2011 മാർച്ച് 29, ചൊവ്വാഴ്ച

അര്‍ബകാന്‍റെ രാഷ്ട്രീയം വഴികാട്ടുന്നു

"ങ്ങള്‍ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കും; ഗുരുവായും നായകനായും", തുര്‍ക്കിയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരുവിനു നേതൃത്വം നല്‍കിയ നജ്മുദ്ദീന്‍ അര്‍ബകാനെന്ന മെക്കാനിക്കല്‍ എഞ്ചിനീയരെക്കുരിക്കുറിച്ച് ഒരു കാലത്ത്‌ അദ്ദേഹത്തിന്‍റെ അടുത്ത അനുയായിരുന്ന ഇപ്പോഴത്തെ തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. ഫെബ്രുവരി 27 നു വിട പറഞ്ഞ അര്‍ബകാന്‍റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കുകൊള്ളാന്‍, പ്രധാനമന്ത്രിയായി ഒരു വര്‍ഷം തികഞ്ഞപ്പോഴേക്കും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ജയിലിലടച്ച അതേ സൈന്യത്തിന്‍റെ ജനറല്‍മാര്‍ തന്നെ കൂട്ടത്തോടെ എത്തിയതു കമാലിസ്റ്റ് ഫാഷിസത്തില്‍നിന്നും തുര്‍ക്കിയുടെ മാറ്റം അടയാളപ്പെടുത്തുന്നു. ഒപ്പം ആ മാറ്റത്തിന്‍റെ ശക്തനായ വക്താവെന്ന നിലയില്‍ അദ്ദേഹത്തോടുള്ള കാലത്തിന്‍റെ കാവ്യനീതിയും.

അര്‍ബകാന്‍റെ രാഷ്ട്രീയം കമാലിസ്റ്റ് മതവിരുദ്ധതയും വിശ്വാസ-അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ജനാധിപത്യഴിയും തമ്മിലുള്ള നിരന്തര സമരങ്ങളുടെയും അതിനിടയിലുള്ള സമരസപ്പെടലുകളുടെയും കുഴഞ്ഞുമറിഞ്ഞ ചരിത്രമാണ്. 1969 അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ 'മില്ലി ഗുരോസ്‌' - ദേശീയ വീക്ഷണം അദ്ദേഹത്തിന്‍റെ നിലപാടുകളുടെ പ്രഖ്യാപനമാണ്. ധാര്‍മികതയിലും ഇസ്‌ലാമിക വിദ്യഭ്യാസതിലും ഊന്നുന്നതോടൊപ്പം സാമ്പത്തിക സ്വാതന്ത്യ്രം, വ്യവസായവത്കരണം തുടങ്ങിയവലൂടെയുള്ള രാജ്യപുരോഗതിയായിരുന്നു അദ്ദേഹത്തിന്‍റെ മാനിഫെസ്റ്റോ വിഭാവനം ചെയ്തത്. അര ഡസനോളം രാഷ്ട്രീയ പാര്‍ട്ടികള്‍, രണ്ട്‌ പട്ടാള അട്ടിമറികള്‍,, ജയില്‍ വാസം, അവസാനം കൂടെയുള്ളവരില്‍ നല്ലൊരു വിഭാഗമായി നിലപാട് വ്യതസങ്ങളുടെ കാരണമായി വഴിപിരിയല്‍ തുടങ്ങി പലതിനും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം സാക്ഷിയായി.

ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്നു തുര്‍ക്കി ഖിലാഫത്തിന്‍റെ പരാജായവും തുര്‍ക്കി സ്വാതന്ത്ര്യ സമരങ്ങളും മുസ്തഫ കമാല്‍പാഷയുടെ ഉദയത്തിലേക്കും ഖിലാഫത്തിന്‍റെ അസ്തമനത്തിനും വഴിവെച്ചു. 1920 കളില്‍ കമാലിസത്തിന്‍റെ പിടിയില്‍ മതവും മത ചിഹ്നങ്ങളും നെരിഞ്ഞമര്‍ന്നപ്പോള്‍ തുര്‍ക്കിയുടെ മതകീയ പ്രസ്ഥാനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആത്മീയ മാര്‍ഗങ്ങള്‍ (ത്വരീഖത്തുകള്‍) വരെ നിരോധിക്കപ്പെട്ടു.. കമാലിസത്തിന്‍റെ ക്രൂരതകള്‍ക്കെതിരെ ആദ്യം എതിര്‍പ്പിന്‍റെ സ്വരം ഉയര്‍ത്തിയതും സൂഫികള്‍ തന്നെയായിരുന്നു.

തുര്‍ക്കിയില്‍ ഏറ്റവും വേരോട്ടമുള്ള സൂഫി മാര്‍ഗമാണ് നഖ്ഷബന്ദി ത്വരീഖത്ത്. വിവിധ കൈവഴികളിലൂടെയുള്ള നഖ്ഷബന്ദി ശാഖകള്‍ തുര്‍ക്കി രാഷ്ട്രീയത്തിലെ ഇസ്‌ലാമിക മുന്നേറ്റങ്ങളെ സ്വാധീനിച്ചതായി കാണാം. അതുകൊണ്ട് തന്നെയാവണം മറ്റു പലയിടങ്ങളിലുമുണ്ടായ ഇസ്‌ലാമിക രാഷ്ട്രീയ നീക്കങ്ങളില്‍ നിന്ന് വ്യതസ്തമായി തുര്‍ക്കിയിലെ മുന്നേറ്റങ്ങള്‍ കൂടുതല്‍ സമാധാനപരവും നിര.ന്തരവുമായ ഒരു പ്രക്രിയ ആയത്. അതും വീണ്ടും മുന്നോട്ടും നീങ്ങികൊണ്ടിരിക്കുന്നു..

ഇത്രയും പറഞ്ഞത് അര്‍ബകാനെ രാഷ്ട്രീയത്തെ സ്വാധീനിച്ച ആത്മീയ സരണികളെ ക്കുറിച്ച് സൂചിപ്പിക്കാനാണ്. ഉസ്മാനിയ ഖിലാഫത്തിന്‍റെ അവസാന ഘട്ടങ്ങളില്‍ ജീവിച്ചിരുന്ന നഖ്ഷബന്ദി ശൈഖും പണ്ഡിതനുമായിരുന്ന ഹസ്രത്ത് അഹമദ് സിയാഉദ്ധീന്‍ ഖുംശ്ഖാനവി (1813- 1893)യുടെ കൈവഴിയിലൂടെയുള്ള ശൈഖ്‌ മുഹമ്മദ്‌ സാഹിദ്‌ കൊട്കോ (1897 – 1980) അര്‍ബകാന്‍റെ ആത്മീയ ഗുരുവും അദ്ദേഹത്തിന്‍റെ ചിന്തകളെ സ്വാധീനിച്ച വ്യക്തിതവുമായിരുന്നു. ഒരു സായുധ വിപ്ലവത്തിലൂടെയോ അല്ലെങ്കില്‍ പോരാട്ടങ്ങളിലൂടെയോ ഒരു സുപ്രഭാതത്തില്‍ ദൈവിക രാജ്യം സ്ഥാപിക്കണമെന്ന താത്പര്യം തുര്‍ക്കിയിലെ ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല അത്തരം തീവ്ര സ്വഭാവങ്ങള്‍ കാണിച്ച ഗ്രൂപ്പുകള്‍ തുര്‍ക്കി രാഷ്ട്രീയത്തില്‍ നിന്നും അകാലം ചരമം പ്രാപിക്കുന്നതാണ് ചരിത്രം പറയുന്നത്. സൈനിക ഇടപെടലുകളും ജയില്‍ ശിക്ഷയും രാഷ്ട്രീയ നിരോധനവുമൊക്കെ ഏല്‍ക്കേണ്ടിവന്നപ്പോഴും സായുധ പോരാട്ടങ്ങളുടെയോ അക്രമത്തിന്‍റെയോ മാര്‍ഗം അര്‍ബകാന്‍ തെരഞ്ഞെടുത്തില്ല.

ഇസ്ലാമിക നവജാഗരണത്തിന്‍റെ വക്താക്കളായി രംഗത്തിറങ്ങിയ പല പ്രസ്ഥാനങ്ങളും ലോകത്തിന്‍റെ വിവിധ കോണുകളില്‍ ദൈവിക രാജ്യത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുകയും ജനാധിപത്യയില്‍ പങ്കാളികളാവുന്നത് തൌഹീദിനെതിരാണെന്നു ഫതവ ഇറക്കുകയും ചെയ്തുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രീയത്തെ റാഞ്ചാന്‍ ശ്രമിച്ചപ്പോള്‍ ഇസ്ലാമിക രാഷ്ട്രീയത്തിനു തികച്ചും വ്യത്യസ്തമായ മാനം നല്‍കാന്‍ കഴിഞ്ഞുവെന്നാതാണ് അര്‍ബകാന്‍റെ പ്രസക്തി.. ഇസ്‌ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സിവില്‍ സമൂഹത്തിന്‍റെ സൃഷ്ടിപ്പായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചത്. ഇസ്‌ലാമും ജാനാധിപത്യവും വിരുദ്ധ ധ്രുവങ്ങളിലാണെന്നു വരുത്താന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ ഒരു ഭാഗത്തും ഇസ്ലാമിന്‍റെ രക്ഷക്ക് വേണ്ടി ഇറങ്ങിത്തിരിച്ചവര്‍ മറുഭാഗത്തും മുറവിളി കൂട്ടുന്നതിടയില്‍ ഇസ്‌ലാമും ജനാധിപത്യവും സമരസ്സപ്പെടുന്ന വഴി കാണിച്ചതില്‍ അര്‍ബകാന്‍ കാണിച്ച മാതൃക ചരിത്രം അടയാളപ്പെടുത്തുമെന്നു തീര്‍ച്ച.

മധ്യേഷയിലും ഉത്തരാഫ്രിക്കയിലും സമീപകലാത്ത് അരങ്ങേരികൊണ്ടിരിക്കുന്ന ജനകീയ വിപ്ലവങ്ങളും അതിനെ തുടര്‍ന്ന് രൂപപ്പെട്ടുവരുന്ന സിവില്‍ സമൂഹങ്ങളും ആകാംഷയോടെ നോക്കുന്നത് അര്‍ബകാന്‍ തുടങ്ങിവെച്ചതും ഉര്‍ദുഗാന്‍ പ്രായോഗികമായി വികസിപ്പിച്ചെടുത്തതുമായ ഈ രാഷ്ട്രീയ മോഡലിലേക്കാണ്. ആത്മീയതയും ഇസ്‌ലാമിക മൂല്യങ്ങളും ജനാധിപത്യവും ആധുനികതയും സമ്മേളിപ്പിച്ച ഈ രാഷ്ട്രീയ രൂപമായിക്കും വഹ്ഹാബി ഒട്ടോക്രസിയെക്കാളും ഇറാന്‍ തിയോക്രസിയെക്കളും അറബ്-മുസ്‌ലിം ജനത സ്വാഗതം ചെയ്യുകയെന്നാണ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. അര്‍ബകാന്‍ ഉയര്‍ത്തിയ രാഷ്ട്രീയത്തിന്‍റെ സ്വീകാര്യതയാണ് ഇതു വ്യക്തമാക്കുന്നത്.
ടുണീഷ്യയിലെയും ഈജിപ്തിലെയും ഈ പുതിയ പരീക്ഷണത്തിന്‍റെ അണിയറയിലാണ് ഇസ്‌ലാമിക ആഭിമുഖ്യമുള്ള സംഘടനകള്‍. ശാദുലി ഹസാഫി ത്വരീഖത്ത് അംഗമായിരുന്ന ഇമാം ഹസനുല്‍ ബന്ന രൂപം നല്‍കിയ ഈജിപ്തിലെ ഇഖവാനുല്‍ മുസ്‌ലിമീന്‍ അത്തരത്തിലൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നല്‍കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ജോര്‍ദാന്‍ അതിന്‍റെ അര്‍ബകാനെ കാത്തിരിക്കുന്നുവെന്നു ജോര്‍ദാനിയന്‍ ബ്ലോഗ്ഗര്‍മാര്‍ എഴുതിയത് വായിക്കാനിടയായി.. ഏതായാലും അര്‍ബകാന്‍റെ രാഷ്ട്രീയം ഇസ്‌ലാമിക രാഷ്ട്രീയ മീമാംസയില്‍ താല്പര്യമുള്ളവര്‍ക്ക് നല്ലൊരു ഗവേഷണം വിഷയമാണ്.

ആഗോളവത്കരണവും യുറോപ്യന്‍ യൂണിയനും സയണിസ്റ്റ് നീക്കങ്ങളായി കണ്ട അര്‍ബകാന്‍ അതിനെതിരെ താന്‍ അധികാരത്തിലിരുന്ന ഹ്രസ്വകാലയളവില്‍ എം.-8 എന്നപേരില്‍ ഇറാന്‍, പാകിസ്ഥാന്‍, മലേഷ്യ തുടങ്ങിയ എട്ടു മുന്‍ നിര മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മക്ക് രൂപം നല്‍കുകയും തുര്‍ക്കിയെ ഉസ്മാനിയ കാലത്തെ പ്രതാപത്തിലെക്കും മുസ്‌ലിം രാഷ്ട്രങ്ങളുടെ നായകസ്ഥാനത്തേക്കും തിരിച്ചുകൊണ്ടുവരാനും ശ്രമം നടത്തി. രാജ്യത്തെ ഇടത്തരം കച്ചവടക്കാരെയും സംഘടിപ്പിച്ചു രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അര്‍ബകാന്‍ രാജ്യത്ത് മതസ്വാതന്ത്ര്യത്തിന്‍റെ വാതിലുകള്‍ തുറന്നിടാനും മതചിഹ്നങ്ങള്‍ അനുവദിക്കാനും തുടങ്ങിയപ്പോള്‍ സൈനിക ഇടപെടലിന്‍റെ ഫലമായി 97-ല്‍ അധികാരം നഷ്ടപ്പെടുകയും രാഷ്ട്രീയത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തപ്പെടുകയും ചെയ്തു.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ വൈദഗ്ധ്യം തെളിയിച്ച അര്‍ബകാന് പക്ഷേ പിന്നീട് പൊളിറ്റിക്കല്‍ എഞ്ചിനീയറിങ്ങില്‍ വേണ്ടത്ര മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. അര്‍ബകാന് കീഴില്‍ ഇസ്താംബൂള്‍ മേയറായിരുന്ന (രാണ്ടാം ഇസ്താംബുള്‍ വിജയം എന്നാണ് അതിനു അര്‍ബകാന്‍ വിളിച്ചത്) ത്വയ്യിബ് ഉര്‍ദുഗാനും അബ്ദുല്ല ഗുല്ലും ചേര്‍ന്ന് ജസ്റ്റിസ് ആന്‍ഡ്‌ ഡെവലപ്മെന്റ് പാര്‍ട്ടി രൂപീകരിച്ചു വിദേശ – സാമ്പത്തിക നയങ്ങളില്‍ കൂടുതല്‍ പ്രായോഗികമായ നയം സ്വീകരിച്ചപ്പോള്‍ തുര്‍ക്കിയിലെ ഇസ്‌ലാമിക രാഷ്ട്രീയത്തിനു പുതിയ അവകാശികള്‍ക്കുവേണ്ടി വഴിമാരേണ്ടി വന്നു.

തുര്‍ക്കിയുടെ രാഷ്ട്രീയ സാമൂഹിക മതകീയ പരിസങ്ങളുടെ ഉള്ളറിഞ്ഞ് പ്രായോഗിക മാറ്റങ്ങള്‍ക്ക്‌ ഉര്‍ദുഗാന്‍ തുനിഞ്ഞപ്പോള്‍ കഴിഞ്ഞ ഒരു ദശകത്തോളമായി തുര്‍ക്കിയുടെ മാറ്റത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. പക്ഷേ അപ്പോഴും അതിന്‍റെ ഗുരുവായും തുടക്കകാരനായും അര്‍ബകാന്‍ സ്മരിക്കപ്പെട്ടുകൊണ്ടേയിരിന്നു.

2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച

ഈജിപ്ത്: ഒരു വന്‍മതിലിന്‍റെ തകര്‍ച്ച


നൈലിന്‍റെ ദാനമെന്നു  എല്ലാവരും പറയുന്ന  ഈജിപ്ത്  സംസ്കൃതിയുടെ കളിതൊട്ടിലും നാഗരികതയുടെ ഉറവിടവുമാണ്. ലോകത്തെ ഏറ്റവും പഴക്കമേറിയ രാഷ്ട്രങ്ങളിലോന്നായ ഈജിപ്ത് ഖുര്‍ആനും ബൈബിളും അടക്കമുള്ള വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. മിസ്ര്‍ എന്ന് അറബിയിലും മിസ്രയീം എന്ന് ഹീബ്രു]വിലും അറിയപ്പെടുന്ന തങ്ങളുടെ രാജ്യത്തെക്കുറിച്ച് ഈജ്പിതുകാര്‍ സാധാരണയായി പറയാറുണ്ട്‌ "മിസ്ര്‍ ഉമ്മു ദുന്‍യ" – ഈജിപ്ത് ലോകത്തിന്‍റെ മാതാവ്‌. അബുല്‍ അന്ബിയാ ഇബ്രാഹിം നബി (അ) യുടെ ഭാര്യയും തന്‍റെ മകന്‍ ഇസ്മായിന്‍റെ മതാവുമായ ഹാജറ (റ) ഈജിപ്തുകാരിയായതു കൊണ്ടാണ് ഈ പേര് വന്നതെനും അല്ലെന്നും ഭാഷ്യമുണ്ട്.
എന്‍റെ കാല ശേഷം നിങ്ങള്‍ ഈജിപ്ത് കീഴടക്കും അപ്പോള്‍ ആ ജനതയോട് നല്ല നിലയില്‍ വര്‍ത്തിക്കണം കാരണം അവര്‍ക്ക് നിങ്ങളുമായി കുടംബ ബന്ധവും ബാധ്യതയുമുണ്ട്എന്നാ അര്‍ത്ഥത്തില്‍ വിവിധ ഹദീസുകള്‍ ഇമാം മുസ്ലിം അടക്കമുള്ളവര്‍ നിവേദനം ചെയ്തതായി കാണാം. ഹാജറ (റ) യും നബി (സ) യുടെ പുത്രനായ ഇബ്രാഹിമിന്‍റെ മാതാവ്‌ മാരിയ (റ)യും ഈജിപുതുകാരാണെന്ന ഹദീസിന്‍റെ വിവക്ഷയെന്നു പണ്‍ഢിതന്മാര്‍ വിശദീകരിക്കുന്നു.
ദൈവികത വാദിച്ച ഫറോവമാരുടെ ചരിത്രമാണ് പുരതനാ മിസ്രയീം ദേശത്തിന് പറയാനുള്ളത്. പാര്‍ശ്വവത്കരിക്കപ്പെട്ട ഇസ്രായീല്യരെ രക്ഷിക്കാനായി പ്രവാചകന്‍ മൂസ നബി (അ) – മോശെ- വന്നതും ഫറോവ ചെങ്കടലില്‍ മുങ്ങിതാന്നതും ചരിത്രം പറയുന്നുവെങ്കില്‍ മൂന്നു പതിറ്റാണ്ടായി അടിച്ചമര്‍ത്തലുകളുടെ പുതിയ അധ്യായങ്ങള്‍ രചിച്ച ആധുനിക ഫറോവ പ്രതിഷേധത്തിന്‍റെ ജനകീയ സുനാമി ആഞ്ഞടിച്ചപ്പോള്‍ ഇത്രയും നാള്‍ കെട്ടിപിടിച്ചിരുന്ന അധികാര സിംഹാസനത്തില്‍ നിന്ന് മുങ്ങേണ്ട ഗതികേടിനെ ക്കുറിച്ചാണ് വര്‍ത്തമാനം നമ്മോട് പറയുന്നത്.

തുനീസ്യയില്‍ നിന്ന് വ്യത്യസ്തമായി ഈജിപ്തിലെ വിപ്ലവം പശ്ചിമേഷ്യയില്‍ ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ക്ക് വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.. ഭൂമിശാസ്ത്രപരമായി ഏഷ്യയെയും ആഫ്രിക്കയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനം, അറബ്-ഇസ്‌ലാമിക ലോകത്ത്‌ ഈജിപ്തിനുള്ള നായകസ്ഥാനം, ഫലസ്തീന്‍ - ഇസ്രായേല്‍ പ്രശ്നത്തില്‍ ഈജിപ്തിന്‍റെ മധ്യസ്ഥസ്ഥാനം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുതന്നെ മധ്യപൌരസ്ത്യ ദേശത്തെ ഏറ്റവും പ്രധാന രാഷ്ട്രമായി ഈജിപ്തിനെ മാറ്റുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമ മുസ്ലിം ലോകവുമായി ഒരു പുതിയ ബന്ടത്ത്തിനു തുടക്കമിടുന്നതിനു വേണ്ടി ഇസ്‌ലാമിക ലോകത്തെ അഭിസംബോധന ചെയ്യാന്‍ ഈജിപ്തിനെ തെരഞ്ഞെടുത്തു മുസ്‌ലിം ലോകത്ത് ഈജിപ്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിതന്നെ യാവാണം.

ഹിജ്‌റ 20-ല ഖലീഫ ഉമര്‍ ബിന്‍ ഖത്താബി (റ) ന്‍റെ കാലത്ത്‌ അംര്‍ ബിന്‍ അല്‍-ആസ് (റ) ലൂടെയാണ്. അമവികളും അബ്ബാസികളും ഫാതിമികളും അയ്യൂബികളും ഉസ്മാനികളും ഭാരിച്ച ഈ നാട് ഒരു പാടു ഇസ്ലാമിക പണ്ഡിതന്മാര്ക്ക് ജന്മം നല്‍കുകയും ഇസ്ലാമിക വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമായി മാറുകയും ചെയ്തു. അല്‍-അസ്ഹര്‍ യൂണിവേഴ്സിറ്റി ഇന്നും തലയെടുപ്പോടെ ഇസ്‌ലാമിക വിദ്യയുടെ ആസ്ഥാനമായി നിലകൊള്ളുന്നു. പരമ്പരാഗത ഇസ്‌ലാമിക വിശ്വാസങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കുന്നവരാണ് ഈജിപ്തുകാര്‍.

അറബ് ദേശീയതയുടെ ഹീറോ ജമാല്‍ അബ്ദുല്‍ നാസറിനു ശേഷം ഈജിപ്തിന്‍റെ സഞ്ചാരം തികച്ചും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ്.. നാസറിനു ശേഷം വന്ന അന്‍വര്‍ സാദാത്ത് സിറിയയോടൊപ്പം ചേര്‍ന്നു ഒക്ടോബര്‍ യുദ്ധത്തിലൂടെ ഇസ്രായേലിനെ നേരിട്ടെങ്കിലും പിന്നീട് 1978-ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറിന്‍റെ സാന്നിധ്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി മെനാഹിം ബെഗിനോടപ്പം അമേരിക്കയിലെ കേമ്പ് ഡേവിഡില്‍ വെച്ച് ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പുവെച്ചതോടെ സാമ്രാജ്യത്വ ദാസ്യത്തിന്‍റെ പുതിയ അധ്യായം പിറന്നു. അതോടെ അറബ് - മുസ്‌ലിം ലോകത്ത്‌ ശരിക്കും ഒറ്റപ്പെട്ടു പോയിരുന്നു ഈജിപ്ത്. 1981-ല്‍ ഒരു സൈനിക പരേഡിനിടെ സാദത്ത്‌ കൊല്ലപ്പെട്ടതോടെ ആരംഭിച്ച മുബാറക്‌ യുഗം അടിച്ചമര്‍ത്തലിന്‍റെയും രാഷ്ട്രീയ പകപോക്കലിന്‍റെ\യും കടുത്ത നീക്കങ്ങളാനു ജനം അനുഭവിച്ചത്.

30 വര്‍ഷത്തോളം നീണ്ട ഭരണത്തില്‍ അമേരിക്കന്‍-ഇസ്രായേല്‍ അച്ചുതണ്ടിന്‍റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചു ഭരണം നടത്തിയ മുബാറക്‌ അടിയന്തിരാവസ്ഥ നിയമത്തിലൂടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ടപ്പോള്‍ തന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ന്യായമായി അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ സമര്‍പ്പിച്ചത് ഇസ്‌ലാമിക തീവ്രവാദികള്‍ ഭരണം പിടിക്കുമെന്ന പേടിയായിരുന്നു. തങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്തവര്‍ ഭരണത്തില്‍ വരാതിരിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ മുബാരകിനെ കയ്യയച്ചു സഹായിക്കുകയും ചെയ്തു. നേരത്തെ നിശ്ചയിക്കപ്പെട്ട ഫലം പ്രഖ്യാപിക്കുന്നതിനുള്ള ഒരു നാടകം മാത്രമായിരുന്നു മുബാരകിന്റെ തെരഞ്ഞെടുപ്പുകള്‍. തന്‍റെ പിനഗാമിയായി ഇളയ പുത്രന്‍ ജമാലിനെ പ്രതിഷ്ടിക്കാനുള്ള നീക്കങ്ങള്‍ കൂടിയായപ്പോള്‍ നീണ്ട മുപ്പതു കൊല്ലം പിതാവിനെ പേറിയ ജനത ആകെ അന്കലാപ്പിലായിരുന്നു..
 
ടുണീഷ്യന്‍ വിപ്ലവം നല്‍കിയ ആവേശത്തില്‍ അതോടെ ഈജിപ്ഷ്യന്‍ യുവതയും ഇറങ്ങി തിരിച്ചു. എങ്കിലും ഇത്രപെട്ടെന്നു ഒരു മാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല. ടുണീഷ്യന്‍ വിപ്ലവത്തെ പോലെ തന്നെ പൂര്‍ണമായും ഒരു ജനകീയ വിപ്ലവമായിരുന്നു ഈജിപ്തിലേതും. ഏതെങ്കിലും ഒരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ പിതൃത്വം അവകാശപ്പെടാനില്ല. എന്നാല്‍ എല്ലാവരും പങ്കാളികളുമാണ്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, മതകീയ മാനങ്ങള്‍ ഈ വിപ്ലവത്തിനുണ്ട്. പതിനെട്ട് ദിവസം നീണ്ടു നിന്ന ജനകീയ പ്രക്ഷോഭത്തില്‍ സമൂഹത്തിന്‍റെ വിവിധ തട്ടിലുള്ളവരും വിവിധ മതാനുയായികളും മത നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഒന്നിച്ചു നിന്ന് പോരാടി. പലരീതിയില്‍ പ്രക്ഷോഭം കലക്കാന്‍ നോക്കിയെങ്കിലും യുവ ജനതയുടെ ഇച്ഛാശക്തിയും ആത്മവീര്യവുമാണ് വിപ്ലവത്തിന്‍റെ വിജയ നിദാനം.

ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു വിപ്ലവതിനാണ് ഈജിപ്ത് സാക്ഷ്യം വഹിച്ചത്. മുപ്പതും നാല്പതും ലക്ഷം ജനങ്ങള്‍ തെരുവിലിരങ്ങിയിട്ടും കാര്യമായ അനിഷ്ട സംഭവങ്ങളോ പ്രശ്നങ്ങളോ ഉണ്ടായില്ല. ആദ്യഘട്ടത്തില്‍ പോലീസ്‌ നരനായാട്ടു നടത്തിയപ്പോള്‍ മുന്നൂറു പേര്‍ക്ക് ജീവന്‍ ബാലിയര്‍പ്പിക്കേണ്ടി വന്നു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. ഇന്റര്‍നെറ്റ് പൂര്‍ണമായും നിരോധിച്ചും മൊബൈല്‍ഫോണ്‍ സംവിധാനങ്ങള്‍ തകരാരിലാക്കിയും പ്രക്ഷോഭം പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതൊക്കെ മറികടന്ന് നേടിയ ഈ വിജയം ഒരു ജനതയുടെ ആത്മസ്ഥൈര്യത്തിന്‍റെ താണ്. ഒബാമയുടെ അമേരിക്കന്‍ സര്‍ക്കാര്‍ മണിക്കൂറുകള്‍ ഇടവിട്ട്‌ നിലപാടുകള്‍ മാറ്റിയപ്പോഴും ഇസ്രായേല്‍ ഉള്‍പ്പെടെ പലരും മുബാറകിനെ സപ്പോര്‍ട്ട് ചെയ്തപ്പോഴും വിജയം കണ്ടേ മടങ്ങുയെന്ന നിശ്ചയദാര്‍ഢ്യവുമായി ജനത ഒന്നിച്ചതിന്‍റെ ഫലമാണ് ഈ വിപ്ലവം. ടുണീഷ്യയെപ്പോലെ ഇവിടെയും ഇന്റെര്‍നെറ്റ് സോഷ്യല്‍ മീഡിയകളും അല്‍-ജസീറ ചാനലും മാറ്റത്തിന് താങ്ങായി യെന്നതില്‍ സംശയമില്ല.

ചെങ്കടലില്‍ മുങ്ങിത്താഴുമ്പോള്‍ മൂസയുടെയും ഹാറൂനിന്‍റെയും രക്ഷിതാവിനെ ഞാന്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞ ഫരോവയെപ്പോലെ അവസാന മണിക്കൂറുകളില്‍ പല അടവുകളും പരീക്ഷിച്ചു മുബാറക്‌. മന്ത്രി സഭ പിരിച്ചുവിട്ടും വൈസ്‌പ്രസിഡന്റിനെ നിയമിച്ചും ഭരണഘടനാ പരിഷ്കരണം പോലുള്ള വാഗ്ദാനം നല്‍കിയും അവസാനം അധികാരങ്ങള്‍ വൈസ്‌പ്രസിഡന്റ്‌ കൈമാറിയും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചെങ്കിലും ചെങ്കടിലെ ഫിര്‍ഔനിന്‍റെ നിലവിളിക്കപ്പുറമുള്ള വിലയൊന്നും ജനം അതിനു കല്പിച്ചില്ല.. ഗത്യന്തരമില്ലാതെ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍റെയും അക്രമത്തിന്‍റെയും പൊതുമുതല്‍ കൊള്ളയുടെയും മാറാപ്പും പേറി മൂന്നു പതിറ്റാണ്ടായി കൊണ്ടുനടന്നിരുന്ന അധികാരത്തിന്‍റെ പടിയിറങ്ങുമ്പോള്‍ പലരും ഓര്‍ക്കുന്നത് ദൈവം ഫരോവയോടു പറഞ്ഞ വാക്കുകള്‍ തന്നെ : "ഇന്നേ ദിവസം നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തുന്നു.; ശേഷമുള്ളവര്‍ക്ക് ഒരു ദൃഷ്ടാന്തമായി " അക്രമികളായ മുഴുവന്‍ ഏകാധിപതികള്‍ക്കും ഒരു ദൃഷ്ടാന്തമായി മുബാറകും സൈനുല്‍ ആബിദീനും .

താല്‍ക്കാലികമായി സായുധസേനയുടെ സുപ്രീം കൌണ്‍സിലാണ് രാജ്യഭരണം നടത്തുന്നതെങ്കിലും ജനങ്ങള്‍ ആവശ്യപ്പെട്ടതുപോലെ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ജനകീയ പ്രക്ഷോഭത്തില്‍ പങ്കാളികളായിരുന്ന ഇഖവാനുല്‍ മുസ്‌ലിമീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കാളിത്തമുള്ള ഒരു ജനകീയ ജനാധിപത്യ സര്‍ക്കാര്‍ വരുമെന്ന് പ്രതീക്ഷിക്കാം . ഇനി മറ്റൊരു മുബാറക് ഉണ്ടാകാന്‍ ഈജിപ്ഷ്യന്‍ ജനത സമ്മതിക്കില്ലെന്ന് ന്യായമായും നമുക്ക് വിശ്വസിക്കാം.പ്രക്ഷോഭം ആളിക്കത്തിയ സമയത്ത് നാം മനുഷ്യരാണെന്നും നമുക്ക് മരണമുണ്ടെന്നും മുബാറകിനെ ഓര്‍മപ്പെടുത്തിയ തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍റെ പാര്‍ട്ടിയുടെ ജനാധിപത്യ മോഡല്‍ ഒരു പക്ഷേ ഈജിപ്തിനും വഴികാട്ടിയാവും.

(2011 മാര്‍ച്ച് ലക്കം തെളിച്ചം മാസികയില്‍ പ്രസിദ്ധപെടുത്തിയ ലേഖനത്തില്‍ നിന്ന്)

2011 ജനുവരി 24, തിങ്കളാഴ്‌ച

'കുല്ലുനാ തൂനിസ്‌'


പിടി വിട്ടാല്‍ മുല്ലപ്പൂവും വിപ്ലവം ചുരത്തും എന്ന് പുതുമൊഴിക്ക് വഴിയേകി ടുണീഷ്യന്‍ ജനത പുറത്തെടുത്ത വിപ്ലവ വീര്യം പലര്‍ക്കും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിരിക്കുന്നുവെന്നതില്‍ സംശയമില്ല. ഈ വിപ്ലവ വീര്യം ഉത്തരാഫ്രിക്കയിലും അറേബ്യന്‍ രാജ്യങ്ങളിലും പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാതാണ് യാഥാര്‍ത്ഥ്യം. ഇതോടെ ദശകങ്ങളായി ഏകാധിപത്യ ഭരണത്തിലൂടെ തങ്ങളുടെ സ്വന്തം ജനതയെ അടിച്ചൊതുക്കുന്ന ഒരു പാട് അറബ് ഭരണാധികാരികള്‍ക്ക് കണ്ണ് തുറക്കേണ്ടി വരുമെന്നാണ് ഈജിപ്ത്, അല്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളിലെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.


ടുണീഷ്യയുടെ ദേശീയ പുഷ്പമാണ് മുല്ലപ്പൂ. അതുകൊണ്ടാണ് ഈ ജനകീയ വിപ്ലവത്തെ മുല്ലപ്പൂ വിപ്ലവമെന്നു മാധ്യമലോകംവിളിക്കുന്നത്‌. ടുണീഷ്യയുടെ ഗതകാലം മുല്ലപ്പൂവിനെയും വെല്ലുന്ന രീതിയില്‍ ഇസ്ലാമിക സംസ്കാരത്തിന്‍റെ സുഗന്ധം പ്രസരിപ്പിച്ചിരിന്നു. ഉസ്മാന്‍ (റ) വിന്‍റെ ഭരണകാലത്താണ് മൊറോക്കൊ, അള്‍ജീരിയ, ടുണീഷ്യ, മൌറിത്താനിയ തുടങ്ങിയ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളും പഴയ ഇസ്‌ലാമിക സ്പെയിനിന്‍റെ ഭാഗങ്ങളും അടങ്ങിയ ഇസ്ലാമിക്‌ മഗരിബ് എന്നറിയപ്പെടുന്ന പ്രദേശങ്ങളിലേക്ക് ഇസ്‌ലാം എത്തുന്നത്. അവിടന്നങ്ങോട്ട് ഒരു പാടു പിന്‍ സമൂഹത്തിനു ബാക്കിയാക്കിയാണ് ഇസ്ലാമിക സാംസ്കാരാവും നാഗരികതയും മുന്നോട്ട് പോയത്.


ഉഖ്‌ബത്‌ ബിന്‍ നാഫിഅ് എന്നറിയപ്പെടുന്ന മഹാനായ സഹാബിയ്യാണ് ഈ നാടുകളുടെ യഥാര്‍ത്ഥ വിമോചകനായി ഗണിക്കപ്പെടുന്നത്‌. അദ്ദേഹത്തിന്‍റെ ഖബര്‍ സ്ഥിതി ചെയ്യുന്ന അള്‍ജീരിയയിലെ സ്ഥലം ഇന്നും അറിയപ്പെടുന്നതും 'സീദീ ഉഖ്‌ബ' എന്നാണു. ഹിജ്റ 50-ല്‍ അദ്ദേഹം നിര്‍മിച്ച ടുണീഷ്യയിലെ പട്ടണമാണ് ഖൈറവാന്‍. തന്ത്രപ്രധാനമായ ഈ പട്ടണം നൂറ്റാണ്ടുകളോളം ആഫ്രിക്കയിലേക്കും മുസ്‌ലിം സ്പയിനിലേക്കുമുള്ള മുസ്‌ലിം സൈനിക നീക്കങ്ങളുടെ കേന്ദ്രവും അതേസമയം ഇസ്ലാമിക വൈജ്ഞാനിക പുരോഗതിയുടെ വിളനിലവുമായിരുന്നു. അല്‍-അസ്ഹര്‍ യൂണിവേഴ്സിറ്റി നിര്‍മിക്കുന്നതിനു 300- വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിക്കപ്പെട്ട ജാമിഅ് ഉഖ്ബത് ബിന്‍ നാഫിഅ് കേന്ദ്രീകരിച്ച് ഒട്ടേറെ ഇസ്‌ലാമിക പാഠശാലകളും ഗ്രന്ഥാലയങ്ങളും ഖൈരവാന്‍ പട്ടണത്തില്‍ ഉണ്ടായിരുന്നു. അബ്ബാസിയ്യ ഭരണ തലസ്ഥാനമായിരുന്ന ബാഗ്ദാദിലെ വൈജ്ഞാനിക കേന്ദ്രങ്ങളുമായി നിരന്തര സമ്പര്‍ക്കം വഴി ആ രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ ഗ്രന്ഥങ്ങള്‍ അങ്ങോട്ടെത്തിക്കാനും ഖൈറവാന്‍ സാധിച്ചുവെന്നു ചരിത്രം പറയുന്നു.സൈത്തൂന യൂണിവേഴ്സിറ്റിയും ഇബ്നു ഖലദൂനും ഇമാം സഹ്നൂനും ഇന്നലെകളിലെ ടുണീഷ്യയുടെ ചരിത്രം പറയുന്നു.

അതൊക്കെ പഴയ ചരിത്രം. 1950 ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ടുണീഷ്യയ്ക്ക് പറയാനുള്ളത്‌ മറ്റൊരു ചരിത്രമാണ്. പ്രസിഡന്‍റായി സ്ഥാനമേറ്റ ഹബീബ് ബൂര്‍ഗിബ ഏക പാര്‍ട്ടി സംവിധാനത്തിലൂടെ സ്വേച്ഛാധിപത്യ ഭരണം നടത്തിയപ്പോള്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയും സ്വതന്ത്ര രാഷ്ട്രീയ, മത പ്രവര്‍ത്തനങ്ങള്‍ക് ക്കൂച്ചുവിലങ്ങ് വീഴുകയും ചെയ്തു. ടുണീഷ്യയുടെ 'മുസ്തഫ കമാല്‍' എന്നു ചിലര്‍ അദ്ദേഹത്തെ വിളിക്കുന്നത് മത നിരാസത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണ്ടിട്ടാണ്. പാശ്ചാത്യരുടെ പൊന്നോമനയായിരുന്ന ബൂര്‍ഗിബ മത ചിന്ഹങ്ങളെ വലിയ അസഹിഷ്ണുതയോടെയാണ് കണ്ടത്‌. ]താടിയും തലപ്പാവും ശിരോവസ്ത്രവും പൊതു സമൂഹത്തില്‍ അലര്‍ജിയായി മാറ്റപ്പെട്ടു. ബാങ്ക് വിളിക്കു പോലും നിയന്ത്രണങ്ങള്‍ വന്നു.

 രോഗബാധിതനായ ബൂര്‍ഗിബയെ പുറത്താക്കി 1987-ല്‍ ടുണീഷ്യന്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലി പുതിയ സൂര്യോദയം വാഗ്ദാനം ചെയ്തെങ്കിലും അത് സ്വജനപക്ഷപാതത്തിന്‍റെയും അധികാര ദുര്‍വിനിയോഗത്തിന്‍റെയും രാഷ്ട്രീയ അടിച്ചമര്‍ത്തലുകളുടെയും കരാളരാത്രികളാണെന്നു ടുണീഷ്യന്‍ ജനത മനസ്സിലാക്കാന്‍ അധികം വൈകേണ്ടിവന്നില്ല. 1999-ല്‍ ഉത്തരാഫ്രിക്കയിലെ മറ്റുപല ഏകാധിപതികളെയും പോലെ തെരഞ്ഞെടുപ്പ് നാടകം നടത്തി 90% അധികം ഭൂരിപക്ഷത്തോടെ താന്‍ തന്നെ അധികാരത്തിലെത്തുന്ന മാന്ത്രിക പ്രകടനത്തിനും ബിന്‍ അലി തുടക്കമിട്ടു.


1992 ല്‍ ഒരു പച്ചക്കറി കച്ചവടക്കാരന്‍റെ മകളും ഹെയര്‍ ഡ്രെസ്സരുമായ ലൈല തറാബല്‍സിയെ തന്‍റെ ഭാര്യയായി സ്വീകരിച്ചതോടെ ബിന്‍ അലി തകര്‍ച്ച ആരംഭിക്കുകയായിരുന്നു. രണ്ടു പേര്‍ക്കും അത് രണ്ടാം വിവാഹമായിരുന്നു. അതോടെ അധികാരത്തിന്‍റെ സിരാകേന്ദ്രമായി മാറിയ ലൈലയും കുടുംബാഗങ്ങളും പൊതുമുതല്‍ കൊള്ളയടിച്ചു തടിച്ചുകൊഴുക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഇസ്ലാമിക പ്രതിപക്ഷ പാര്‍ട്ടിയായ അന്നഹ്ദ തലവന്‍ റാഷിദ്‌ അല്‍-ഗനൂശി അടക്കമുള്ള പല രാഷ്ട്രീയ നേതാക്കള്‍ക്കും നാട് വിടേണ്ടി വന്നു.

തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവര്‍ക്കെതിരെ ജനാധിപത്യത്തിന്‍റെ വാളോങ്ങുന്ന പാശ്ചാത്യന്‍ യജമാനന്മാര്‍ക്ക് പക്ഷേ ടുണീഷ്യ പുരോഗമനത്തിന്‍റെയും ആധുനികവത്കരണത്തിന്‍റെയും അടയാളമായിരുന്നു. കാറ്റും വെളിച്ചവും കടക്കാത്ത ടുണീഷ്യന്‍ മാഫിയ ഭരണക്കൂടം (ടുണീഷ്യന്‍ ജനത അങ്ങനെയാണ് അതിനെ വിളിച്ചത്) അവര്‍ക്കൊരു പ്രശ്നമേ ആയില്ല. തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവര്‍ അധികാരത്തിലെത്താതിരിക്കാന്‍ ഇത് തന്നെയാണ് നല്ലതെന്നു അവര്‍ക്കു തോന്നി. മാധ്യമ സ്വാതന്ത്യ്രം എന്തെന്നറിയാത്ത, ഇന്റര്‍നെറ്റിന്‍റെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒന്നായി അറിയപ്പെടുന്ന ടുണീഷ്യ പിന്നെ അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്‍റെയും കൂത്തരങ്ങായി മാറുകയായിരുന്നു.

വിവര കൈമാറ്റത്തിന്‍റെ വിവിധ സാധ്യതകളെ പരമാവധി കൂച്ചുവിലങ്ങിടട്ടിട്ടും ചരിത്രം കരുതി വെച്ച ആ ദിനത്തെ തടുത്തുനിര്‍ത്താന്‍ ഒരു ശക്തിക്കും സാധിച്ചില്ല. ചൂളം വിളിക്കാരന്‍ (whistle blower) അസാന്‍ജിന്‍റെ വികിലീക്സും സാമൂഹ്യ മാധ്യമ (Social Media) മെന്ന നിലയില്‍ അത്ഭുതം സൃഷ്ടിച്ച മാര്‍ക്ക്‌ സൂക്കര്‍ബര്‍ഗിന്‍റെ ഫേസ്ബുക്കും ജനകീയ വിപ്ലവത്തിന് പിന്താങ്ങായിയെന്നതു യാഥാര്‍ത്ഥ്യമാണ്. ബിന്‍ അലി ഭരണകൂടത്തിന്‍റെയും ലൈലയുടെയും പിന്നാമ്പുറ കഥകളെക്കുറിച്ച് ടുണീഷ്യയില്‍ നിന്നും അമേരിക്കയിലേക്കു പോയ രേഖകള്‍ വികിലീക്സിലൂടെ പുറത്തുവന്നപ്പോള്‍ പ്രതിഷേധക്കാര്‍ക്ക് ഏകോപനത്തിനു സഹായകമായത് ഫേസ്ബുക്കാണ്.

വിദ്യാസമ്പന്നനായിട്ടും ഉപജീവനത്തിനു ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തേണ്ടി വന്ന മുഹമ്മദ് ബൂഅസീസിയെന്ന യുവാവിനെ മുനിസിപാലിറ്റി അധികൃതര്‍ അപമാനിക്കിന്നിടത്തു നിന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ ആരംഭം. ബൂഅസീസി സ്വയം തീകൊളുത്തിയാതോടെ ആളിപ്പടര്‍ന്ന അഗ്നി ബിന്‍ അലി രാജ്യം വിട്ടോടുന്നതില്‍ കൊണ്ടെത്തിച്ചു കാര്യങ്ങള്‍. ഈ പ്രതിഷേധാഗ്നി ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കൊ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കത്തിപടരുമെന്ന അവസ്ഥയിലാണ്. ഏതൊക്കെ രാഷ്ട്രീയ ശക്തികളുടെ പിന്‍ബലമുണ്ടെങ്കിലും സ്വന്തം ജനതയുടെ ഹിതം മനസ്സിലാക്കാത്ത എല്ലാ അക്രമികളായ ഭരണാധികാരികള്‍ക്കുമുള്ള മുന്നറിയിപ്പാണ് ടുണീഷ്യ.

ബൂഅസീസിയുടെ ഉന്തുവണ്ടി ഇരുപതിനായിരം അമേരിക്കന്‍ ഡോളറിനു വാങ്ങാന്‍ തയ്യാറായി ഒരു ഗള്‍ഫ്‌ ബിസിനസ്സുകാരന്‍ തങ്ങളെ സമീപിച്ചെന്ന ബൂഅസീസിയുടെ സഹോദരന്‍റെ വെളിപ്പെടുത്തല്‍(അല്‍-ഖുദ്സ് ദിനപത്രം, ലണ്ടന്‍) ടുണീഷ്യന്‍ വിജയത്തെ അറബ് ജനത എത്രമാത്രം നെഞ്ചിലേറ്റുന്നുവെന്നതിന്‍റെ മതിയായ തെളിവാണ്. ഗള്‍ഫ്‌ നാടുകളില്‍ ജോലി ചെയ്യുന്ന ഈജിപ്തുകാരോട് സംസാരിച്ചാല്‍ മനസ്സിലാവും അവരും ഇത്തരമൊന്നിനു കാത്തിരിക്കുകയാണെന്നും.


ജനുവരി 14-നു ബിന്‍ അലിയും സംഘവും നാടുവിട്ടോടിയതിനെ തുടര്‍ന്ന് ജനുവരി 15-നു ഫോറിന്‍ പോളിസി ജേര്‍ണലലില്‍ പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവര്‍ത്തക യുവാന്‍ റഡ് ലി എഴുതി "Tonight we  are all  Tunisians". കഴിഞ്ഞ ദിവസം അല്‍-ജസീറ ചനാല്‍ നെറ്റ് വര്‍ക്കിലെ ടുണീഷ്യക്കാരനായ ഒരു ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍ ഞാനും പറഞ്ഞു :"കുല്ലുനാ തൂനിസ്‌"

2010 നവംബർ 5, വെള്ളിയാഴ്‌ച

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ പാഠം



തെരഞ്ഞെടുപ്പുകള്‍ നാം കേരളീയര്‍ക്കു എന്നും ഹരമാണ്. ഏതു തെരഞ്ഞെടുപ്പായാലും അടുക്കളയിലെ വിലക്കയറ്റം മുതല്‍ സാമ്രാജ്യത്വവും അമേരിക്കന്‍ അന്തര്‍ദേശീയ ഇടപെടലുകളും വരെ ചര്‍ച്ചചെയ്യുകയെന്നതും നമ്മുടെ ഒരു പതിവാണ്. വിവിധ മത-ജാതി-സാമുദായിക വിഭാഗങ്ങളിലെ ഓരോ അവാന്തര വിഭാഗങ്ങളും പിന്തുണയും അവകാശ വാദങ്ങളുമായി ഇറങ്ങുന്നതും കേരളീയ തെരഞ്ഞെടുപ്പു രംഗത്തെ ഒരു സ്ഥിരം കാഴ്ചയാണ്.

 
മുസ്‌ലിം മത സാംസ്കാരിക സംഘടനകളുടെ കൂട്ടത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുകയും മാധ്യമങ്ങള്‍ വഴി കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രതേകിച്ച് മലബാറില്‍ തങ്ങള്‍ ഒരു നിര്‍ണായക ശക്തിയാണെന്നു ഒരു ധാരണ പരത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന രണ്ടു വിഭാഗങ്ങളാണു ജമാഅത്തെ ഇസ്‌ലാമിയും കാന്തപുരം മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗവും. ഇവര്‍ രണ്ടു കൂട്ടരും പരസ്പരം ശത്രുക്കളാണെങ്കിലും മുസ്‌ലിം രാഷ്ട്രീയത്തിലെ മുഖ്യധാരാ പാര്‍ട്ടിയായ മുസ്‌ലിം ലീഗ് വിരോധമായിരുന്നു രണ്ടു കൂട്ടരുടെയും അടിസ്ഥാന രാഷ്ട്രീയനയം. അതിനാല്‍ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അവര്‍ അഭയം തേടിയെത്തിയത്.
പാഠം ഒന്ന്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
'സാധ്യതയുടെ കല' എന്ന നിലയില്‍ സഹായിക്കുന്നവരെ സഹായിക്കുക്ക എന്നതിനപ്പുറമുള്ള ഒരു സൈദ്ധാന്തികതയും 'പൊളിറ്റിക്സ്' നന്നായി അറിയുന്ന നമ്മുടെ കാന്തപുരം ഉസ്താദിനില്ല. സഹായിച്ചവര്‍ ആരെന്നു അറിയണമെങ്കില്‍ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നവരെ കാത്തിരിക്കണമെന്നു മാത്രം. അതിനിടയ്ക്കാണ് കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനു അതിനു സ്നേഹിക്കുന്നവര്‍ തന്നെ ഒരു ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കിയത്. പക്ഷേ, ഇത് തന്നെ അവസരമെന്ന് മനസ്സിലാക്കി കലാങ്ങളായി മനസ്സില്‍ താലോലിച്ചു കൊണ്ടുനടന്ന പലരുടെയും അധികാര രാഷ്ട്രീയ സ്വപ്നം പുറത്തു വരുന്നത്.

അങ്ങനെയാണ് ലീഗില്ലാത്ത ഇന്ത്യന്‍ പാര്‍ലിമെന്റ് എന്ന സ്വപ്നവുമായി 'ഊതിക്കാച്ചിയ പോന്നെന്നു' നമ്മുടെ മന്ത്രി സുധാകരന്‍ വിശേഷിപ്പിച്ച പിണറായി വിജയനും ജയിലില്‍ നിന്ന് പുതിയ ബോധോദയവുമായി വന്ന (ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ സമനില തെറ്റുന്നു സ്വഭാവം അതിപ്പോഴും മാറിയിട്ടില്ല) മഅദനി ഉസ്താദും ചേര്‍ന്നു കാന്തപുരം ഉസ്താദിന്‍റെ അനുഗ്രഹാശിസ്സുകളോടെ അവിടുത്തെ ബുദ്ധിജീവിയെ രംഗത്തിറക്കിയത്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച ലീഗിന് ഒരു വെടിയ്ക്കു ഒരുപാടു പക്ഷികളെ ഒന്നിച്ചു വീഴ്ത്താന്‍ അവസരമുണ്ടായി. അതോടെ മുസ്ലിം രാഷ്ട്രീയത്തിന്‍റെ അടിയൊഴുക്കുകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത പലരും എന്തോ വലിയ ഒരുകാര്യമായി കൊണ്ടു നടന്ന കാന്തപുരം സുന്നി 'വോട്ട് ബാങ്ക്' ഊതിപ്പെരുപ്പിച്ച ഒരു കുമിളയായിരുന്നെവെന്നു പലര്‍ക്കും ബോധ്യപ്പെട്ടത്. ഏതായാലും പൊന്നാനി പരീക്ഷണത്തിന്‍റെ ഗുണം കൊണ്ടാവാം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവരുടെ വലിയ ആരവങ്ങളൊന്നും കാണാതിരുന്നത്.

പാഠം രണ്ട്‌: പഞ്ചായത്ത് തെരഞ്ഞെടുപ്പ്

എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ കാര്യം അതല്ല. ആധുനിക ഇസ്‌ലാമിക നവ ജാഗരണത്തിന്‍റെ വക്താക്കളും ഇസ്ലാമിക ബൌദ്ധികതയുടെ മൊത്തം കുത്തക അവകാശപ്പെടുന്നവരുമാണവര്‍. ഇസ്ലാമിന്‍റെ രാഷ്ട്രീയ ഐക്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവാരാണവര്‍. പക്ഷേ അത് തങ്ങളുടെ നേതൃത്വത്തിലാവണമെന്നു മാത്രം! അടിസ്ഥാനപരമായി അവര്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന് തന്നെ വേണം മനസ്സിലാക്കാന്. പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും കഥകള്‍ അതാണല്ലോ പറഞ്ഞുതരുന്നത്.

ഏറ്റവും രസകരമായി തോന്നിയത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം പുറത്തു വന്ന കേരള അമീറിന്‍റെ പ്രസ്താവന. കേവലം ഒരു മത സംഘടനയായോ സാംസ്കാരിക സംഘടനയായോ കണ്ടിരുന്ന ജമാഅത്തെ ഇസ്ലാമിയെ ഒരു രാഷ്ട്രീപാര്‍ട്ടിയായി അംഗീകരിക്കപ്പെട്ടു എന്നാണു അമീറിന്‍റെ കണ്ടെത്തല്‍. മതത്തിനും സംസ്കാരത്തിനപ്പുറം രാഷ്ട്രീയമാണ് എല്ലാമെന്നും രാഷ്ട്രീയമായിട്ടല്ലാതെ ഇസ്ലാമിന് നില നിലനില്പില്ലെന്നുമെല്ലാം അതിനു അര്‍ഥം പറയാം. അതിന്‍റെ പിറ്റേ ദിവസം ജമാഅത്ത് പത്രാധിപര്‍ എഴുതിയത് വീണിടത്ത് കിടന്നുരുളുന്ന വായനാനുഭാവമാണ് അത് സമ്മാനിച്ചത്. ന്യായീകരണത്തിന് ബദ്ധപ്പെടുന്ന പത്രാധിപര്‍ വൈരുധ്യങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ട് ആ ലേഖനം.


ജമാഅത്ത് രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകാരിക്കപെട്ടത്തില്‍ അമീര്‍ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ ഏ.ആര്‍. പറയുന്നത് രാഷ്ട്രീയ പാര്‍ട്ടിയാവാന്‍ ജമാഅത്ത് ഒരിക്കലും ഉദേശിച്ചിട്ടില്ലെന്നു. മറിച്ചു ദേശീയ തലത്തില്‍ രൂപികരിക്കാന്‍ ഉദ്ധേശിക്കുന്ന ജനകീയ രാഷ്ട്രീയ പാര്‍ട്ടിയുടെ പരീക്ഷണശാലയായി കേരള പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തി എന്നു മാത്രം. പരീക്ഷണത്തിനു കേരളം തന്നെ തെരഞ്ഞെടുതത്തില്‍ നന്നായി. താരതമേന്യ മുസ്ലികള്‍ രാഷ്ട്രീയ ശക്തിയായിടത്തുള്ള ഈ പരീക്ഷണം മുസ്‌ലിം ഐക്യത്തിനു ഒരു മുതല്‍ കൂട്ടാവുമല്ലോ!

ഇടയ്ക്ക് ഇടയ്ക്ക് ജമാഅത്ത് നേതാക്കള്‍ പറയുന്നത് കേള്‍ക്കാം തങ്ങളുടെ ലക്‌ഷ്യം സാമുദായിക രാഷ്ട്രീയമല്ലയെന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സംഘടിതമായ കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ ഇല്ലാതാക്കുക്ക എന്നര്‍ത്ഥം. മുസ്ലിംകള്‍ സ്വന്തമായി സംഘടിക്കാതെ തങ്ങളോടൊപ്പം ചേരണമെന്ന് വാശിപിടിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പറയുന്നത് മറ്റൊന്നല്ല. അങ്ങനെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം നിന്നിട്ട് എന്തു കിട്ടിയൊന്നു യു.പിയിലും മറ്റുമുള്ള മുസ്‌ലിം കളോട് ചോദിച്ചാല്‍ മതി. തങ്ങള്‍ കഴിഞ്ഞാല്‍ ഇസ്ലാമിന്‍റെ ഏറ്റവും വലിയ സംരക്ഷകര്‍ ജമാഅത്തിനു സംബന്ധിച്ചിടത്തോളം ഇടതുപക്ഷമാണ്.

ഇന്നിപ്പോ കമ്മ്യുണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കമ്മ്യുണിസവും മാര്‍ക്സിസവും ഭാരമാകുന്നതുപോലെ ജമാഅത്തെ ഇസ്ലാമിക്ക് അതിന്‍റെ സ്ഥാപകന്‍ മൌദൂദിയുടെ ചിന്തകള്‍ ഭാരമായി കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാഗമാകുന്നത് ശിര്‍ക്കാ (ബഹുദൈവാരാധ)യി കണ്ടിരുന്നവര്‍ ഇന്നിപ്പോ അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാവാന്‍ നടത്തുന്ന ശ്രമങ്ങള്‍ സഹതാപാര്‍ഹാമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോ സുഹൃത്ത് അലവികുട്ടി ഹുദവി പറഞ്ഞു: "മൌദൂദി സാഹിബിന്‍റെ ഹഖ് ജാഹ് ബറകത്ത് കൊണ്ടാകണം ജമാഅത്ത്‌ രാഷ്ട്രീയ പരീക്ഷണം നിലം തൊടാതെ പോയത്. അല്ലെങ്കില്‍ താഗൂത്തി (ദൈവിക വിരുദ്ധമായ) പഞ്ചയാത്ത് ഭരണത്തില്‍ തന്‍റെ അനുയായികള്‍ ഇരിക്കുന്ന രംഗം അദ്ദേഹത്തിന്‍റെ ആത്മാവിനു സഹിക്കാന്‍ കഴിയില്ലല്ലോ". സമകാലിക ജമാഅത്ത് നേതൃത്വം അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുടെ നര്‍മത്തില്‍ പൊതിഞ്ഞ ഒരു പ്രകാശനമായി അതെനിക്ക് അനുഭവപ്പെട്ടു.

ഏതായാലും 40 കളില്‍ നിലവില്‍ വന്ന ഒരു (മത/രാഷ്ട്രീയ?) സംഘനയ്ക്ക് 2003- ല്‍ നിലവില്‍ വന്ന സോളിഡാരിറ്റിയുടെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ സാമൂഹ്യ ഇടപെടലുകളിലൂടെ ഉണ്ടാക്കിയെടുത്ത സാന്നിധ്യവും ശക്തമായ മാധ്യമത്തിന്‍റെ പിന്‍ബലവും ഉണ്ടായിട്ടും പോലും പലരെയും കൂട്ടുപിടിച്ചു ജമാഅത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നു തെളിയിക്കാന്‍ നടത്തിയ ഈ പരീക്ഷണം ഇങ്ങനെ ഒരു ദുരന്തത്തില്‍ കലാശിച്ചതില്‍ നമുക്ക് പരിതപിക്കാം.

ഇപ്പോ ജമാഅത്ത് നേതാക്കള്‍ പരിതപിക്കുന്നത് കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും ഒന്നിച്ചു നിന്ന് തങ്ങളെ എതിര്‍ത്തതിന്‍റെ ഫലം കൂടിയാണിതെന്ന്. കേരളത്തിലെ മുസ്ലിംകളുടെ മത രാഷ്ട്രീയ രംഗത്ത്‌ ഉണ്ടായ ഓരോ ഭിന്നിപ്പുകളില്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ പരമാവധി സംഭാവന
'മാധ്യമ' ത്തിലൂടെ ചെയ്തവരാണ്‌ ജമാഅത്ത്കാരെന്നു മറ്റുള്ളവര്‍ക്ക് മറക്കാന്‍ കഴിയുമോ? സുന്നി-മുജാഹിദ്‌-ലീഗ് ഭിന്നിപ്പുകളില്‍ ഇവര്‍ സ്വീകരിച്ച നിലപാടുകള്‍, യശ:ശരീരനായ സേട്ട്‌ സാഹിബിനെയും അത് വഴി ഐ.എന്‍.എല്‍ നെയും രാഷ്ട്രീയ ആത്മഹത്യയിലേക്ക് നയിച്ചത്തിന്‍റെയും വെള്ളവും വളവും നല്‍കി മഅദനിയെ പാലൂട്ടി ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതിന്‍റെയും പാപക്കറ കഴുകികളയാന്‍ സാധ്യമല്ലല്ലോ.

പരോക്ഷ പോരാട്ടങ്ങള്‍ വിട്ടു പ്രത്യക്ഷ പോരാട്ടത്തിനിറങ്ങി സംഘടനയുടെ രാഷ്ട്രീയം തെളിയിക്കാന്‍ രാഷ്ട്രീയ ആത്മഹത്യയുടെ മുനമ്പില്‍ എത്തിനില്‍ക്കുന്ന ജമാഅത്തിനെ കാണുമ്പോള്‍ കാലത്തിന്‍റെ നീതി ബോധത്തിന് മുന്‍പില്‍ കൂപ്പുകൈ.

2010 ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ഗോള്‍ഡ്‌ ദീനാര്‍ തിരിച്ചു വരുമോ?


ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മലേഷ്യയില്‍ നിന്നു ഒരു വാര്‍ത്തയുണ്ടായിരുന്നു. മലേഷ്യന്‍ സ്റ്റേറ്റായ കലാന്താനിലെ സര്‍ക്കാര്‍ സ്വര്‍ണ്ണ ദീനാര്‍ ഇറക്കാന്‍ തീരുമാനിച്ചുവെന്നുതായിരുന്നു അത്. നിലവിലുള്ള മലേഷ്യന്‍ നാണയമായ റിംഗിറ്റിനൊപ്പം ഈ നാണയവും ഔദ്യോഗിക കൈമാറ്റ മാധ്യമമായി സ്വീകരിക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിറക്കുകയും അതിന്‍റെ കൈമാറ്റ നിരക്ക്‌ (exchange rate) നിശ്ചയിക്കുകയും ചെയ്തു. 1921 ലെ ഉസ്മാനിയ ഖിലാഫത്തിന്‍റെ തകര്‍ച്ചയ്ക്കു ശേഷം ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇങ്ങനെയൊരു നീക്കം.

സ്വര്‍ണ്ണ ദീനാറിന്‍റെ മടങ്ങി വരവിനു വേണ്ടി വീറോടെ വാദിച്ചു കൊണ്ടിരിക്കുന്ന ഒരു പറ്റം സാമ്പത്തിക വിദഗ്ദര്‍ക്ക് അതൊരു സന്തോഷ വാര്‍ത്തയായിരുന്നു. 90-കളുടെ അവാസാന സമയത്ത്‌ മലേഷ്യയെയും ഇന്തോനേഷ്യയെയും പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധിയും അന്നാട്ടിലെ നാണയങ്ങള്‍ക്കുണ്ടായ വിലയിടിവുമാണ് ഗോള്‍ഡ്‌ ദീനാറിന്‍റെ വീണ്ടുമുള്ള രംഗ പ്രവേശത്തെക്കുറിച്ച് ഗൌരവമായി ചിന്തിക്കാന്‍ പല സാമ്പത്തിക ശാസ്ത്രജ്ഞരെയും രാഷ്ട്രീയ നേതാക്കളെയും പ്രേരിപ്പിച്ചത്.

മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ മുഹമ്മദ് 2002-ല്‍ മുസ്ലിം രാജ്യങ്ങള്‍ക്കിടയിലുള്ള വിപണന(ട്രേഡ്)ത്തില്‍ കൈമാറ്റ മാധ്യമമായി (medium of exchange) ഗോള്‍ഡ്‌ ദീനാര്‍ ഉപയോഗിക്കുന്നതിന്‍റെ സാധ്യതകളെക്കുറിച്ച് പ്രായോഗികമായ ചില നിലപാടുകള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. ഡോളറിന്‍റെ മേല്‍ക്കോയ്മയിലൂടെ അമേരിക്ക മുസ്ലിം രാജ്യങ്ങളടക്കമുള്ള മൂന്നാം ലോക രാഷ്ട്രങ്ങളെ പരോക്ഷമായി നിയന്ത്രിക്കുന്നതും അമേരിക്കന്‍ ഡോളറിനു വെല്ലുവിളിയെന്നോണം യൂറോപ്യന്‍ കൂട്ടായ്മയില്‍ യൂറോ പിറന്നു വീണതും 9/11 ഫലമായി രൂപപെട്ട ആഗോള രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളും തകര്‍ന്നു കൊണ്ടിരിക്കുന്ന ആര്‍ത്തി (greed) യിലധിഷ്ടിതമായ മുതലാളിത്ത ബാങ്കിംഗ് മേഖലയിലേക്ക് മെല്ലെയാണെങ്കിലും ഇസ്‌ലാമിക ശരീഅത്ത്‌ അടിസ്ഥാനപെടുത്തിയുള്ള നൈതിക ബാങ്കിംഗ് (ethical banking) കടന്നു വരവും നിര്‍ദിഷ്ട ഗോള്‍ഡ്‌ ദീനാറിന് സാമ്പത്തിക-രാഷ്ട്രീയ-മതകീയ മാനങ്ങള്‍ നല്‍കുകയുണ്ടായി. ഗോള്‍ഡ്‌ ദീനാറിന് വേണ്ടി   ഒട്ടേറെ സാമ്പത്തിക വിദഗ്ധര്‍  രംഗത്തു വരികയും ചെയ്തു.


ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മൂല കാരണമായി പലരും വിലയിരുത്തുന്നത് നിലവിലുള്ള ആന്തരിക മൂല്യ
(intrinsic value) മില്ലാത്ത ആധുനിക പേപ്പര്‍ നാണയങ്ങളാണ (fiat currency). 1971 വരെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വര്‍ണ്ണം നാണ്യ വ്യവസ്ഥയുടെ ഭാഗമായിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്കന്‍ നേത്രത്വത്തില്‍ നടപ്പാക്കിയ ബ്രെട്ടന്‍ വുഡ്സ് സിസ്റ്റം അനുസരിച്ചു മിക്കവാറും എല്ലാ രാഷ്ട്രങ്ങളും തങ്ങളുടെ നാണയം അമേരിക്കന്‍ ഡോളറുമായി പെഗ്ഗ് ചെയ്യുകയും അമേരിക്കന്‍ ഡോളര്‍ ഒരു ഔണ്‍സ് (31.10g) സ്വര്‍ണ്ണത്തിനു 35 ഡോളര്‍ നിരക്കില്‍ നിശ്ചയിക്കപെടുകയും ചെയ്തു. 70 കളുടെ ആദ്യത്തില്‍ അമേരിക്കന്‍ ഡോളരിലുള്ള വിശ്വാസം നഷ്ടപെട്ട പല രാജ്യങ്ങളും തങ്ങളുടെ പക്കലുള്ള ഡോളര്‍ നല്‍കി അമേരിക്കന്‍ ട്രഷറിയില്‍ നിന്നും കൂട്ടത്തോടെ സ്വര്‍ണ്ണം ഈടാക്കിയതോടെ ഒരു മുന്നറിയിപ്പുമില്ലാതെ പ്രസിഡന്‍റ് നിക്സണ്‍ ഡോളര്‍-സ്വര്‍ണ്ണ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് നിലവിലുള്ള സ്വതന്ത്ര നാണയ കൈമാറ്റ രീതി ഉടലെടുക്കുന്നത്.

അതിനു ശേഷം കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടയില്‍ നാണയ വിപണിയിലുണ്ടായ ചൂതാട്ടവും നാണയങ്ങളുടെ മൂല്യങ്ങളിലുണ്ടായ കയറ്റിറക്കങ്ങളും നാണയ പെരുപ്പവും (inflation) തന്മൂലമുള്ള വിലക്കയറ്റവും സാമ്പത്തിക തകര്‍ച്ചയും ഒരു തിരിച്ചുപോക്കിനെക്കുറിച്ചു ചിന്തിക്കാന്‍ സാമ്പത്തിക വിദഗ്ദ്ധരെയും രാഷ്ട്ര നേതാക്കളെയും ഒരുപോലെ പ്രേരിപ്പിക്കുന്നു. പ്രായോഗികമായി ഒരുപാടു തടസ്സങ്ങളുണ്ടെങ്കിലും സമാന്തര നാണയമായി സ്വര്‍ണ്ണ ദീനാറും വെള്ളി ദിര്‍ഹമും വികസ്സിപ്പിചെടുക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നവരാണ് മലേഷ്യന്‍ അന്താരാഷ്ട്ര ഇസ്ലാമിക്‌ വാഴ്സിറ്റി പ്രൊഫസ്സര്‍ കൂടിയായ ഡോ. അഹമദ്‌ കമീല്‍ മയ്ദിന്‍ മീര അടക്കമുള്ള ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞര്‍.

മനുഷ്യന്‍റെ ധനകാര്യത്തില്‍ സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും സ്ഥാനത്തെക്കുറിച്ച് മുസ്‌ലിം സാമൂഹ്യ ശാസ്ത്രജ്ഞരും കര്‍മ്മശാസ്ത്രജ്ഞരും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇബ്നു ഖല്ദൂന്‍ തന്‍റെ മുഖദ്ദിമയില്‍ അദ്ധ്വാനത്തെക്കുറിച്ചും ജീവിതോപാധികളെക്കുറിച്ചും പറയുന്നിടത്ത് സ്വര്‍ണ്ണത്തെയും വെള്ളിയെയും നിരീക്ഷിക്കുന്നത് ചരക്കുകളുടെ മൂല്യത്തിന്‍റെ അളവായും (measure of value) മൂല്യത്തിന്‍റെ സൂക്ഷിപ്പായും (store of value) ദൈവം സൃഷ്ടിച്ച രണ്ടു വിലപിടിപ്പുള്ള ലോഹങ്ങളായിട്ടാണ്. ഇവയല്ലാത്ത മറ്റു വസ്തുക്കള്‍ ആരെങ്കിലും സൂക്ഷിപ്പായിവെച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് ഇവ വാങ്ങുക എന്ന ലക്ഷ്യത്തോടെയാണെന്നും വിപണിയില്‍ മറ്റുള്ളവയ്ക്കുണ്ടാകുന്ന മാറ്റംമറിച്ചിലുകളില്‍ നിന്നും ഇവ മുക്തമാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

ഇസ്ലാമിലെ ഇടപാടുശാസ്ത്രത്തിലെ (ഫിഖ്‌ഹ് അല്‍ മുആമലാത്ത്) അടിസ്ഥാന വിഷയങ്ങളിലൊന്നാണ് ബാര്‍ട്ടര്‍ ഇടപാടുകളിലും നാണയ കൈമാറ്റത്തിലുമുള്ള കടപ്പലിശ (രിബ അല്‍-നസീഅ) യുടെയും അധികപ്പലിശ (രിബ അല്‍-ഫദ്ല്‍) യുടെയും സാധ്യതകള്‍. സ്വര്‍ണ്ണവും വെള്ളിയും പലിശയ്ക്ക് വിധേയമാവുന്ന (രിബവി) വസ്തുക്കളുടെ ഗണത്തില്‍ പെടുത്തുന്നതിനു ശാഫി - മാലികി കര്‍മ്മശാസ്ത്ര പണ്ഡിതര്‍ നിര്‍ദ്ധാരണം ചെയ്തു കണ്ടെത്തിയ കാരണം പൊതുവെ അവ വിലയായി കണക്കാക്കപെടുന്നുവെന്നതാണ്. എന്നാല്‍ ഇങ്ങനെയൊരു സ്വഭാവം ഇവയ്ക്ക് രണ്ടിനുമല്ലാതെ മൂന്നാമാതൊന്നിനു ഇല്ലെന്നും ഇമാം നവവി അടക്കമുള്ള ശാഫിഈ കര്‍മ്മശാസ്ത്ര പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കില്‍ സ്വയമൂല്യമില്ലാത്ത, അടിസ്ഥാന നാണയങ്ങളുടെ താങ്ങില്ലാത്ത നിലവിലുള്ള പേപ്പര്‍ കറന്‍സികള്‍ സ്വര്‍ണ്ണത്തിനും വെള്ളിക്കും പകരം ഉപയോഗിക്കുനതിന്‍റെ ഇസ്ലാമിക സാധുത ചോദ്യം ചെയ്യപ്പെടും.

പക്ഷേ, പലരും ഈ നിര്‍ദ്ധാരണത്തെ ഉപയോഗിച്ചത് ഇസ്ലാമിലെ പലിശ-സകാത്ത്‌ നിയമങ്ങളില്‍ നിന്നു നിലവിലുള്ള കറന്‍സികളെ സംരക്ഷിക്കാനായിരുന്നു. അതിന്‍റെ ന്യായാന്യായങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം ഇന്നും ഇസ്ലാമിക കര്‍മ്മശാസ്ത്ര ലോകത്ത്‌ സജീവമാണ്. എന്നാല്‍ ഈ നിര്‍ദ്ധാരണം സ്ഥിരതയുള്ള, ചാഞ്ചാട്ടം പരമാവധി കുറഞ്ഞ ഗോള്‍ഡ്‌ ദീനാര്‍/ സില്‍വര്‍ ദിര്‍ഹം അടിസ്ഥാനപെടുത്തിയുള്ള നാണ്യ വ്യവസ്ഥയുടെ തിരിച്ചുവരവിനോ അതിന്‍റെ സമാന്തര സംവിധാനത്തിന്‍റെ രൂപപെടുത്തലിനോയുള്ള പ്രേരകമായി കാണാന്‍ പലര്‍ക്കും കഴിഞ്ഞില്ല.

(അവസാനിക്കുന്നില്ല)


2010 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

കുടിവെള്ളവും കുപ്പിവെള്ളവും

ഒക്ടോബര്‍ 15 – ബ്ലോഗ് ആക്ഷന്‍ ദിവസം എന്ന പേരില്‍ നൂറിലധികം രാഷ്ട്രങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ബ്ലോഗ്ഗര്‍മാര്‍ ഒരേ വിഷയത്തില്‍ ബ്ലോഗ്ഗുന്ന ദിവസം. ഈ വര്‍ഷത്തെ വിഷയം ജലമാണ്.

ജീവന്‍റെ അടിസ്ഥാന ഘടകമാണ് ജലം. അതിന്‍റെ നിലനില്പിനും ജലം കൂടിയേതീരൂ. മുഴുവന്‍ ജീവി വര്‍ഗത്തിന്‍റെയും സൃഷ്ടിപ്പ് ജലത്തില്‍ നിന്നാണെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ജീവന്‍റെ സാന്നിധ്യം തേടി ഭൂമിയുടെ പുറത്തേക്ക് മനുഷ്യന്‍ നടത്തുന്ന യാത്ര അന്വേഷിക്കുന്നതും ജലത്തെക്കുറിച്ചാണ്.

ഇക്കഴിഞ്ഞ ജൂലൈ മാസം ഐക്യരാഷ്ട്ര സഭ സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം മനുഷ്യന്‍റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കണക്കുക്കള്‍ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ലോകത്താകമാനം 884 ദശലക്ഷം ജനങ്ങള്‍ക്ക്‌ ശുദ്ധ ജലം ലഭ്യമല്ല. കുടിവെള്ള പ്രശ്നം കാരണം ഒരോ ആഴ്ചയിലും അഞ്ചു വയസ്സിനു താഴെയുള്ള 38,000 കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ട്. ഇങ്ങനെ ഒരു ഭാഗത്ത്‌ മനുഷ്യന്‍ കുടിവെള്ളത്തിനു വേണ്ടി കഷ്ടപ്പെടുമ്പോള്‍ മറുഭാഗത്ത് ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും വേണ്ടി നഷ്ടപെടുത്തുന്ന വെള്ളത്തിനു ഒരു നിയന്ത്രണവുമില്ല. ഭക്ഷ്യവസ്തുക്കള്‍, വസ്ത്ര നിര്‍മാണം, ടെക്നോളജി, വെള്ളക്കുപ്പി നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാകുന്ന വെള്ളത്തിന്‍റെ കണക്ക് (water footprints) ഭീമമാണ്.

കുപ്പിവെള്ളം വളരെ മേന്മയേറിയതെന്ന ധാരണയാണ് പൊതുവേ പലര്‍ക്കും. ഇക്കഴിഞ്ഞ മാസം ഖത്തറില്‍ നിന്നിറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രമായ The Peninsula ഇത് സംബന്ധിച്ച ഒരു വലിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിന്നു. കുപ്പിവെള്ളത്തേക്കാള്‍ നല്ലത് ടാപ്പ് വെള്ളമെന്നായിരുന്നു അതിന്‍റെ കാതല്‍. വെള്ളക്കുപ്പികള്‍ നിര്‍മിക്കാന്‍ വേണ്ടി വരുന്ന ഇന്ധനവും അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഇതിനു പുറമേ. ഇതൊക്കെ കൊണ്ടുതന്നെ ജല സംരക്ഷണാര്‍ പ്രവര്‍ത്തിക്കുന്ന പല സംഘടനകളും കുപ്പിവെള്ളത്തിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്ലാച്ചിമടയില്‍ ശ്രമിച്ചത് പോലെ കുടിവെള്ളം ഊറ്റി കുപ്പിവെള്ളമാക്കുന്ന കുത്തകകള്‍ക്ക് ലാഭമാല്ലാതെ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ ഒരു പ്രശ്നമല്ലല്ലോ.

മറ്റൊരു കൂട്ടര്‍ അനാവശ്യമായി വെള്ളം ഉപയോഗിക്കുന്നവരാണ്. നാം മലയാളികള്‍ ആ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ദിവസവും കുളിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷേ അതിനു ചെലവഴിക്കുന്ന വെള്ളത്തിന്‌ നിയന്ത്രണം വേണം. ആവശ്യങ്ങള്‍ക്കാണെങ്കിലും അമിതവ്യയം മതം പ്രോത്സാഹിപ്പിക്കുന്നില്ല. അംഗസ്നാനം (വുദു) ചെയ്തുകൊണ്ടിരിക്കുന്ന സഅദ് (റ) വിന്‍റെ അടുത്തുകൂടി കടന്നുപോയ പ്രവാചകന്‍ (സ) അദ്ദേഹത്തോട് പറഞ്ഞു. “ സഅദേ നീ അമിതമായി (വെള്ളം) ഉപയോഗിക്കരുത്". ഉടനെ സഅദ് (റ) തിരിച്ചു ചോദിച്ചു "വുദുവില്‍ അമിതവ്യയമോ?” അതിനു തിരുദൂതരുടെ മറുപടി വളരെ ശ്രദ്ധേയമാണ് "തീര്‍ച്ചയായും. നീ ഒരു പുഴക്കരയിലാണെങ്കിലും (വെള്ളം അമിതമായി ഉപയോഗിക്കരുത്)”

വുദു ചെയ്യുന്നതിന് പ്രവാചകന്‍ ഉപയോഗിച്ചിരുന്നതു കേവലം അര ലിറ്റര്‍ വെള്ളമാണ്. കുളിക്കാന്‍ രണ്ടു ലിറ്ററും. നമ്മില്‍ എത്രപേര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയും. നിയന്ത്രണം തുടങ്ങേണ്ടത് വീട്ടില്‍ നിന്നുതന്നെ.

മാലിന്യക്കൂമ്പാരങ്ങള്‍ തള്ളുകവഴി ഇന്ന് നമ്മുടെ പുഴകളും കായലുകളും സമുദ്രങ്ങളും മലിനമായിരിക്കുന്നു. വഴികളിലും വെള്ളക്കെട്ടുകളിലും തണല്‍വൃക്ഷങ്ങല്‍ക്കരികിലും വിസര്‍ജ്ജിക്കുന്നത് ദൈവ കോപത്തിലേക്കും ശാപത്തിലെക്കും വഴിതുറക്കുമെന്നുള്ള പ്രവാചക അധ്യാപനത്തിന്‍റെ അന്ത:സത്ത മനസ്സിലാക്കിയവര്‍ക്ക് ഇത്തരത്തില്‍ ജല ഉറവിടങ്ങള്‍ മലിനമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.


ജലം ദൈവികാനുഗ്രഹങ്ങളില്‍ വളരെ ഏറെ പ്രധാനമാണ്ജലം, മഴ, പുഴ, സമുദ്രം, ഉറവ തുടങ്ങി ജലവുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചും ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്. താഴ്വാരങ്ങളിലൂടെ പുഴകള്‍ ഒഴുക്കുന്ന പൂന്തോപ്പുകളായിട്ടാണ് സ്വര്‍ഗ്ഗത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. തനിക്ക് യഥേഷ്ടം ലഭ്യമാകുന്നതു കൊണ്ട് അതിന്‍റെ വില മനസ്സിലാക്കാതെ അത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. അവരോടു ഖുര്‍ആന്‍ ചോദിക്കുന്നു "നിങ്ങളുടെ ജലം ഭൂമിയില്‍ താഴ്ന്നു പോവുകയാണെങ്കില്‍ ആരാണ് നിങ്ങള്‍ക്കു ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്നുതരിക?”

ഒരു സ്വകാര്യ വ്യക്തിയുടെ കയ്യില്‍ നിന്നും ബിഅര്‍ റൂമ (റൂമ കിണര്‍) വാങ്ങി വിശ്വാസി സമൂഹത്തിനു ദാനമായി സമര്‍പ്പിച്ച ഖലീഫ ഉസ്മാന്‍ (റ) ആകട്ടെ ജലത്തിനു വേണ്ടി യുദ്ധങ്ങള്‍ പ്രവചിക്കപ്പെടുന്ന 21 നൂറ്റാണ്ടിലെ മാതൃകാപുരുഷന്‍.

2010 ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

ബാബരി മസ്ജിദ് കോടതി പറയുന്നത്

അങ്ങനെ ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ബാബറിമസ്ജിദ് - രാമ ജന്മ ഭൂമി തര്‍ക്കം സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിന്‍റെ വിധി പുറത്തുവന്നിരിക്കുന്നു. 120 കോടിയോളം വരുന്ന ഇന്ത്യന്‍ ജനത ശ്വാസമടക്കിപിടിച്ചാണ് ഈ വിധിക്കു വേണ്ടി കാത്തിരുന്നത്. വിധിയെക്കാലേറെ വിധിക്കു ശേഷം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു പലരുടെയും ആശങ്ക. ഏതായാലും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞതു പോലെ 1992-ല്‍ നിന്നു നാട് ഒരു പാടു വളര്‍ന്നിരിക്കുന്നു. വര്‍ഗ്ഗീയതയുടെയും മതഭ്രാന്തിന്റെയും വക്താക്കളെ ജനങ്ങള്‍ വെറുക്കുകയും പുരോഗതിയുടെയും സമാധാനത്തിന്‍റെയും വഴിയിലേക്കു ജനങളുടെ ശ്രദ്ധ തിരിയുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടാവണം വലിയ പ്രശ്നങ്ങളില്ലാതെ വിധി ദിവസം കടന്നു പോയത്.

അംഗീകരിക്കപ്പെട്ട ഒരു ഭരണഘടനയനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ ബോധിച്ചാലും ഇല്ലെങ്കിലും കോടതി വിധി മാനിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനെ നിയമ പരമായ മാര്‍ഗത്തിലൂടെ നേരിടുകയും വേണം. കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു അപരാധമായി കാണേണ്ടതില്ല. കാരണം വിധി പറയുന്നവരും മനുഷ്യരായത് കൊണ്ട് ബാഹ്യമായ ഒരുപാട് ഘടകങ്ങള്‍ വിധിയെ സ്വാധീനിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന പൊതു അഭിപ്രായം, വിധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍,
ന്യായാധിപന്‍റെ വ്യക്തിഗതമായ സമീപനങ്ങള്‍ അങ്ങനെ പലതും. മാധ്യമങ്ങളുടെ കെണിയില്‍ വീണു മുന്‍പ്‌ കേരള ഹൈക്കോടതിയിലെ ഒരു ന്യായാധിപന്‍ ഇല്ലാത്ത ലൌ ജിഹാദിനെക്കുറിച്ചു വല്ലാത്ത ചില നിരീക്ഷണങ്ങള്‍ നടത്തിയതും പിന്നീട് സത്യം ബോധിച്ച മറ്റൊരു ജഡ്ജി അതു ശക്തമായി തിരുത്തിയതും നാം കണ്ടതാണല്ലോ.

പലരും പ്രതികരിച്ചത് പോലെ ഇതു തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിധിക്കപ്പുറം തങ്ങള്‍ക്ക് കൂടുതല്‍ ഉചിതമെന്ന് തോന്നിയ ഒരു ഒത്തു തീര്‍പ്പു ഫോര്‍മുലയാണ്. ജസ്റ്റിസ്‌ അഗര്‍വാളും ജസ്റ്റിസ് ശര്‍മയും പറയുന്നത് അമ്പലം പൊളിച്ചുമാറ്റി പണിതതായതിനാല്‍ മസ്ജിദ് എന്ന പദവിയ്ക്ക് അര്‍ഹമല്ല 1992- ഡിസംബര്‍ 6 നു തകര്‍ക്കപ്പെട്ട കെട്ടിടം അതുകൊണ്ടുതന്നെ അത് വഖ്‌ഫിന്‍റെ പരിധിയില്‍ വരുന്നില്ല അതെന്നുമാണ്. മാത്രമല്ല തകര്‍ക്കപ്പെട്ട മന്ദിരത്തിന്റെ മധ്യഭാഗത്തുള്ള താഴിക ക്കുടത്തിന്റെ താഴെയാണ് ശ്രീരാമന്‍റെ ജന്മസ്ഥലമത്രെ. അതി പുരാതന കാലം മുതല്‍ ഹൈന്ദവര്‍ ഇവിടെ പൂജ നടത്തി വരുന്നതായും ജഡ്ജിമാര്‍ അഭിപ്രായപ്പെടുന്നു. വ്യക്തമായ തെളിവുകല്‍ക്കപ്പുറം ഒരു വിഭാഗത്തിന്‍റെ വിശ്വാസങ്ങളെ അപ്പടി അംഗീകരിക്കുകയാണ് ഇവിടെ കാണുന്നത്.

എന്നാല്‍ ജസ്റ്റിസ് ഖാന്‍റെ നിരീക്ഷണങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാനു. ബാബറോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ കല്പനപ്രകാരം മറ്റാരെങ്കിലുമോ മസ്ജിദ്‌ ആയി നിര്മിച്ചതാണ് തര്‍ക്കതിലുണ്ടായിരുന്ന മന്ദിരം. പള്ളി പണിയുന്നതിനു വേണ്ടി ക്ഷേത്രം തകര്‍ക്കപെട്ടിട്ടില്ല. മറിച്ചു എന്നോ തകര്‍ന്നുപോയ ക്ഷേത്രാവശിഷ്ടങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അതിന്‍റെ ചില ഭാഗങ്ങള്‍ പള്ളി നിര്‍മാണത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. പള്ളി നിര്‍മാണത്തിനും എത്രയോ മുമ്പ് തന്നെ പള്ളിയുടെ സ്ഥാനം കൂടി ഉള്‍കൊള്ളുന്ന വിശാലമായ പ്രദേശത്താണ് രാമജന്മഭൂമിയെന്നു ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ആ സ്ഥലം പിന്നീട് പള്ളി നിര്മിക്കപെട്ട തര്‍ക്ക സ്ഥലം ഉള്‍പ്പെടെ ഏതെങ്കിലും പ്രത്യേക ഏരിയയാണെന്ന വിശ്വാസം ഉണ്ടായിരുന്നില്ല. 1855 ഏറെ മുമ്പ്‌ രാംച്ചബൂത്രിയും സീത റസോയിയും നിലവില്‍ വരികയും ഹിന്ദുക്കള്‍ പൂജ നടത്തുകയും ചെയ്തിരുന്നു. ഒരു കോമ്പൗണ്ടിനുള്ളില്‍ മുസ്‌ലിംകളും ഹിന്ദുക്കളും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്നത് ഒരത്യപൂര്‍വ്വ സംഭവമായി അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തന്നെ മൊത്തം സ്ഥലം രണ്ടുകൂട്ടരുടെയും സംയുക്ത ഉടമസ്ഥാവകാശത്തിലാണെന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. സൗകര്യത്തിനു വേണ്ടി രണ്ടുകൂട്ടരും വ്യത്യസ്ത സ്ഥലങ്ങളാണ് ആരാധനയ്ക്കു വേണ്ടി ഉപയോഗിച്ചെതെങ്കിലും ആ സ്ഥലങ്ങള്‍ പ്രത്യേകമായി തങ്ങളുടെ കൈവശം വന്നതെന്ന് രണ്ടു കൂട്ടര്‍ക്കും തെളിയിക്കാന്‍ കഴിയാത്തത്‌ കൊണ്ട് മുഴുവന്‍ സ്ഥലവും രണ്ടുകൂട്ടരുടെയും അവകാശമാണെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ വിധി പറയുമ്പോള്‍ അദ്ദേഹം പറയുന്നത് മസ്ജിദിന്‍റെ മദ്ധ്യ താഴികക്കുടം നിലനിന്ന ആ ഭാഗം ഉള്‍പ്പെട്ട സ്ഥലം ഹിന്ദുക്കള്‍ക്ക്‌ നല്‍കണമെന്നാണ്. അതിനു കണ്ടെത്തിയ ന്യായം 1949 നു അല്പം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ അതാണ്‌ രാമന്‍റെ ജന്മസ്ഥാനമെന്നു ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു വെന്നാണ്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ ആരാധന നടത്തിവരുന്ന സ്ഥലമാണത് എന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം തമസ്കരിക്കുന്നു. വ്യക്തമായ നിരീക്ഷണങ്ങള്‍ നടത്തിയ ജഡ്ജി പോലും വിധിയില്‍ തെളിവുകള്‍ക്കപ്പുറം സഞ്ചരിക്കുന്നു. മറ്റു ജഡ്ജിമാര്‍ പൂര്‍ണമായും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട സ്ഥലത്ത് ഒരു ഔദാര്യമായിട്ടാണ് മുസ്ലിംകള്‍ക്ക് മൂന്നിലൊന്ന് ഭൂമി നല്‍കണമെന്ന് പറഞ്ഞത്.

ഏതായാലും സുപ്രീംകോടതിയെ സമീപിക്കാന്‍ സുന്നി വഖ്‌ഫ്‌ ബോര്‍ഡ് തീരുമാനിച്ച സ്ഥതിയ്ക്കു ന്യായയുക്തമായ ഒരു തീരുമാനം നമുക്ക് പ്രതീക്ഷിക്കാം.

വിധിക്ക് ശേഷം വന്ന പ്രതികരണങ്ങളില്‍ ഏറ്റവും രസകരമായി തോന്നിയത് രഥമുരുട്ടി വര്‍ഗീയതയുടെ വിത്ത് വിതച്ചു അതില്‍ അധികാരം സ്വപ്നം കണ്ടു നടന്ന അദ്വാനിയുടെ വാക്കുകളാണ്. ക്ഷമയോടെയും പക്വതയോടെയും രാജ്യം വിധി സ്വീകരിച്ചതില്‍ സന്തുഷ്ടനാണത്രെ അദ്ദേഹം. തര്‍ക്കസ്ഥലം മുസ്ലിംകള്‍ക്ക് നല്‍കണമെന്ന് വിധി വന്നിരുന്നുവെങ്കില്‍ ഇതേ പക്വതയോടെ വിധി സ്വീകരിക്കാന്‍ തന്‍റെ അനുയായികള്‍ തയ്യരാവുമായിരോന്നോയെന്നു അദ്ദേഹം ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. എല്ലാ മുസ്ലികളും ഭീകരരല്ലെങ്കിലും ഭീകരരെല്ലാം മുസ്ലികളാണെന്നു സിദ്ധാന്തിക്കുന്ന അദ്വാനി വിധി എതിരായിട്ടും മുസ്‌ലിംകള്‍ കാണിച്ച പക്വത തന്‍റെ അനുയായികള്‍ക്ക് മാതൃകയായി പഠിപ്പിച്ചു കൊടുത്താല്‍ ഇന്ത്യയെന്ന രാഷ്ട്രം സമാധാനപരമായി മുന്നോട്ടു പോവും.