2010, നവംബർ 5, വെള്ളിയാഴ്‌ച

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ പാഠം



തെരഞ്ഞെടുപ്പുകള്‍ നാം കേരളീയര്‍ക്കു എന്നും ഹരമാണ്. ഏതു തെരഞ്ഞെടുപ്പായാലും അടുക്കളയിലെ വിലക്കയറ്റം മുതല്‍ സാമ്രാജ്യത്വവും അമേരിക്കന്‍ അന്തര്‍ദേശീയ ഇടപെടലുകളും വരെ ചര്‍ച്ചചെയ്യുകയെന്നതും നമ്മുടെ ഒരു പതിവാണ്. വിവിധ മത-ജാതി-സാമുദായിക വിഭാഗങ്ങളിലെ ഓരോ അവാന്തര വിഭാഗങ്ങളും പിന്തുണയും അവകാശ വാദങ്ങളുമായി ഇറങ്ങുന്നതും കേരളീയ തെരഞ്ഞെടുപ്പു രംഗത്തെ ഒരു സ്ഥിരം കാഴ്ചയാണ്.

 
മുസ്‌ലിം മത സാംസ്കാരിക സംഘടനകളുടെ കൂട്ടത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുകയും മാധ്യമങ്ങള്‍ വഴി കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രതേകിച്ച് മലബാറില്‍ തങ്ങള്‍ ഒരു നിര്‍ണായക ശക്തിയാണെന്നു ഒരു ധാരണ പരത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന രണ്ടു വിഭാഗങ്ങളാണു ജമാഅത്തെ ഇസ്‌ലാമിയും കാന്തപുരം മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗവും. ഇവര്‍ രണ്ടു കൂട്ടരും പരസ്പരം ശത്രുക്കളാണെങ്കിലും മുസ്‌ലിം രാഷ്ട്രീയത്തിലെ മുഖ്യധാരാ പാര്‍ട്ടിയായ മുസ്‌ലിം ലീഗ് വിരോധമായിരുന്നു രണ്ടു കൂട്ടരുടെയും അടിസ്ഥാന രാഷ്ട്രീയനയം. അതിനാല്‍ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അവര്‍ അഭയം തേടിയെത്തിയത്.
പാഠം ഒന്ന്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
'സാധ്യതയുടെ കല' എന്ന നിലയില്‍ സഹായിക്കുന്നവരെ സഹായിക്കുക്ക എന്നതിനപ്പുറമുള്ള ഒരു സൈദ്ധാന്തികതയും 'പൊളിറ്റിക്സ്' നന്നായി അറിയുന്ന നമ്മുടെ കാന്തപുരം ഉസ്താദിനില്ല. സഹായിച്ചവര്‍ ആരെന്നു അറിയണമെങ്കില്‍ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നവരെ കാത്തിരിക്കണമെന്നു മാത്രം. അതിനിടയ്ക്കാണ് കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനു അതിനു സ്നേഹിക്കുന്നവര്‍ തന്നെ ഒരു ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കിയത്. പക്ഷേ, ഇത് തന്നെ അവസരമെന്ന് മനസ്സിലാക്കി കലാങ്ങളായി മനസ്സില്‍ താലോലിച്ചു കൊണ്ടുനടന്ന പലരുടെയും അധികാര രാഷ്ട്രീയ സ്വപ്നം പുറത്തു വരുന്നത്.

അങ്ങനെയാണ് ലീഗില്ലാത്ത ഇന്ത്യന്‍ പാര്‍ലിമെന്റ് എന്ന സ്വപ്നവുമായി 'ഊതിക്കാച്ചിയ പോന്നെന്നു' നമ്മുടെ മന്ത്രി സുധാകരന്‍ വിശേഷിപ്പിച്ച പിണറായി വിജയനും ജയിലില്‍ നിന്ന് പുതിയ ബോധോദയവുമായി വന്ന (ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ സമനില തെറ്റുന്നു സ്വഭാവം അതിപ്പോഴും മാറിയിട്ടില്ല) മഅദനി ഉസ്താദും ചേര്‍ന്നു കാന്തപുരം ഉസ്താദിന്‍റെ അനുഗ്രഹാശിസ്സുകളോടെ അവിടുത്തെ ബുദ്ധിജീവിയെ രംഗത്തിറക്കിയത്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച ലീഗിന് ഒരു വെടിയ്ക്കു ഒരുപാടു പക്ഷികളെ ഒന്നിച്ചു വീഴ്ത്താന്‍ അവസരമുണ്ടായി. അതോടെ മുസ്ലിം രാഷ്ട്രീയത്തിന്‍റെ അടിയൊഴുക്കുകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത പലരും എന്തോ വലിയ ഒരുകാര്യമായി കൊണ്ടു നടന്ന കാന്തപുരം സുന്നി 'വോട്ട് ബാങ്ക്' ഊതിപ്പെരുപ്പിച്ച ഒരു കുമിളയായിരുന്നെവെന്നു പലര്‍ക്കും ബോധ്യപ്പെട്ടത്. ഏതായാലും പൊന്നാനി പരീക്ഷണത്തിന്‍റെ ഗുണം കൊണ്ടാവാം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവരുടെ വലിയ ആരവങ്ങളൊന്നും കാണാതിരുന്നത്.

പാഠം രണ്ട്‌: പഞ്ചായത്ത് തെരഞ്ഞെടുപ്പ്

എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ കാര്യം അതല്ല. ആധുനിക ഇസ്‌ലാമിക നവ ജാഗരണത്തിന്‍റെ വക്താക്കളും ഇസ്ലാമിക ബൌദ്ധികതയുടെ മൊത്തം കുത്തക അവകാശപ്പെടുന്നവരുമാണവര്‍. ഇസ്ലാമിന്‍റെ രാഷ്ട്രീയ ഐക്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവാരാണവര്‍. പക്ഷേ അത് തങ്ങളുടെ നേതൃത്വത്തിലാവണമെന്നു മാത്രം! അടിസ്ഥാനപരമായി അവര്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന് തന്നെ വേണം മനസ്സിലാക്കാന്. പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും കഥകള്‍ അതാണല്ലോ പറഞ്ഞുതരുന്നത്.

ഏറ്റവും രസകരമായി തോന്നിയത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം പുറത്തു വന്ന കേരള അമീറിന്‍റെ പ്രസ്താവന. കേവലം ഒരു മത സംഘടനയായോ സാംസ്കാരിക സംഘടനയായോ കണ്ടിരുന്ന ജമാഅത്തെ ഇസ്ലാമിയെ ഒരു രാഷ്ട്രീപാര്‍ട്ടിയായി അംഗീകരിക്കപ്പെട്ടു എന്നാണു അമീറിന്‍റെ കണ്ടെത്തല്‍. മതത്തിനും സംസ്കാരത്തിനപ്പുറം രാഷ്ട്രീയമാണ് എല്ലാമെന്നും രാഷ്ട്രീയമായിട്ടല്ലാതെ ഇസ്ലാമിന് നില നിലനില്പില്ലെന്നുമെല്ലാം അതിനു അര്‍ഥം പറയാം. അതിന്‍റെ പിറ്റേ ദിവസം ജമാഅത്ത് പത്രാധിപര്‍ എഴുതിയത് വീണിടത്ത് കിടന്നുരുളുന്ന വായനാനുഭാവമാണ് അത് സമ്മാനിച്ചത്. ന്യായീകരണത്തിന് ബദ്ധപ്പെടുന്ന പത്രാധിപര്‍ വൈരുധ്യങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ട് ആ ലേഖനം.


ജമാഅത്ത് രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകാരിക്കപെട്ടത്തില്‍ അമീര്‍ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ ഏ.ആര്‍. പറയുന്നത് രാഷ്ട്രീയ പാര്‍ട്ടിയാവാന്‍ ജമാഅത്ത് ഒരിക്കലും ഉദേശിച്ചിട്ടില്ലെന്നു. മറിച്ചു ദേശീയ തലത്തില്‍ രൂപികരിക്കാന്‍ ഉദ്ധേശിക്കുന്ന ജനകീയ രാഷ്ട്രീയ പാര്‍ട്ടിയുടെ പരീക്ഷണശാലയായി കേരള പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തി എന്നു മാത്രം. പരീക്ഷണത്തിനു കേരളം തന്നെ തെരഞ്ഞെടുതത്തില്‍ നന്നായി. താരതമേന്യ മുസ്ലികള്‍ രാഷ്ട്രീയ ശക്തിയായിടത്തുള്ള ഈ പരീക്ഷണം മുസ്‌ലിം ഐക്യത്തിനു ഒരു മുതല്‍ കൂട്ടാവുമല്ലോ!

ഇടയ്ക്ക് ഇടയ്ക്ക് ജമാഅത്ത് നേതാക്കള്‍ പറയുന്നത് കേള്‍ക്കാം തങ്ങളുടെ ലക്‌ഷ്യം സാമുദായിക രാഷ്ട്രീയമല്ലയെന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സംഘടിതമായ കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ ഇല്ലാതാക്കുക്ക എന്നര്‍ത്ഥം. മുസ്ലിംകള്‍ സ്വന്തമായി സംഘടിക്കാതെ തങ്ങളോടൊപ്പം ചേരണമെന്ന് വാശിപിടിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പറയുന്നത് മറ്റൊന്നല്ല. അങ്ങനെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം നിന്നിട്ട് എന്തു കിട്ടിയൊന്നു യു.പിയിലും മറ്റുമുള്ള മുസ്‌ലിം കളോട് ചോദിച്ചാല്‍ മതി. തങ്ങള്‍ കഴിഞ്ഞാല്‍ ഇസ്ലാമിന്‍റെ ഏറ്റവും വലിയ സംരക്ഷകര്‍ ജമാഅത്തിനു സംബന്ധിച്ചിടത്തോളം ഇടതുപക്ഷമാണ്.

ഇന്നിപ്പോ കമ്മ്യുണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കമ്മ്യുണിസവും മാര്‍ക്സിസവും ഭാരമാകുന്നതുപോലെ ജമാഅത്തെ ഇസ്ലാമിക്ക് അതിന്‍റെ സ്ഥാപകന്‍ മൌദൂദിയുടെ ചിന്തകള്‍ ഭാരമായി കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാഗമാകുന്നത് ശിര്‍ക്കാ (ബഹുദൈവാരാധ)യി കണ്ടിരുന്നവര്‍ ഇന്നിപ്പോ അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാവാന്‍ നടത്തുന്ന ശ്രമങ്ങള്‍ സഹതാപാര്‍ഹാമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോ സുഹൃത്ത് അലവികുട്ടി ഹുദവി പറഞ്ഞു: "മൌദൂദി സാഹിബിന്‍റെ ഹഖ് ജാഹ് ബറകത്ത് കൊണ്ടാകണം ജമാഅത്ത്‌ രാഷ്ട്രീയ പരീക്ഷണം നിലം തൊടാതെ പോയത്. അല്ലെങ്കില്‍ താഗൂത്തി (ദൈവിക വിരുദ്ധമായ) പഞ്ചയാത്ത് ഭരണത്തില്‍ തന്‍റെ അനുയായികള്‍ ഇരിക്കുന്ന രംഗം അദ്ദേഹത്തിന്‍റെ ആത്മാവിനു സഹിക്കാന്‍ കഴിയില്ലല്ലോ". സമകാലിക ജമാഅത്ത് നേതൃത്വം അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുടെ നര്‍മത്തില്‍ പൊതിഞ്ഞ ഒരു പ്രകാശനമായി അതെനിക്ക് അനുഭവപ്പെട്ടു.

ഏതായാലും 40 കളില്‍ നിലവില്‍ വന്ന ഒരു (മത/രാഷ്ട്രീയ?) സംഘനയ്ക്ക് 2003- ല്‍ നിലവില്‍ വന്ന സോളിഡാരിറ്റിയുടെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ സാമൂഹ്യ ഇടപെടലുകളിലൂടെ ഉണ്ടാക്കിയെടുത്ത സാന്നിധ്യവും ശക്തമായ മാധ്യമത്തിന്‍റെ പിന്‍ബലവും ഉണ്ടായിട്ടും പോലും പലരെയും കൂട്ടുപിടിച്ചു ജമാഅത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നു തെളിയിക്കാന്‍ നടത്തിയ ഈ പരീക്ഷണം ഇങ്ങനെ ഒരു ദുരന്തത്തില്‍ കലാശിച്ചതില്‍ നമുക്ക് പരിതപിക്കാം.

ഇപ്പോ ജമാഅത്ത് നേതാക്കള്‍ പരിതപിക്കുന്നത് കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും ഒന്നിച്ചു നിന്ന് തങ്ങളെ എതിര്‍ത്തതിന്‍റെ ഫലം കൂടിയാണിതെന്ന്. കേരളത്തിലെ മുസ്ലിംകളുടെ മത രാഷ്ട്രീയ രംഗത്ത്‌ ഉണ്ടായ ഓരോ ഭിന്നിപ്പുകളില്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ പരമാവധി സംഭാവന
'മാധ്യമ' ത്തിലൂടെ ചെയ്തവരാണ്‌ ജമാഅത്ത്കാരെന്നു മറ്റുള്ളവര്‍ക്ക് മറക്കാന്‍ കഴിയുമോ? സുന്നി-മുജാഹിദ്‌-ലീഗ് ഭിന്നിപ്പുകളില്‍ ഇവര്‍ സ്വീകരിച്ച നിലപാടുകള്‍, യശ:ശരീരനായ സേട്ട്‌ സാഹിബിനെയും അത് വഴി ഐ.എന്‍.എല്‍ നെയും രാഷ്ട്രീയ ആത്മഹത്യയിലേക്ക് നയിച്ചത്തിന്‍റെയും വെള്ളവും വളവും നല്‍കി മഅദനിയെ പാലൂട്ടി ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതിന്‍റെയും പാപക്കറ കഴുകികളയാന്‍ സാധ്യമല്ലല്ലോ.

പരോക്ഷ പോരാട്ടങ്ങള്‍ വിട്ടു പ്രത്യക്ഷ പോരാട്ടത്തിനിറങ്ങി സംഘടനയുടെ രാഷ്ട്രീയം തെളിയിക്കാന്‍ രാഷ്ട്രീയ ആത്മഹത്യയുടെ മുനമ്പില്‍ എത്തിനില്‍ക്കുന്ന ജമാഅത്തിനെ കാണുമ്പോള്‍ കാലത്തിന്‍റെ നീതി ബോധത്തിന് മുന്‍പില്‍ കൂപ്പുകൈ.