ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മലേഷ്യയില്‍ നിന്നു ഒരു വാര്‍ത്തയുണ്ടായിരുന്നു. മലേഷ്യന്‍ സ്റ്റേറ്റായ കലാന്താനിലെ സര്‍ക്കാര്‍ സ്വര്‍ണ്ണ ദീനാര്‍ ഇറക്കാന്‍ തീരുമാനിച്ചുവെന്നുതായിരുന്നു അത്. നിലവിലുള്ള മലേഷ്യന്‍ നാണയമായ റിംഗിറ്റിനൊപ്പം ഈ നാണയവും ഔദ്യോഗിക കൈമാറ്റ മാധ്യമമായി സ്വീകരിക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിറക്കുകയും അതിന്‍റെ കൈമാറ്റ നിരക്ക് (exchange rate) നിശ്ചയിക്കുകയും ചെയ്തു. 1921 ലെ ഉസ്മാനിയ ഖിലാഫത്തിന്‍റെ തകര്‍ച്ചയ്ക്കു ശേഷം ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇങ്ങനെയൊരു നീക്കം.
സ്വര്‍ണ്ണ ദീനാറിന്‍റെ മടങ്ങി വരവിനു വേണ്ടി വീറോടെ വാദിച്ചു കൊണ്ടിരിക്കുന്ന ഒരു പറ്റം സാമ്പത്തിക വിദഗ്ദര്‍ക്ക് അതൊരു സന്തോഷ വാര്‍ത്തയായിരുന്നു. 90-കളുടെ അവാസാന സമയത്ത് മലേഷ്യയെയും ഇന്തോനേഷ്യയെയും പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധിയും അന്നാട്ടിലെ നാണയങ്ങള്‍ക്കുണ്ടായ വിലയിടിവുമാണ് ഗോള്‍ഡ് ദീനാറിന്‍റെ വീണ്ടുമുള്ള രംഗ പ്രവേശത്തെക്കുറിച്ച് ഗൌരവമായി ചിന്തിക്കാന്‍ പല സാമ്പത്തിക ശാസ്ത്രജ്ഞരെയും രാഷ്ട്രീയ നേതാക്കളെയും പ്രേരിപ്പിച്ചത്.
മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ മുഹമ്മദ് 2002-ല്‍ മുസ്ലിം രാജ്യങ്ങള്‍ക്കിടയിലുള്ള വിപണന(ട്രേഡ്)ത്തില്‍ കൈമാറ്റ മാധ്യമമായി (medium of exchange) ഗോള്‍ഡ് ദീനാര്‍ ഉപയോഗിക്കുന്നതിന്‍റെ സാധ്യതകളെക്കുറിച്ച് പ്രായോഗികമായ ചില നിലപാടുകള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. ഡോളറിന്‍റെ മേല്‍ക്കോയ്മയിലൂടെ അമേരിക്ക മുസ്ലിം രാജ്യങ്ങളടക്കമുള്ള മൂന്നാം ലോക രാഷ്ട്രങ്ങളെ പരോക്ഷമായി നിയന്ത്രിക്കുന്നതും അമേരിക്കന്‍ ഡോളറിനു വെല്ലുവിളിയെന്നോണം യൂറോപ്യന്‍ കൂട്ടായ്മയില്‍ യൂറോ പിറന്നു വീണതും 9/11 ഫലമായി രൂപപെട്ട ആഗോള രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളും തകര്‍ന്നു കൊണ്ടിരിക്കുന്ന ആര്‍ത്തി (greed) യിലധിഷ്ടിതമായ മുതലാളിത്ത ബാങ്കിംഗ് മേഖലയിലേക്ക് മെല്ലെയാണെങ്കിലും ഇസ്‌ലാമിക ശരീഅത്ത് അടിസ്ഥാനപെടുത്തിയുള്ള നൈതിക ബാങ്കിംഗ് (ethical banking) കടന്നു വരവും നിര്‍ദിഷ്ട ഗോള്‍ഡ് ദീനാറിന് സാമ്പത്തിക-രാഷ്ട്രീയ-മതകീയ മാനങ്ങള്‍ നല്‍കുകയുണ്ടായി. ഗോള്‍ഡ് ദീനാറിന് വേണ്ടി ഒട്ടേറെ സാമ്പത്തിക വിദഗ്ധര്‍ രംഗത്തു വരികയും ചെയ്തു.
ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മൂല കാരണമായി പലരും വിലയിരുത്തുന്നത് നിലവിലുള്ള ആന്തരിക മൂല്യ (intrinsic value) മില്ലാത്ത ആധുനിക പേപ്പര്‍ നാണയങ്ങളാണ (fiat currency). 1971 വരെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വര്‍ണ്ണം നാണ്യ വ്യവസ്ഥയുടെ ഭാഗമായിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്കന്‍ നേത്രത്വത്തില്‍ നടപ്പാക്കിയ ബ്രെട്ടന്‍ വുഡ്സ് സിസ്റ്റം അനുസരിച്ചു മിക്കവാറും എല്ലാ രാഷ്ട്രങ്ങളും തങ്ങളുടെ നാണയം അമേരിക്കന്‍ ഡോളറുമായി പെഗ്ഗ് ചെയ്യുകയും അമേരിക്കന്‍ ഡോളര്‍ ഒരു ഔണ്‍സ് (31.10g) സ്വര്‍ണ്ണത്തിനു 35 ഡോളര്‍ നിരക്കില്‍ നിശ്ചയിക്കപെടുകയും ചെയ്തു. 70 കളുടെ ആദ്യത്തില്‍ അമേരിക്കന്‍ ഡോളരിലുള്ള വിശ്വാസം നഷ്ടപെട്ട പല രാജ്യങ്ങളും തങ്ങളുടെ പക്കലുള്ള ഡോളര്‍ നല്‍കി അമേരിക്കന്‍ ട്രഷറിയില്‍ നിന്നും കൂട്ടത്തോടെ സ്വര്‍ണ്ണം ഈടാക്കിയതോടെ ഒരു മുന്നറിയിപ്പുമില്ലാതെ പ്രസിഡന്‍റ് നിക്സണ്‍ ഡോളര്‍-സ്വര്‍ണ്ണ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് നിലവിലുള്ള സ്വതന്ത്ര നാണയ കൈമാറ്റ രീതി ഉടലെടുക്കുന്നത്.
അതിനു ശേഷം കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടയില്‍ നാണയ വിപണിയിലുണ്ടായ ചൂതാട്ടവും നാണയങ്ങളുടെ മൂല്യങ്ങളിലുണ്ടായ കയറ്റിറക്കങ്ങളും നാണയ പെരുപ്പവും (inflation) തന്മൂലമുള്ള വിലക്കയറ്റവും സാമ്പത്തിക തകര്‍ച്ചയും ഒരു തിരിച്ചുപോക്കിനെക്കുറിച്ചു ചിന്തിക്കാന്‍ സാമ്പത്തിക വിദഗ്ദ്ധരെയും രാഷ്ട്ര നേതാക്കളെയും ഒരുപോലെ പ്രേരിപ്പിക്കുന്നു. പ്രായോഗികമായി ഒരുപാടു തടസ്സങ്ങളുണ്ടെങ്കിലും സമാന്തര നാണയമായി സ്വര്‍ണ്ണ ദീനാറും വെള്ളി ദിര്‍ഹമും വികസ്സിപ്പിചെടുക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നവരാണ് മലേഷ്യന്‍ അന്താരാഷ്ട്ര ഇസ്ലാമിക് വാഴ്സിറ്റി പ്രൊഫസ്സര്‍ കൂടിയായ ഡോ. അഹമദ് കമീല്‍ മയ്ദിന്‍ മീര അടക്കമുള്ള ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞര്‍.
മനുഷ്യന്‍റെ ധനകാര്യത്തില്‍ സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും സ്ഥാനത്തെക്കുറിച്ച് മുസ്‌ലിം സാമൂഹ്യ ശാസ്ത്രജ്ഞരും കര്‍മ്മശാസ്ത്രജ്ഞരും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇബ്നു ഖല്ദൂന്‍ തന്‍റെ മുഖദ്ദിമയില്‍ അദ്ധ്വാനത്തെക്കുറിച്ചും ജീവിതോപാധികളെക്കുറിച്ചും പറയുന്നിടത്ത് സ്വര്‍ണ്ണത്തെയും വെള്ളിയെയും നിരീക്ഷിക്കുന്നത് ചരക്കുകളുടെ മൂല്യത്തിന്‍റെ അളവായും (measure of value) മൂല്യത്തിന്‍റെ സൂക്ഷിപ്പായും (store of value) ദൈവം സൃഷ്ടിച്ച രണ്ടു വിലപിടിപ്പുള്ള ലോഹങ്ങളായിട്ടാണ്. ഇവയല്ലാത്ത മറ്റു വസ്തുക്കള്‍ ആരെങ്കിലും സൂക്ഷിപ്പായിവെച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് ഇവ വാങ്ങുക എന്ന ലക്ഷ്യത്തോടെയാണെന്നും വിപണിയില്‍ മറ്റുള്ളവയ്ക്കുണ്ടാകുന്ന മാറ്റംമറിച്ചിലുകളില്‍ നിന്നും ഇവ മുക്തമാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
ഇസ്ലാമിലെ ഇടപാടുശാസ്ത്രത്തിലെ (ഫിഖ്‌ഹ് അല്‍ മുആമലാത്ത്) അടിസ്ഥാന വിഷയങ്ങളിലൊന്നാണ് ബാര്‍ട്ടര്‍ ഇടപാടുകളിലും നാണയ കൈമാറ്റത്തിലുമുള്ള കടപ്പലിശ (രിബ അല്‍-നസീഅ) യുടെയും അധികപ്പലിശ (രിബ അല്‍-ഫദ്ല്‍) യുടെയും സാധ്യതകള്‍. സ്വര്‍ണ്ണവും വെള്ളിയും പലിശയ്ക്ക് വിധേയമാവുന്ന (രിബവി) വസ്തുക്കളുടെ ഗണത്തില്‍ പെടുത്തുന്നതിനു ശാഫി - മാലികി കര്‍മ്മശാസ്ത്ര പണ്ഡിതര്‍ നിര്‍ദ്ധാരണം ചെയ്തു കണ്ടെത്തിയ കാരണം പൊതുവെ അവ വിലയായി കണക്കാക്കപെടുന്നുവെന്നതാണ്. എന്നാല്‍ ഇങ്ങനെയൊരു സ്വഭാവം ഇവയ്ക്ക് രണ്ടിനുമല്ലാതെ മൂന്നാമാതൊന്നിനു ഇല്ലെന്നും ഇമാം നവവി അടക്കമുള്ള ശാഫിഈ കര്‍മ്മശാസ്ത്ര പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കില്‍ സ്വയമൂല്യമില്ലാത്ത, അടിസ്ഥാന നാണയങ്ങളുടെ താങ്ങില്ലാത്ത നിലവിലുള്ള പേപ്പര്‍ കറന്‍സികള്‍ സ്വര്‍ണ്ണത്തിനും വെള്ളിക്കും പകരം ഉപയോഗിക്കുനതിന്‍റെ ഇസ്ലാമിക സാധുത ചോദ്യം ചെയ്യപ്പെടും.
പക്ഷേ, പലരും ഈ നിര്‍ദ്ധാരണത്തെ ഉപയോഗിച്ചത് ഇസ്ലാമിലെ പലിശ-സകാത്ത് നിയമങ്ങളില്‍ നിന്നു നിലവിലുള്ള കറന്‍സികളെ സംരക്ഷിക്കാനായിരുന്നു. അതിന്‍റെ ന്യായാന്യായങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം ഇന്നും ഇസ്ലാമിക കര്‍മ്മശാസ്ത്ര ലോകത്ത് സജീവമാണ്. എന്നാല്‍ ഈ നിര്‍ദ്ധാരണം സ്ഥിരതയുള്ള, ചാഞ്ചാട്ടം പരമാവധി കുറഞ്ഞ ഗോള്‍ഡ് ദീനാര്‍/ സില്‍വര്‍ ദിര്‍ഹം അടിസ്ഥാനപെടുത്തിയുള്ള നാണ്യ വ്യവസ്ഥയുടെ തിരിച്ചുവരവിനോ അതിന്‍റെ സമാന്തര സംവിധാനത്തിന്‍റെ രൂപപെടുത്തലിനോയുള്ള പ്രേരകമായി കാണാന്‍ പലര്‍ക്കും കഴിഞ്ഞില്ല.
(അവസാനിക്കുന്നില്ല)