഷ്ട്രങ്ങളിലോന്നായ ഈജിപ്ത് ഖുര്‍ആനും ബൈബിളും അടക്കമുള്ള വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. മിസ്ര്‍ എന്ന് അറബിയിലും മിസ്രയീം എന്ന് ഹീബ്രു]വിലും അറിയപ്പെടുന്ന തങ്ങളുടെ രാജ്യത്തെക്കുറിച്ച് ഈജ്പിതുകാര്‍ സാധാരണയായി പറയാറുണ്ട്‌ "മിസ്ര്‍ ഉമ്മു ദുന്‍യ" – ഈജിപ്ത് ലോകത്തിന്‍റെ മാതാവ്‌. അബുല്‍ അന്ബിയാ ഇബ്രാഹിം നബി (അ) യുടെ ഭാര്യയും തന്‍റെ മകന്‍ ഇസ്മായിന്‍റെ മതാവുമായ ഹാജറ (റ) ഈജിപ്തുകാരിയായതു കൊണ്ടാണ് ഈ പേര് വന്നതെനും അല്ലെന്നും ഭാഷ്യമുണ്ട്.
എന്‍റെ കാല ശേഷം നിങ്ങള്‍ ഈജിപ്ത് കീഴടക്കും അപ്പോള്‍ ആ ജനതയോട് നല്ല നിലയില്‍ വര്‍ത്തിക്കണം കാരണം അവര്‍ക്ക് നിങ്ങളുമായി കുടംബ ബന്ധവും ബാധ്യതയുമുണ്ട്എന്നാ അര്‍ത്ഥത്തില്‍ വിവിധ ഹദീസുകള്‍ ഇമാം മുസ്ലിം അടക്കമുള്ളവര്‍ നിവേദനം ചെയ്തതായി കാണാം. ഹാജറ (റ) യും നബി (സ) യുടെ പുത്രനായ ഇബ്രാഹിമിന്‍റെ മാതാവ്‌ മാരിയ (റ)യും ഈജിപുതുകാരാണെന്ന ഹദീസിന്‍റെ വിവക്ഷയെന്നു പണ്‍ഢിതന്മാര്‍ വിശദീകരിക്കുന്നു.
ദൈവികത വാദിച്ച ഫറോവമാരുടെ ചരിത്രമാണ് പുരതനാ മിസ്രയീം ദേശത്തിന് പറയാനുള്ളത്. പാര്‍ശ്വവത്കരിക്കപ്പെട്ട ഇസ്രായീല്യരെ രക്ഷിക്കാനായി പ്രവാചകന്‍ മൂസ നബി (അ) – മോശെ- വന്നതും ഫറോവ ചെങ്കടലില്‍ മുങ്ങിതാന്നതും ചരിത്രം പറയുന്നുവെങ്കില്‍ മൂന്നു പതിറ്റാണ്ടായി അടിച്ചമര്‍ത്തലുകളുടെ പുതിയ അധ്യായങ്ങള്‍ രചിച്ച ആധുനിക ഫറോവ പ്രതിഷേധത്തിന്‍റെ ജനകീയ സുനാമി ആഞ്ഞടിച്ചപ്പോള്‍ ഇത്രയും നാള്‍ കെട്ടിപിടിച്ചിരുന്ന അധികാര സിംഹാസനത്തില്‍ നിന്ന് മുങ്ങേണ്ട ഗതികേടിനെ ക്കുറിച്ചാണ് വര്‍ത്തമാനം നമ്മോട് പറയുന്നത്.

തുനീസ്യയില്‍ നിന്ന് വ്യത്യസ്തമായി ഈജിപ്തിലെ വിപ്ലവം പശ്ചിമേഷ്യയില്‍ ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ക്ക് വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.. ഭൂമിശാസ്ത്രപരമായി ഏഷ്യയെയും ആഫ്രിക്കയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനം, അറബ്-ഇസ്‌ലാമിക ലോകത്ത്‌ ഈജിപ്തിനുള്ള നായകസ്ഥാനം, ഫലസ്തീന്‍ - ഇസ്രായേല്‍ പ്രശ്നത്തില്‍ ഈജിപ്തിന്‍റെ മധ്യസ്ഥസ്ഥാനം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുതന്നെ മധ്യപൌരസ്ത്യ ദേശത്തെ ഏറ്റവും പ്രധാന രാഷ്ട്രമായി ഈജിപ്തിനെ മാറ്റുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമ മുസ്ലിം ലോകവുമായി ഒരു പുതിയ ബന്ടത്ത്തിനു തുടക്കമിടുന്നതിനു വേണ്ടി ഇസ്‌ലാമിക ലോകത്തെ അഭിസംബോധന ചെയ്യാന്‍ ഈജിപ്തിനെ തെരഞ്ഞെടുത്തു മുസ്‌ലിം ലോകത്ത് ഈജിപ്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിതന്നെ യാവാണം.

ഹിജ്‌റ 20-ല ഖലീഫ ഉമര്‍ ബിന്‍ ഖത്താബി (റ) ന്‍റെ കാലത്ത്‌ അംര്‍ ബിന്‍ അല്‍-ആസ് (റ) ലൂടെയാണ്. അമവികളും അബ്ബാസികളും ഫാതിമികളും അയ്യൂബികളും ഉസ്മാനികളും ഭാരിച്ച ഈ നാട് ഒരു പാടു ഇസ്ലാമിക പണ്ഡിതന്മാര്ക്ക് ജന്മം നല്‍കുകയും ഇസ്ലാമിക വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമായി മാറുകയും ചെയ്തു. അല്‍-അസ്ഹര്‍ യൂണിവേഴ്സിറ്റി ഇന്നും തലയെടുപ്പോടെ ഇസ്‌ലാമിക വിദ്യയുടെ ആസ്ഥാനമായി നിലകൊള്ളുന്നു. പരമ്പരാഗത ഇസ്‌ലാമിക വിശ്വാസങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കുന്നവരാണ് ഈജിപ്തുകാര്‍.

അറബ് ദേശീയതയുടെ ഹീറോ ജമാല്‍ അബ്ദുല്‍ നാസറിനു ശേഷം ഈജിപ്തിന്‍റെ സഞ്ചാരം തികച്ചും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ്.. നാസറിനു ശേഷം വന്ന അന്‍വര്‍ സാദാത്ത് സിറിയയോടൊപ്പം ചേര്‍ന്നു ഒക്ടോബര്‍ യുദ്ധത്തിലൂടെ ഇസ്രായേലിനെ നേരിട്ടെങ്കിലും പിന്നീട് 1978-ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറിന്‍റെ സാന്നിധ്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി മെനാഹിം ബെഗിനോടപ്പം അമേരിക്കയിലെ കേമ്പ് ഡേവിഡില്‍ വെച്ച് ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പുവെച്ചതോടെ സാമ്രാജ്യത്വ ദാസ്യത്തിന്‍റെ പുതിയ അധ്യായം പിറന്നു. അതോടെ അറബ് - മുസ്‌ലിം ലോകത്ത്‌ ശരിക്കും ഒറ്റപ്പെട്ടു പോയിരുന്നു ഈജിപ്ത്. 1981-ല്‍ ഒരു സൈനിക പരേഡിനിടെ സാദത്ത്‌ കൊല്ലപ്പെട്ടതോടെ ആരംഭിച്ച മുബാറക്‌ യുഗം അടിച്ചമര്‍ത്തലിന്‍റെയും രാഷ്ട്രീയ പകപോക്കലിന്‍റെ\യും കടുത്ത നീക്കങ്ങളാനു ജനം അനുഭവിച്ചത്.

30 വര്‍ഷത്തോളം നീണ്ട ഭരണത്തില്‍ അമേരിക്കന്‍-ഇസ്രായേല്‍ അച്ചുതണ്ടിന്‍റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചു ഭരണം നടത്തിയ മുബാറക്‌ അടിയന്തിരാവസ്ഥ നിയമത്തിലൂടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ടപ്പോള്‍ തന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ന്യായമായി അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ സമര്‍പ്പിച്ചത് ഇസ്‌ലാമിക തീവ്രവാദികള്‍ ഭരണം പിടിക്കുമെന്ന പേടിയായിരുന്നു. തങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്തവര്‍ ഭരണത്തില്‍ വരാതിരിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ മുബാരകിനെ കയ്യയച്ചു സഹായിക്കുകയും ചെയ്തു. നേരത്തെ നിശ്ചയിക്കപ്പെട്ട ഫലം പ്രഖ്യാപിക്കുന്നതിനുള്ള ഒരു നാടകം മാത്രമായിരുന്നു മുബാരകിന്റെ തെരഞ്ഞെടുപ്പുകള്‍. തന്‍റെ പിനഗാമിയായി ഇളയ പുത്രന്‍ ജമാലിനെ പ്രതിഷ്ടിക്കാനുള്ള നീക്കങ്ങള്‍ കൂടിയായപ്പോള്‍ നീണ്ട മുപ്പതു കൊല്ലം പിതാവിനെ പേറിയ ജനത ആകെ അന്കലാപ്പിലായിരുന്നു..
 
ടുണീഷ്യന്‍ വിപ്ലവം നല്‍കിയ ആവേശത്തില്‍ അതോടെ ഈജിപ്ഷ്യന്‍ യുവതയും ഇറങ്ങി തിരിച്ചു. എങ്കിലും ഇത്രപെട്ടെന്നു ഒരു മാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല. ടുണീഷ്യന്‍ വിപ്ലവത്തെ പോലെ തന്നെ പൂര്‍ണമായും ഒരു ജനകീയ വിപ്ലവമായിരുന്നു ഈജിപ്തിലേതും. ഏതെങ്കിലും ഒരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ പിതൃത്വം അവകാശപ്പെടാനില്ല. എന്നാല്‍ എല്ലാവരും പങ്കാളികളുമാണ്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, മതകീയ മാനങ്ങള്‍ ഈ വിപ്ലവത്തിനുണ്ട്. പതിനെട്ട് ദിവസം നീണ്ടു നിന്ന ജനകീയ പ്രക്ഷോഭത്തില്‍ സമൂഹത്തിന്‍റെ വിവിധ തട്ടിലുള്ളവരും വിവിധ മതാനുയായികളും മത നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഒന്നിച്ചു നിന്ന് പോരാടി. പലരീതിയില്‍ പ്രക്ഷോഭം കലക്കാന്‍ നോക്കിയെങ്കിലും യുവ ജനതയുടെ ഇച്ഛാശക്തിയും ആത്മവീര്യവുമാണ് വിപ്ലവത്തിന്‍റെ വിജയ നിദാനം.

ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു വിപ്ലവതിനാണ് ഈജിപ്ത് സാക്ഷ്യം വഹിച്ചത്. മുപ്പതും നാല്പതും ലക്ഷം ജനങ്ങള്‍ തെരുവിലിരങ്ങിയിട്ടും കാര്യമായ അനിഷ്ട സംഭവങ്ങളോ പ്രശ്നങ്ങളോ ഉണ്ടായില്ല. ആദ്യഘട്ടത്തില്‍ പോലീസ്‌ നരനായാട്ടു നടത്തിയപ്പോള്‍ മുന്നൂറു പേര്‍ക്ക് ജീവന്‍ ബാലിയര്‍പ്പിക്കേണ്ടി വന്നു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. ഇന്റര്‍നെറ്റ് പൂര്‍ണമായും നിരോധിച്ചും മൊബൈല്‍ഫോണ്‍ സംവിധാനങ്ങള്‍ തകരാരിലാക്കിയും പ്രക്ഷോഭം പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതൊക്കെ മറികടന്ന് നേടിയ ഈ വിജയം ഒരു ജനതയുടെ ആത്മസ്ഥൈര്യത്തിന്‍റെ താണ്. ഒബാമയുടെ അമേരിക്കന്‍ സര്‍ക്കാര്‍ മണിക്കൂറുകള്‍ ഇടവിട്ട്‌ നിലപാടുകള്‍ മാറ്റിയപ്പോഴും ഇസ്രായേല്‍ ഉള്‍പ്പെടെ പലരും മുബാറകിനെ സപ്പോര്‍ട്ട് ചെയ്തപ്പോഴും വിജയം കണ്ടേ മടങ്ങുയെന്ന നിശ്ചയദാര്‍ഢ്യവുമായി ജനത ഒന്നിച്ചതിന്‍റെ ഫലമാണ് ഈ വിപ്ലവം. ടുണീഷ്യയെപ്പോലെ ഇവിടെയും ഇന്റെര്‍നെറ്റ് സോഷ്യല്‍ മീഡിയകളും അല്‍-ജസീറ ചാനലും മാറ്റത്തിന് താങ്ങായി യെന്നതില്‍ സംശയമില്ല.

ചെങ്കടലില്‍ മുങ്ങിത്താഴുമ്പോള്‍ മൂസയുടെയും ഹാറൂനിന്‍റെയും രക്ഷിതാവിനെ ഞാന്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞ ഫരോവയെപ്പോലെ അവസാന മണിക്കൂറുകളില്‍ പല അടവുകളും പരീക്ഷിച്ചു മുബാറക്‌. മന്ത്രി സഭ പിരിച്ചുവിട്ടും വൈസ്‌പ്രസിഡന്റിനെ നിയമിച്ചും ഭരണഘടനാ പരിഷ്കരണം പോലുള്ള വാഗ്ദാനം നല്‍കിയും അവസാനം അധികാരങ്ങള്‍ വൈസ്‌പ്രസിഡന്റ്‌ കൈമാറിയും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചെങ്കിലും ചെങ്കടിലെ ഫിര്‍ഔനിന്‍റെ നിലവിളിക്കപ്പുറമുള്ള വിലയൊന്നും ജനം അതിനു കല്പിച്ചില്ല.. ഗത്യന്തരമില്ലാതെ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍റെയും അക്രമത്തിന്‍റെയും പൊതുമുതല്‍ കൊള്ളയുടെയും മാറാപ്പും പേറി മൂന്നു പതിറ്റാണ്ടായി കൊണ്ടുനടന്നിരുന്ന അധികാരത്തിന്‍റെ പടിയിറങ്ങുമ്പോള്‍ പലരും ഓര്‍ക്കുന്നത് ദൈവം ഫരോവയോടു പറഞ്ഞ വാക്കുകള്‍ തന്നെ : "ഇന്നേ ദിവസം നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തുന്നു.; ശേഷമുള്ളവര്‍ക്ക് ഒരു ദൃഷ്ടാന്തമായി " അക്രമികളായ മുഴുവന്‍ ഏകാധിപതികള്‍ക്കും ഒരു ദൃഷ്ടാന്തമായി മുബാറകും സൈനുല്‍ ആബിദീനും .

താല്‍ക്കാലികമായി സായുധസേനയുടെ സുപ്രീം കൌണ്‍സിലാണ് രാജ്യഭരണം നടത്തുന്നതെങ്കിലും ജനങ്ങള്‍ ആവശ്യപ്പെട്ടതുപോലെ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ജനകീയ പ്രക്ഷോഭത്തില്‍ പങ്കാളികളായിരുന്ന ഇഖവാനുല്‍ മുസ്‌ലിമീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കാളിത്തമുള്ള ഒരു ജനകീയ ജനാധിപത്യ സര്‍ക്കാര്‍ വരുമെന്ന് പ്രതീക്ഷിക്കാം . ഇനി മറ്റൊരു മുബാറക് ഉണ്ടാകാന്‍ ഈജിപ്ഷ്യന്‍ ജനത സമ്മതിക്കില്ലെന്ന് ന്യായമായും നമുക്ക് വിശ്വസിക്കാം.പ്രക്ഷോഭം ആളിക്കത്തിയ സമയത്ത് നാം മനുഷ്യരാണെന്നും നമുക്ക് മരണമുണ്ടെന്നും മുബാറകിനെ ഓര്‍മപ്പെടുത്തിയ തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍റെ പാര്‍ട്ടിയുടെ ജനാധിപത്യ മോഡല്‍ ഒരു പക്ഷേ ഈജിപ്തിനും വഴികാട്ടിയാവും.

(2011 മാര്‍ച്ച് ലക്കം തെളിച്ചം മാസികയില്‍ പ്രസിദ്ധപെടുത്തിയ ലേഖനത്തില്‍ നിന്ന്)

2011, ജനുവരി 24, തിങ്കളാഴ്‌ച

'കുല്ലുനാ തൂനിസ്‌'


പിടി വിട്ടാല്‍ മുല്ലപ്പൂവും വിപ്ലവം ചുരത്തും എന്ന് പുതുമൊഴിക്ക് വഴിയേകി ടുണീഷ്യന്‍ ജനത പുറത്തെടുത്ത വിപ്ലവ വീര്യം പലര്‍ക്കും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിരിക്കുന്നുവെന്നതില്‍ സംശയമില്ല. ഈ വിപ്ലവ വീര്യം ഉത്തരാഫ്രിക്കയിലും അറേബ്യന്‍ രാജ്യങ്ങളിലും പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാതാണ് യാഥാര്‍ത്ഥ്യം. ഇതോടെ ദശകങ്ങളായി ഏകാധിപത്യ ഭരണത്തിലൂടെ തങ്ങളുടെ സ്വന്തം ജനതയെ അടിച്ചൊതുക്കുന്ന ഒരു പാട് അറബ് ഭരണാധികാരികള്‍ക്ക് കണ്ണ് തുറക്കേണ്ടി വരുമെന്നാണ് ഈജിപ്ത്, അല്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളിലെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.


ടുണീഷ്യയുടെ ദേശീയ പുഷ്പമാണ് മുല്ലപ്പൂ. അതുകൊണ്ടാണ് ഈ ജനകീയ വിപ്ലവത്തെ മുല്ലപ്പൂ വിപ്ലവമെന്നു മാധ്യമലോകംവിളിക്കുന്നത്‌. ടുണീഷ്യയുടെ ഗതകാലം മുല്ലപ്പൂവിനെയും വെല്ലുന്ന രീതിയില്‍ ഇസ്ലാമിക സംസ്കാരത്തിന്‍റെ സുഗന്ധം പ്രസരിപ്പിച്ചിരിന്നു. ഉസ്മാന്‍ (റ) വിന്‍റെ ഭരണകാലത്താണ് മൊറോക്കൊ, അള്‍ജീരിയ, ടുണീഷ്യ, മൌറിത്താനിയ തുടങ്ങിയ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളും പഴയ ഇസ്‌ലാമിക സ്പെയിനിന്‍റെ ഭാഗങ്ങളും അടങ്ങിയ ഇസ്ലാമിക്‌ മഗരിബ് എന്നറിയപ്പെടുന്ന പ്രദേശങ്ങളിലേക്ക് ഇസ്‌ലാം എത്തുന്നത്. അവിടന്നങ്ങോട്ട് ഒരു പാടു പിന്‍ സമൂഹത്തിനു ബാക്കിയാക്കിയാണ് ഇസ്ലാമിക സാംസ്കാരാവും നാഗരികതയും മുന്നോട്ട് പോയത്.


ഉഖ്‌ബത്‌ ബിന്‍ നാഫിഅ് എന്നറിയപ്പെടുന്ന മഹാനായ സഹാബിയ്യാണ് ഈ നാടുകളുടെ യഥാര്‍ത്ഥ വിമോചകനായി ഗണിക്കപ്പെടുന്നത്‌. അദ്ദേഹത്തിന്‍റെ ഖബര്‍ സ്ഥിതി ചെയ്യുന്ന അള്‍ജീരിയയിലെ സ്ഥലം ഇന്നും അറിയപ്പെടുന്നതും 'സീദീ ഉഖ്‌ബ' എന്നാണു. ഹിജ്റ 50-ല്‍ അദ്ദേഹം നിര്‍മിച്ച ടുണീഷ്യയിലെ പട്ടണമാണ് ഖൈറവാന്‍. തന്ത്രപ്രധാനമായ ഈ പട്ടണം നൂറ്റാണ്ടുകളോളം ആഫ്രിക്കയിലേക്കും മുസ്‌ലിം സ്പയിനിലേക്കുമുള്ള മുസ്‌ലിം സൈനിക നീക്കങ്ങളുടെ കേന്ദ്രവും അതേസമയം ഇസ്ലാമിക വൈജ്ഞാനിക പുരോഗതിയുടെ വിളനിലവുമായിരുന്നു. അല്‍-അസ്ഹര്‍ യൂണിവേഴ്സിറ്റി നിര്‍മിക്കുന്നതിനു 300- വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിക്കപ്പെട്ട ജാമിഅ് ഉഖ്ബത് ബിന്‍ നാഫിഅ് കേന്ദ്രീകരിച്ച് ഒട്ടേറെ ഇസ്‌ലാമിക പാഠശാലകളും ഗ്രന്ഥാലയങ്ങളും ഖൈരവാന്‍ പട്ടണത്തില്‍ ഉണ്ടായിരുന്നു. അബ്ബാസിയ്യ ഭരണ തലസ്ഥാനമായിരുന്ന ബാഗ്ദാദിലെ വൈജ്ഞാനിക കേന്ദ്രങ്ങളുമായി നിരന്തര സമ്പര്‍ക്കം വഴി ആ രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ ഗ്രന്ഥങ്ങള്‍ അങ്ങോട്ടെത്തിക്കാനും ഖൈറവാന്‍ സാധിച്ചുവെന്നു ചരിത്രം പറയുന്നു.സൈത്തൂന യൂണിവേഴ്സിറ്റിയും ഇബ്നു ഖലദൂനും ഇമാം സഹ്നൂനും ഇന്നലെകളിലെ ടുണീഷ്യയുടെ ചരിത്രം പറയുന്നു.

അതൊക്കെ പഴയ ചരിത്രം. 1950 ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ടുണീഷ്യയ്ക്ക് പറയാനുള്ളത്‌ മറ്റൊരു ചരിത്രമാണ്. പ്രസിഡന്‍റായി സ്ഥാനമേറ്റ ഹബീബ് ബൂര്‍ഗിബ ഏക പാര്‍ട്ടി സംവിധാനത്തിലൂടെ സ്വേച്ഛാധിപത്യ ഭരണം നടത്തിയപ്പോള്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയും സ്വതന്ത്ര രാഷ്ട്രീയ, മത പ്രവര്‍ത്തനങ്ങള്‍ക് ക്കൂച്ചുവിലങ്ങ് വീഴുകയും ചെയ്തു. ടുണീഷ്യയുടെ 'മുസ്തഫ കമാല്‍' എന്നു ചിലര്‍ അദ്ദേഹത്തെ വിളിക്കുന്നത് മത നിരാസത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണ്ടിട്ടാണ്. പാശ്ചാത്യരുടെ പൊന്നോമനയായിരുന്ന ബൂര്‍ഗിബ മത ചിന്ഹങ്ങളെ വലിയ അസഹിഷ്ണുതയോടെയാണ് കണ്ടത്‌. ]താടിയും തലപ്പാവും ശിരോവസ്ത്രവും പൊതു സമൂഹത്തില്‍ അലര്‍ജിയായി മാറ്റപ്പെട്ടു. ബാങ്ക് വിളിക്കു പോലും നിയന്ത്രണങ്ങള്‍ വന്നു.

 രോഗബാധിതനായ ബൂര്‍ഗിബയെ പുറത്താക്കി 1987-ല്‍ ടുണീഷ്യന്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലി പുതിയ സൂര്യോദയം വാഗ്ദാനം ചെയ്തെങ്കിലും അത് സ്വജനപക്ഷപാതത്തിന്‍റെയും അധികാര ദുര്‍വിനിയോഗത്തിന്‍റെയും രാഷ്ട്രീയ അടിച്ചമര്‍ത്തലുകളുടെയും കരാളരാത്രികളാണെന്നു ടുണീഷ്യന്‍ ജനത മനസ്സിലാക്കാന്‍ അധികം വൈകേണ്ടിവന്നില്ല. 1999-ല്‍ ഉത്തരാഫ്രിക്കയിലെ മറ്റുപല ഏകാധിപതികളെയും പോലെ തെരഞ്ഞെടുപ്പ് നാടകം നടത്തി 90% അധികം ഭൂരിപക്ഷത്തോടെ താന്‍ തന്നെ അധികാരത്തിലെത്തുന്ന മാന്ത്രിക പ്രകടനത്തിനും ബിന്‍ അലി തുടക്കമിട്ടു.


1992 ല്‍ ഒരു പച്ചക്കറി കച്ചവടക്കാരന്‍റെ മകളും ഹെയര്‍ ഡ്രെസ്സരുമായ ലൈല തറാബല്‍സിയെ തന്‍റെ ഭാര്യയായി സ്വീകരിച്ചതോടെ ബിന്‍ അലി തകര്‍ച്ച ആരംഭിക്കുകയായിരുന്നു. രണ്ടു പേര്‍ക്കും അത് രണ്ടാം വിവാഹമായിരുന്നു. അതോടെ അധികാരത്തിന്‍റെ സിരാകേന്ദ്രമായി മാറിയ ലൈലയും കുടുംബാഗങ്ങളും പൊതുമുതല്‍ കൊള്ളയടിച്ചു തടിച്ചുകൊഴുക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഇസ്ലാമിക പ്രതിപക്ഷ പാര്‍ട്ടിയായ അന്നഹ്ദ തലവന്‍ റാഷിദ്‌ അല്‍-ഗനൂശി അടക്കമുള്ള പല രാഷ്ട്രീയ നേതാക്കള്‍ക്കും നാട് വിടേണ്ടി വന്നു.

തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവര്‍ക്കെതിരെ ജനാധിപത്യത്തിന്‍റെ വാളോങ്ങുന്ന പാശ്ചാത്യന്‍ യജമാനന്മാര്‍ക്ക് പക്ഷേ ടുണീഷ്യ പുരോഗമനത്തിന്‍റെയും ആധുനികവത്കരണത്തിന്‍റെയും അടയാളമായിരുന്നു. കാറ്റും വെളിച്ചവും കടക്കാത്ത ടുണീഷ്യന്‍ മാഫിയ ഭരണക്കൂടം (ടുണീഷ്യന്‍ ജനത അങ്ങനെയാണ് അതിനെ വിളിച്ചത്) അവര്‍ക്കൊരു പ്രശ്നമേ ആയില്ല. തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവര്‍ അധികാരത്തിലെത്താതിരിക്കാന്‍ ഇത് തന്നെയാണ് നല്ലതെന്നു അവര്‍ക്കു തോന്നി. മാധ്യമ സ്വാതന്ത്യ്രം എന്തെന്നറിയാത്ത, ഇന്റര്‍നെറ്റിന്‍റെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒന്നായി അറിയപ്പെടുന്ന ടുണീഷ്യ പിന്നെ അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്‍റെയും കൂത്തരങ്ങായി മാറുകയായിരുന്നു.

വിവര കൈമാറ്റത്തിന്‍റെ വിവിധ സാധ്യതകളെ പരമാവധി കൂച്ചുവിലങ്ങിടട്ടിട്ടും ചരിത്രം കരുതി വെച്ച ആ ദിനത്തെ തടുത്തുനിര്‍ത്താന്‍ ഒരു ശക്തിക്കും സാധിച്ചില്ല. ചൂളം വിളിക്കാരന്‍ (whistle blower) അസാന്‍ജിന്‍റെ വികിലീക്സും സാമൂഹ്യ മാധ്യമ (Social Media) മെന്ന നിലയില്‍ അത്ഭുതം സൃഷ്ടിച്ച മാര്‍ക്ക്‌ സൂക്കര്‍ബര്‍ഗിന്‍റെ ഫേസ്ബുക്കും ജനകീയ വിപ്ലവത്തിന് പിന്താങ്ങായിയെന്നതു യാഥാര്‍ത്ഥ്യമാണ്. ബിന്‍ അലി ഭരണകൂടത്തിന്‍റെയും ലൈലയുടെയും പിന്നാമ്പുറ കഥകളെക്കുറിച്ച് ടുണീഷ്യയില്‍ നിന്നും അമേരിക്കയിലേക്കു പോയ രേഖകള്‍ വികിലീക്സിലൂടെ പുറത്തുവന്നപ്പോള്‍ പ്രതിഷേധക്കാര്‍ക്ക് ഏകോപനത്തിനു സഹായകമായത് ഫേസ്ബുക്കാണ്.

വിദ്യാസമ്പന്നനായിട്ടും ഉപജീവനത്തിനു ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തേണ്ടി വന്ന മുഹമ്മദ് ബൂഅസീസിയെന്ന യുവാവിനെ മുനിസിപാലിറ്റി അധികൃതര്‍ അപമാനിക്കിന്നിടത്തു നിന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ ആരംഭം. ബൂഅസീസി സ്വയം തീകൊളുത്തിയാതോടെ ആളിപ്പടര്‍ന്ന അഗ്നി ബിന്‍ അലി രാജ്യം വിട്ടോടുന്നതില്‍ കൊണ്ടെത്തിച്ചു കാര്യങ്ങള്‍. ഈ പ്രതിഷേധാഗ്നി ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കൊ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കത്തിപടരുമെന്ന അവസ്ഥയിലാണ്. ഏതൊക്കെ രാഷ്ട്രീയ ശക്തികളുടെ പിന്‍ബലമുണ്ടെങ്കിലും സ്വന്തം ജനതയുടെ ഹിതം മനസ്സിലാക്കാത്ത എല്ലാ അക്രമികളായ ഭരണാധികാരികള്‍ക്കുമുള്ള മുന്നറിയിപ്പാണ് ടുണീഷ്യ.

ബൂഅസീസിയുടെ ഉന്തുവണ്ടി ഇരുപതിനായിരം അമേരിക്കന്‍ ഡോളറിനു വാങ്ങാന്‍ തയ്യാറായി ഒരു ഗള്‍ഫ്‌ ബിസിനസ്സുകാരന്‍ തങ്ങളെ സമീപിച്ചെന്ന ബൂഅസീസിയുടെ സഹോദരന്‍റെ വെളിപ്പെടുത്തല്‍(അല്‍-ഖുദ്സ് ദിനപത്രം, ലണ്ടന്‍) ടുണീഷ്യന്‍ വിജയത്തെ അറബ് ജനത എത്രമാത്രം നെഞ്ചിലേറ്റുന്നുവെന്നതിന്‍റെ മതിയായ തെളിവാണ്. ഗള്‍ഫ്‌ നാടുകളില്‍ ജോലി ചെയ്യുന്ന ഈജിപ്തുകാരോട് സംസാരിച്ചാല്‍ മനസ്സിലാവും അവരും ഇത്തരമൊന്നിനു കാത്തിരിക്കുകയാണെന്നും.


ജനുവരി 14-നു ബിന്‍ അലിയും സംഘവും നാടുവിട്ടോടിയതിനെ തുടര്‍ന്ന് ജനുവരി 15-നു ഫോറിന്‍ പോളിസി ജേര്‍ണലലില്‍ പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവര്‍ത്തക യുവാന്‍ റഡ് ലി എഴുതി "Tonight we  are all  Tunisians". കഴിഞ്ഞ ദിവസം അല്‍-ജസീറ ചനാല്‍ നെറ്റ് വര്‍ക്കിലെ ടുണീഷ്യക്കാരനായ ഒരു ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍ ഞാനും പറഞ്ഞു :"കുല്ലുനാ തൂനിസ്‌"