വിവാദങ്ങള്‍ കൂടെകൊണ്ടുനടക്കുന്ന ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നജാദിന്‍റെ ന്യൂയോര്‍ക്ക് യാത്രകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നു. അമേരിക്കന്‍ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ഒരുപോലെ അദ്ദേഹത്തിന്‍റെ പിന്നാലെ ഉണ്ടാകും. പെരുന്നയില്‍ നിന്നുള്ള വഴി മടക്കത്തില്‍ സിംഹത്തിന്‍റെ മടയില്‍ പോയി അതിനെ വെടിവെച്ചിട്ടാണ് വരുന്നതെന്നു സി.എച്ച് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇവിടെ നജാദിന്‍റെ വെടി പൊട്ടിയതും മടയില്‍ വെച്ചു തന്നെ. വെടി പൊട്ടിയതോടെ സിംഹക്കുട്ടികളും പേരക്കുട്ടികളും സ്ഥലം കാലിയാക്കിയെന്നു വാര്‍ത്ത വിതരണക്കാര്‍ പറയുന്നു.
അപ്പോഴാണ് മനുഷ്യന്‍ അമ്പിളിമാമനെ കാണാന്‍ പോയ കഥയോര്‍ത്തത്. ശീതസമരക്കാലത്ത് ശാസ്ത്രരംഗത്തെ മേല്‍ക്കൈക്കു വേണ്ടി ഐക്യ നാടുകളും (യു എസ്) ഐക്യ സോഷ്യലിസ്റ്റ് റിപ്പബ്ലികും (യു.എസ്.എസ്.ആര്‍) തമ്മില്‍ വാശിയേറിയ മത്സരം നടന്നിരുന്നു. പ്രധാനമായും ബഹിരാകാശ രംഗത്താണ് പോരാട്ടം കനപ്പെട്ടത്. 1961 ഏപ്രില്‍ 12നു യൂറി ഗഗാരിനെയും വഹിച്ചു റഷ്യന്‍ ബഹിരാകാശപേടകം ബഹിരാകാശത്ത് എത്തിയപ്പോള്‍ അന്തിച്ചു നിന്ന അമേരിക്കാര്‍ക്ക് സമാധാനമായത് നീല്‍ ആംസ്ട്രോങ്ങും കൂട്ടരും ചന്ദ്രനില്‍ ഇറങ്ങിയപ്പോഴാണത്രെ. റഷ്യക്കാര്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ചപ്പോള്‍ തന്നെ പ്രസിഡന്‍റ് ജോണ്‍ എഫ്. കെന്നഡി പ്രഖ്യാപിച്ചിരുന്നു എങ്കില്‍ ഈ പതിറ്റാണ്ട് അവസാനിക്കുന്നതിനു മുമ്പ് ഞങ്ങള്‍ മനുഷ്യനെ ചന്ദ്രനിലെ ഇറക്കുമെന്ന്. അങ്ങനെ പതിറ്റാണ്ട് അവസാനിക്കാന്‍ അഞ്ചു മാസം ബാക്കി നില്‍ക്കെ 1969 ജൂലൈ 21നു ആംസ്ട്രോങ്ങും ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയെന്നു നാസ പ്രഖാപിച്ചു. ഇത്രയും പറഞ്ഞത് "ഗൂഢാലോചന സിദ്ധാന്തത്തെക്കുറിച്ചു പറയാനാണ്.
"That's one small step for man, one giant leap for mankind." എന്ന വാക്കുകളുമായി നീല്‍ ചന്ദ്രനില്‍ കാല്‍കുത്തിയത് കെട്ടുകഥയാണെന്നു ഗൂഢാലോചന സിദ്ധാന്തക്കാര്‍ പറയുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ ഇത് സംബന്ധിച്ച എഴുതപെട്ടിട്ടുണ്ട്. ഒരുപാട് ചോദ്യങ്ങള്‍ അവര്‍ ഉയര്‍ത്തുന്നുണ്ട്. പരിഹരിക്കപ്പെടാതെ കിടക്കുന്ന പല ശാസ്ത്ര സമസ്യകളെപ്പോലെ രാഷ്ട്രീയവത്കരിക്കപെട്ട ഈ ശാസ്ത്ര ചരിത്രവും 40 വര്‍ഷങ്ങള്‍ക്കു ശേഷവും സംശയത്തിന്‍റെ നിഴലില്‍ തന്നെ. മനുഷ്യ ചരിത്രത്തിലെ മഹത്തരമായ ചുവട് വെയ്പെന്നു വിശേഷിപ്പിക്കപെട്ട ഈ സംഭവത്തിന്‍റെ നിജസ്ഥിതി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. 1970 കളില്‍ വെറും 5% മാണ് ഇതു സംബന്ധിച്ചു സംശയം പ്രകടിപ്പിച്ചെതെങ്കില്‍ 2000 ശേഷം നടന്ന സര്‍വേകള്‍ പറയുന്നത് 20% അമേരിക്കകാര്‍ ഇതില്‍ വിശ്വസിക്കുന്നില്ലെന്നാണ്. 2009 ല ബ്രിട്ടനില്‍ നടന്ന ഒരു സര്‍വേയില്‍ 25% ബ്രിട്ടീഷുകാരും 18-25 ഇടയിലുള്ള 25% അമേരിക്കകാരും ഇത് വിശ്വസിക്കുന്നില്ലത്രേ. (സര്‍വേ വിവരങ്ങള്‍ക്ക് വിക്കിപീഡിയയോട് കടപ്പാട്)
ആധുനിക ശാസ്ത്ര ചരിത്രത്തില്‍ മനുഷ്യന്‍റെ ചാന്ദ്രയാത്രക്കുള്ള പ്രാധാന്യം അല്ലെങ്കില്‍ അതിലും കൂടുതല്‍പ്രാധാന്യം 9/11 നു രാഷ്ട്രീയ ചരിത്രത്തിലുണ്ട്. പുതിയ ലോകക്രമം സൃഷ്ടിക്കാന്‍ തക്കം പാര്ത്തിരിന്നുവര്‍ക്ക് വീണു കിട്ടിയ (ഉണ്ടാക്കിയെടുത്ത?) അവസരമായിരുന്നു സെപ്റ്റംബര്‍ പതിനൊന്ന്. ന്യൂയോര്‍ക്കില്‍ കൊല്ലപെട്ട 3000 ത്തിനു പകരമായി ലക്ഷക്കണക്കിന് ജനങ്ങള്‍ കൊല്ലപ്പെട്ടു. രണ്ടു രാജ്യങ്ങള്‍ കുട്ടിച്ചോറാക്കി. ഇസ്ലാംപേടി സൃഷ്ടിച്ചു ആയുധക്കൂമ്പാരങ്ങള്‍ വിറ്റഴിച്ചു. 9/11 ന്‍റെ ഏറ്റവും ഗുണഭോക്താക്കള്‍ അമേരിക്കക്കു തന്നെ.
അപ്പോഴാണ് പഴയ ഗൂഡാലോചന സിദ്ധാന്തക്കാര്‍ വീണ്ടും രംഗത്ത് വരുന്നത്. 30 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ശേഖരിച്ചു ചാന്ദ്രയാത്ര നാടകം നടത്തിയവര്‍ക്ക് എന്തുകൊണ്ട് ഇങ്ങനെയും ഒരു നാടകം നടത്തികൂടെന്നു അവര്‍ ചോദിച്ചു? കുറെ ചോദ്യങ്ങള്‍ നിരത്തി. പുസ്തകങ്ങള്‍ ഇറങ്ങി. വെബ്സൈറ്റുകള്‍ തുറന്നു ചര്‍ച്ചകളും സംവാദങ്ങളും ഡോക്യുമെന്റ്ററികളും നിരന്നു. ചലച്ചിത്രങ്ങളും .ടി.വി ഷോകളും അരങ്ങു തകര്‍ത്തു. ഇതെല്ലാം മുസ്ലിംകള്‍ ചെയ്തതെന്ന് തെറ്റിദ്ധരിക്കണ്ട. കാര്യമായി അമേരിക്കയില്‍ തന്നെയാണ് 9/11 ന്‍റെ മറുവശം അന്വേഷിക്കുന്നവര്‍ ഉള്ളത്. 9/11 ട്രൂത്ത് മൂവ്മെന്‍റ് എന്ന പേരില്‍ അവര്‍ സംഘടിതരുമാണ്.
പിന്നില്‍ ഇസ്രായേലിന്‍റെ കരങ്ങള്‍ ആരോപിക്കുന്നവരുണ്ട്. അതല്ല ചെയ്തത് അല്‍ ഖാഇദ തന്നെ പക്ഷേ മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും ഇത് മധ്യേഷ്യയില്‍ ഇടപെടാനുള്ള സുവര്‍ണാവസരമാക്കി മാറ്റാന്‍ വേണ്ടി, അതു തടയാന്‍ ശ്രമിച്ചില്ല. ഇത് രണ്ടുമല്ല അമേരിക്കന്‍ സര്‍ക്കാരിലെ ചില ഘടകങ്ങള്‍ തന്നെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തുടങ്ങി വിവിധ ഭാഷ്യങ്ങള്‍ ഈ വിഷയത്തിലുണ്ട്. ചാന്ദ്രയാത്രയെപ്പോലെ ഇത് സംബന്ധിച്ച ജനങളുടെ സംശയം ദിവസങ്ങള്‍ കഴിയും തോറും കൂടി വരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നത് അമേരിക്കന്‍ ജനതയുടെ മൂന്നിലൊന്ന് 9/11 സംബന്ധിച്ച ഔദ്യോഗിക ഭാഷ്യത്തെ നിരാകരിക്കുന്നുവെന്നാണ്.
ഏതായാലും സെപ്റ്റംബര്‍ 23 നു ഐക്യ രാഷ്ട്ര സഭയുടെ പൊതു സഭയില്‍ ഇറാന്‍ പ്രസിഡണ്ട് നടത്തിയ പ്രസ്താവന വിവാദങ്ങള്‍ക്ക് പുതിയ രാഷ്ട്രീയ മാനങ്ങള്‍ നല്‍കുകയാണ്. ജനാധിപത്യത്തിന്‍റെ പൂര്‍ണതയ്ക്ക് ജനങ്ങളുടെ അറിയാനുള്ള അവകാശം പരമ പ്രധാനമാണെന്ന് മനസ്സിലാക്കി ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ പൗരന്മാരുടെ അറിയാനുള്ള അവകാശം നിയമമാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ചാന്ദ്രയാത്രയും സെപ്റ്റംബര്‍ പതിന്നൊന്നും സംബന്ധിച്ച അറിയാനുള്ള അവകാശം പെട്ടെന്നൊന്നും പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല.
ഭാവിയില്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ ഇതുമായി ബന്ധപ്പെട്ടു വിവിധ ഭാഷ്യങ്ങള്‍ പഠിക്കുമ്പോള്‍ ഗൂഡാലോചന തിയറികളും അതിന്‍റെ ഭാഗമാകും. അവിടെ ചിലപ്പോള്‍ പുതിയ തിയറികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അന്ന് ഈ രംഗങ്ങള്‍ പുന:സൃഷ്ടിച്ചു വിമാനം ഇടിചാലുണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയെന്നും വരും. പക്ഷേ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിയാന്‍ പടച്ച തമ്പുരാന്‍റെ കോടതി ദിവസം വരെ കാത്തിരിക്കേണ്ടി വരും.